അമ്മയ്ക്ക് നടിമാരുടെ കത്ത്; ഉടന്‍ ജനറല്‍ ബോഡി വിളിക്കണം

കൊച്ചി: രാജിവയ്ക്കാതെ തുടരുന്ന ഡബ്ല്യുസിസി അംഗങ്ങള്‍ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് കത്തു നല്‍കി. നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അടിയന്തരമായി അമ്മയുടെ ജനറല്‍ ബോഡി യോഗം വിളിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നില്‍കിയിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അമ്മയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച വേണമെന്നാണ് കത്തിലെ പ്രധാനപ്പെട്ട ആവശ്യം. ആക്രമിക്കപ്പെട്ട നടിക്ക് അമ്മയുടെ ഭാഗത്ത് നിന്ന് എത്രത്തോളം പിന്തുണ ലഭിച്ചു, സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാനാവും തുടങ്ങിയ കാര്യങ്ങളും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
ജൂലൈ 13നോ 14നോ ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ക്കണമെന്നാണ് നടിമാരായ പത്മപ്രിയ, രേവതി, പാര്‍വതി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് നടിമാര്‍ കഴിഞ്ഞ ദിവസം അമ്മയില്‍ നിന്ന് രാജിവച്ചിരുന്നു.
0 Comments