മാർക്കസ് റോജോ രക്ഷകനായി, അർജന്‍റീന നോക്കൗട്ടിൽ, നൈജീരിയ പുറത്ത് (2-1)

മോസ്കോ: ലോകമെമ്പാടുമുള്ള കാൽപ്പന്തുകളി പ്രേമികൾ ഉറ്റുനോക്കിയ മത്സരത്തിൽ നൈജീരിയയെ കീഴടക്കി അർജന്‍റീന പ്രീക്വാർട്ടറിൽ കടന്നു. ഒന്നിനെതിരേ രണ്ടു ഗോൾ നേടിയാണ് നിർണായക മത്സരത്തിൽ അർജന്‍റീനയുടെ വിജയം. 86ാം മിനിറ്റിൽ മാർക്കസ് റോജോയുടെ തകർപ്പൻ ഗോളാണ് അർജന്‍റീനയെ രക്ഷിച്ചത്.
ഇതോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് അർജന്‍റീന, ഇത്തവണത്തെ ലോകകപ്പിന്‍റെ നോക്കൗട്ട് റൗണ്ടിൽ കടന്നത്. ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ ഫ്രാൻസാണ് എതിരാളികൾ. മറ്റൊരു നിർണായക മത്സരത്തിൽ ലോകകപ്പിലെ കന്നിക്കാരായ ഐസ്‌ലൻഡിനെ പരാജയപ്പെടുത്തി ക്രൊയേഷ്യ ഗ്രൂപ്പ്-ഡി ചാംപ്യന്മാരായി.
നേരത്തെ, 51ാം മിനിറ്റിൽ പെനൽറ്റിയിലൂടെ വിക്റ്റർ മോസസാണ് നിർണായക മത്സരത്തിൽ നൈജീരിയയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. ബോക്സിനുള്ളിൽ വച്ച് അർജന്‍റീനിയൻ മധ്യനിര താരം മഷ്റാനൊ വരുത്തിയ പിഴവാണ് പെനൽറ്റിയിലേക്ക് നയിച്ചത്.
ആദ്യ പകുതിയിൽ സൂപ്പർതാരം മെസിയുടെ ഗോളിലാണ് അർജന്‍റീന മുന്നിലെത്തിയത്. നിർണായക മത്സരത്തിന്‍റെ 14ാം മിനിറ്റിൽ മെസി നേടിയ തകർപ്പൻ ഗോളിലാണ് അർജന്‍റീന ലീഡ് നേടിയത്. റഷ്യൻ ലോകകപ്പിൽ മെസി നേടുന്ന ആദ്യ ഗോളാണിത്. എവര്‍ ബനേഗ മൈതാനത്തിന്‍റെ പകുതിയില്‍ നിന്നു നീട്ടി നല്‍കിയ പാസ് നൈജീരിയന്‍ പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഓടിയെടുത്ത് മെസിയുടെ വലതുകാല്‍ ഷോട്ട് വല കുലുക്കുകയായിരുന്നു.
0 Comments