ആപ്പ് മൂന്നാമതും അധികാരത്തിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനതയുടെ ആശങ്കകള്‍ക്ക് അറുതി വരുത്തിയും അധികാരം പിടിച്ചെടുക്കാനുള്ള ബി.ജെ.പിയുടെ മോഹങ്ങള്‍ തകര്‍ത്തെറിഞ്ഞ് കൊണ്ടും ആം ആദ്മി പാര്‍ട്ടി അധികാരത്തിലെക്ക്. തുടര്‍ച്ചയായ മൂന്നാം തവണയും അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി തലസ്ഥാനത്ത് ഭരണത്തിലേറുമെന്ന് ഏതാണ്ട് ഉറപ്പായി. ഏറ്റവും ഒടുവിലത്തെ ഫല സൂചനകള്‍ പ്രകാരം 70 സീറ്റില്‍ 58 സീറ്റിലും ഭരണകക്ഷിയായ ആപ്പ് ആണ് മുമ്പില്‍. 12 ഇടത്ത് ബി.ജെ.പി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് ഒരിടത്തിലും ചിത്രത്തിലേ ഇല്ല. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ബി.ജെ.പിയുടെ എതിര് സ്ഥാനാര്‍ത്ഥി സുനില്‍ യാദവിനേക്കാള്‍ 6339 വോട്ടിന് മുമ്പിലാണ്. 2015ല്‍ ബി.ജെ.പിയുടെ നുപുര്‍ ശര്‍മ്മയെ 31,583 വോട്ടിനാണ് കെജ്രിവാള് പരാജയപ്പെടുത്തിയിരുന്നത്. 2013ല്‍ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനെ കെജ്രിവാള് തോല്‍പ്പിച്ചത് 25000 വോട്ടിനും.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതാപ്ഗഞ്ച് സീറ്റില്‍ പിന്നിലാണ്. ബി.ജെ.പിയുടെ രവീന്ദര്‍ സിങ് നേഗിക്കെതിരെ 1427 വോട്ടുകള്‍ക്കാണ് സിസോദിയ പിന്നില്‍ നില്‍ക്കുന്നത്. സി.എ.എ വിരുദ്ധ പ്രക്ഷോഭം അരങ്ങേറുന്ന ഷാഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്ലയില് ബി.ജെ.പി മുന്നില്‍ നിന്ന ശേഷം പിന്നോട്ടു പോയി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം ഷാഹീന്‍ബാഗിലെ സമരമാണ് ബി.ജെ.പി ഉപയോഗിച്ചിരുന്നത്. രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കനാണ് പ്രതിഷേധക്കാരുടെ ശ്രമം എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചിരുന്നത്. അതിനിടെ, 27 മണ്ഡലങ്ങളില്‍ ആയിരം വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ആം ആദ്മിയുമായി ഉള്ളതെന്നും എന്തും സംഭവിക്കാമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് മനോജ് തിവാരി അവകാശപ്പെട്ടു.
മുന്‍ തെരഞ്ഞെടുപ്പിലെ അത്രയും വോട്ടു വിഹിതം ഇത്തവണയും എ.എ.പി നേടുമെന്നാണ് വിലയിരുത്തല്‍. ഇതുവരെ 53.17 ശതമാനം വോട്ടാണ് അവര്‍ നേടിയിട്ടുള്ളത്. 2015ല്‍ നേടിയത് 54 ശതമാനം വോട്ടും. അതേസമയം, ബി.ജെ.പി വോട്ടു വിഹിതം 32 ശതമാനത്തില്‍ നിന്ന് 39.13 ശതമാനമാക്കി ഉയര്‍ത്തി. അന്തിമ ഫലം വരുമ്പോള്‍ ഇത് 40 ശതമാനത്തിലെത്തുമെന്നാണ് സൂചന. അതേസമയം, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 56 ശതമാനം വോട്ടാണ് ബി.ജെ.പി നേടിയിരുന്നത്. ഒരു സീറ്റില്‍ പോലും ലീഡ് നേടാന്‍ കഴിയാത്ത കോണ്‍ഗ്രസിന്റെ വോട്ടുവിഹിതത്തില്‍ രണ്ടു ശതമാനത്തിന്റെ കുറവുണ്ടായി. 2015ല്‍ 10 ശതമാനം വോട്ടാണ് പാര്‍ട്ടിക്കു കിട്ടിയിരുന്നത്. ഇത്തവണ അത് എട്ടു ശതമാനത്തിനു താഴേക്കു പോകുമെന്നാണ് സൂചന.
0 Comments