കറുത്ത പക്ഷിയുടെ വെളുത്ത നിഴലുകള്‍
ആരിഫ വടകര,
ദൈവമേ നന്ദി,
നോവുപുസ്തകത്തിലെ
നിശ്ശബ്ദതയില്‍
ഏകാന്തതയുടെ
ഉന്മാദങ്ങളില്‍
കണ്ണീര്‍ ചിരികളെ
കേള്‍പ്പിച്ചവന്റെ ചാരെ
ഇരിപ്പിടമൊരുക്കിയതിന്
വൃശ്ചിക മഞ്ഞിനാല്‍
കുളിര്‍ന്നു വിറയ്ക്കവേ
കമ്പിളി നല്‍കിയവന്‍
മീനവേനലിന്റെ
തീക്കനലില്‍ വെന്തു നീറവേ
കുളിരലയായി മാറിയവന്‍
ഭീതിയുടെ മുള്‍മുനയില്‍
ചിറകുകള്‍ കുരുങ്ങവേ
അതറുത്തു മാറ്റിയവന്‍
യാതനകളാല്‍ ഇരുളാര്‍ന്ന
മേനിയില്‍
ദുര്‍ഗന്ധങ്ങളൊക്കെയും
പേറി
ചുട്ടുപൊള്ളുന്നിടങ്ങളിലേക്ക്
പാദങ്ങള്‍ ദൃഢമാക്കി
ചിരിയിലൂടെ
പകലിനെ സൃഷ്ടിച്ചു
ഇരുളാര്‍ന്ന ഊഴിയില്‍
തൂവെള്ള ഹൃദയവും
പേറി
കിനാപ്പാടങ്ങളില്‍
കനവ് വിളയിച്ചു
ദാഹത്താല്‍
പാരവശ്യങ്ങളിലുഴറുന്നവര്‍ക്ക്
കണ്ണീര്‍ പൊയ്കയൊരുക്കി
നഗരത്തില്‍ നരകം കാണവേ
കൊടുങ്കാറ്റായണച്ചു
പട്ടിണി ശീലിച്ചവന്റെ
തളര്‍ന്നുറക്കത്തില്‍
പാഥേയമായി
ഉടമ്പടികളില്ലാത്ത
കരാറിലേര്‍പ്പെട്ടവന്‍
ഭ്രാന്തനാണിവന്‍
0 Comments