മലയാളി യുവാക്കളുടെ മൃതദേഹം ഇന്ന് ദമാമില്‍ ഖബറടക്കി.

റിയാദ്: മലയാളി യുവാക്കളുടെ മൃതദേഹം ഇന്ന് ദമാമില്‍ ഖബറടക്കി. കഴിഞ്ഞ ദിവസം റിയാദിനടുത്ത അല്‍ റെയ്‌നില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശികളുടെ മൃതദേഹങ്ങളാണ് അനന്തര നടപടികള്‍ക്കു ശേഷം തിങ്കളാഴ്ച വൈകീട്ട് ദമാമില്‍ എത്തിച്ചത്. 91 ലെ പള്ളിയില്‍ മയ്യിത്ത് നമസ്‌കാരം നടത്തി. പെരുന്നാള്‍ ആഘോഷങ്ങള്‍ കഴിഞ്ഞു തിരിച്ചു വരുന്നതിനിടെയുണ്ടായ വാഹനാപകടത്തിലാണ് ഇരുവരും മരണപ്പെട്ടത്. ചെമ്മാട് പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് വസീം (30), കോഴിക്കരമാട്ടില്‍ മുബാറക്കിന്റെ മകന്‍ അലി മുഹമ്മദ് മുനീബ് (29) എന്നിവരാണ് പെരുന്നാള്‍ ദിവസം ദമാമില്‍ നിന്ന് അബഹയിലേക്ക് ടൂര്‍ പോയി മടങ്ങിവരുന്നതിനിടെ റിയാദിനടുത്ത അല്‍റെയ്‌നില്‍ വെച്ച് അപകടത്തില്‍ പെട്ടത്. സ്വദേശി പൗരന്‍ ഓടിച്ചിരുന്ന പിക്അപ്പ് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്ന മുനീബും, വസീമും തല്‍ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ട്. കൂടെയുണ്ടായിരുന്ന ഷക്കീല്‍ തയ്യാല പരിക്കുകളോടെ രക്ഷപ്പെട്ടു.
കൂട്ടിയിടിയെ തുടര്‍ന്ന് സഊദി പൗരന്റെ കാറിന് തീപിടിക്കുകയും മരണപ്പെടുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ ചികിത്സയിലാണ്. അല്‍റെയ്‌നില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ഞായറാഴ്ച രാവിലെ ആറുമണിക്കാണ് സംഭവം. ഇറാം ഗ്രൂപ്പിന് കീഴിലുള്ള കാക്കു വേള്‍ഡ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു ഇവര്‍.
റാബിയയാണ് വസീമിന്റെ മാതാവ്. ഭാര്യ: നബീല. അസീം ഏകമകനാണ്. ലൈലയാണ് മുനീബിന്റെ മാതാവ്. ഭാര്യ: ഹസ്‌ന. മക്കള്‍: മുബിന്‍, മുനീര്‍, മബ്‌റൂക്ക്.
0 Comments