ക്യാമ്പ് ക്രോപ്പറിന്റെ ഇടനാഴികള്‍:പുസ്തക സ്‌നേഹികള്‍ക്ക് ലഭിച്ച ശ്രേഷ്ഠ സമ്മാനം

ഒരു വര്‍ഷം കൊണ്ട് മൂന്നു പതിപ്പ് പിന്നിട്ട, അസിയുടെ ക്യാമ്പ് ക്രോപ്പറിന്റെ ഇടനാഴികള്‍ വായനയുടെ പുതിയ തീരങ്ങളിലേക്കാണ് കൂട്ടിക്കൊണ്ടുപോവുന്നത്. യുദ്ധവും മണ്ണും മനുഷ്യനും വികാരങ്ങളും കഥാപാത്രമാവുന്ന പുതിയ ആഖ്യാന രീതി വായനയെ ഹൃദ്യമാക്കുന്നു.

: ലസിത സംഗീത് അബുദാബി :

കഴിഞ്ഞ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ട പുസ്തകമാണ്’ക്യാമ്പ് ക്രോപ്പറിന്റെ ഇടനാഴികള്‍’ അബുദാബിയില്‍ നിന്ന് ക്യാമ്പ് ക്രോപ്പര്‍ അന്വേഷിച്ചെത്തിയ എന്നെ പോലെ,യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്ന് ആ പുസ്തകം അന്വേഷിച്ചെത്തിയ വളരെയധികം പുസ്തക സ്‌നേഹികളെ കൈരളി ബുക്സ്റ്റാളില്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. പുസ്തകത്തെ കുറിച്ച് കേട്ടറിഞ്ഞത് യാഥാര്‍ത്ഥ്യമാക്കുന്ന വിധം വളരെ വേറിട്ട വായനാനുഭവമാണ് ഈ പുസ്തകം വായനക്കാര്‍ക്ക് സമ്മാനിക്കുന്നത്.
സാധാരണയായി ഗൃഹാതുരതയും, പ്രണയവും, പ്രണയ നൊമ്പരവും, ഭൂതകാലത്തിലെ ഓര്‍മകളും, പ്രവാസ ജീവിതവും ഒക്കെയാണ് പല പുസ്തകങ്ങളുടെയും അകക്കാമ്പില്‍ നമ്മള്‍ കാണാറ്.അതില്‍ നിന്നൊക്കെ വ്യത്യസ്തമായി, വേറെ ഒരു ലോകമാണ് ക്യാമ്പ് ക്രോപ്പറിന്റെ ഇടനാഴികള്‍ വായനക്കാരന്റെ മുന്നില്‍ തുറന്നിടുന്നത്. യുദ്ധഭൂമിയിലാണോ നില്‍ക്കുന്നതെന്ന് പുസ്തകവായനക്കിടയില്‍ തോന്നിയേക്കാം.വായനയില്‍ മുഴുകുമ്പോള്‍ ഹെലികോപ്റ്ററുകളുടെ ശബ്ദം പുറത്തു നിന്നും കേള്‍ക്കുന്നത് പോലെ തോന്നുകയും കര്‍ട്ടന്‍ മാറ്റി പുറത്തേക്ക് നോക്കാന്‍ തോന്നുന്ന വിധം ലളിതവും ശക്തവുമായ ഭാഷയിലൂടെ നോവലിസ്റ്റ് ഒരു ഹിപ്‌നോട്ടിസ്റ്റിന്റെ ചാതുര്യത്തോടെ നമ്മളെ ഇറാഖ് യുദ്ധഭൂമിയില്‍ എത്തിക്കുകയാണ് ചെയ്തിരിക്കുന്നത്.
പൊതുവെ വളരെ സാവധാനം,കുറെ സമയമെടുത്താണ് ഓരോ പുസ്തകവും ഞാന്‍ വായിച്ച് തീര്‍ക്കാറുള്ളത്.പക്ഷെ, ഈ പുസ്തകം വായിച്ച് തുടങ്ങിയപ്പോള്‍, ആക്രിക്കച്ചവടത്തിന്റെ ഭാഗ്യം തേടിപ്പോയ മൂന്ന് മലയാളികള്‍ (ബിജു,സലീം, ദാസന്‍) എന്റെ ഉറക്കം കെടുത്തി.ഒരു മലയാളിക്ക് സ്വന്തം നാട്ടുകാരനോട് തോന്നുന്ന അടുപ്പം മനസ്സിന്റെ ആധി കൂട്ടി.അവര്‍ക്ക് അപകടം സംഭവിക്കുമോയെന്ന് ചോദിച്ച മനസ്സിന് ഉത്തരം നല്‍കാന്‍ കഴിയാതെ, ഉറങ്ങാന്‍ കഴിയില്ലയെന്ന അവസ്ഥ വന്നു.അങ്ങനെ വളരെ പെട്ടെന്നാണ് ഞാന്‍ ക്യാമ്പ് ക്രോപ്പറിന്റെ ഇടനാഴികള്‍ വായിച്ചുതീര്‍ത്തത്.ഇത്തരത്തില്‍ ഇതിനു മുന്‍പ് ഒരു പുസ്തകം മാത്രമേ വായിച്ചു തീര്തിട്ടുള്ളൂ.അത് ബെന്യാമിന്റെ ആട് ജീവിതം എന്ന നോവലാണ്.

നോവല്‍ തുടങ്ങുന്നത് ആക്രിക്കച്ചവടത്തിനു ഇറാഖിലേക്ക് പോവുന്ന മൂന്ന് മലയാളികള്‍ നേരിടേണ്ടി വരുന്ന സംഘര്‍ഷ ഭരിതമായ രംഗത്തോടെയാണ്.അപ്പാച്ചെ ഹെലികോപ്റ്ററില്‍ ഘടിപ്പിച്ചിരുന്ന മെഷീന്‍ ഗണ്‍ അവരോടിച്ചിരുന്ന ട്രക്കിന് നേരെ വരികയും ഹെലികോപ്റ്റര്‍ ട്രക്കിന് മുകളില്‍ താഴ്ന്നു പറക്കുകയും ചെയ്യുമ്പോള്‍,അവരുടെ ഹൃദയമിടിപ്പിന്റെ ശബ്ദത്തിനൊപ്പം വായനക്കാരന്റെ ഹൃദയമിടിപ്പും ഉയരുന്നു.പിന്നീട് അമേരിക്കന്‍ അധിനിവേശത്തിനു കീഴിലുള്ള ഇറാഖിലൂടെയുള്ള ഒരു യാത്രയാണ്.ജീവനും കയ്യില്‍ പിടിച്ചു സലീമിനും ദാസനും ബിജുവിനുമൊപ്പം നമ്മളും.ട്രാക്കിന് മുകളില്‍ പാറിക്കളികുന്ന അമേരിക്കന്‍ പതാക കൊടുത്ത ആശ്വാസത്തണലിനെ കുറിച്ച് കഥാകാരന്‍ വിവരിക്കുമ്പോള്‍ അവര്‍ സുരക്ഷിതരെന്ന തോന്നല്‍ ആശ്വാസമേകുന്നുണ്ടെങ്കിലും .തലേന്ന് ചെക്ക് പോസ്റ്റില്‍ ഉണ്ടായ സംഭവങ്ങള്‍ യാത്രയിലുടെ നീളം വേട്ടയാടുന്നു.
ബിജുവും സംഘവും ഒരു ഇറാക്കി ചെക്ക് പോസ്റ്റില്‍ ക്യുവില്‍ നില്‍ക്കുകയാണ് അപ്പോഴാണ് അവരെ കടന്നു പോകുന്ന അഭയാര്‍ഥികള്‍ക്കിടയില്‍ യുദ്ധം കാരണം പട്ടിണിക്കോലങ്ങളായ ഒരു ഇറാഖി ബാലികയെയും അമ്മയെയും കാണുന്നത്,സലിം കഴിക്കുന്ന ആപ്പിള്‍ കണ്ട് അതിനു വേണ്ടി ശാഠ്യം പിടിച്ച് കരയുന്ന ഇറാഖി ബാലിക.അവളെ ശകാരിച്ച് പിടിച്ചു വലിച്ചുകൊണ്ട് പോവുന്ന അമ്മയുടെ ദൈന്യത,നമ്മുടെ കണ്ണില്‍ നനവുണ്ടാക്കുന്നു,വിഷമം തോന്നി ദാസന്‍, ആ ബാലികയ്ക്ക് ആപ്പിളും ബ്രെഡും ജ്യൂസും സമ്മാനിക്കുന്നു,പക്ഷേ, പെട്ടെന്നുതന്നെ ആ സ്ഥലം യുദ്ധമുഖം പോലെയാവുകയും, ഒരു പ്രത്യേക സാഹചര്യത്തില്‍, ബാലികയും അമ്മയും ഹെലികോപ്റ്ററിലെ ഗണ്ണിന് ഇരയാവുകയും ചെയ്തു. ദാസന് ഹൃദയം നിലച്ചു പോകുന്നതുപോലെ തോന്നുന്ന ഒരു ദൃശ്യത്തെക്കുറിച്ചാണ് പിന്നീട് വിവരിച്ചിരിക്കുന്നത്.അവര്‍ സഞ്ചരിച്ചിരുന്ന ട്രക്കിലേക്ക് കേറാന്‍ തുടങ്ങുമ്പോള്‍, ബാലികയുടെയും അമ്മയുടെയും ശവ ശരീരം കൊണ്ടുവരുന്ന പട്ടാളക്കാരെ കണ്ടു..ബാലികയുടെ മുഖത്ത് വെളുത്ത ഒരു സാധനം കാണുകയും അത് താന്‍ കുറച്ചുമുമ്പ് കൊടുത്ത ആപ്പിളാണെന്ന് മനസ്സിലാക്കുകയും ചെയ്ത ദാസന്‍,വായനക്കാരനെയും അവരറിയാതെ കരയിക്കുന്നു.കണ്ണുകള്‍ മുറുക്കിയടച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍ പലപ്പോഴും ബാലികയും അമ്മയും എന്നെത്തേടിയെത്തി.ഞാനെന്നല്ല, ആദൃശ്യം മനസ്സിലേക്ക് ആവാഹിക്കുന്ന ഏതൊരു വായനക്കാരനും അവരെ പെട്ടെന്ന് മറക്കാന്‍ കഴിയില്ല. ഒരു യുദ്ധം നിഷ്‌കളങ്കരായ ജനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് വളരെ മനോഹരമായി പറയാന്‍ അസിക്ക് കഴിഞ്ഞുവെന്നത് എടുത്ത് പറയേണ്ടത് തന്നെ.
സംഘര്‍ഷ രംഗങ്ങള്‍ നിറഞ്ഞ യാത്രയ്‌ക്കൊടുവില്‍ അവര്‍ ക്യാമ്പ് ക്രോപ്പറില്‍ എത്തുകയും രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ട് അവിടെ നിന്ന് രക്ഷപ്പെടാമെന്നു കരുതുകയും ചെയ്യുന്നു.ആക്രിക്കച്ചവടം മാത്രമായിരുന്നു ദാസന്റെയും സലീമിന്റെയും ലക്ഷ്യമെങ്കില്‍ ബിജുവിന്റെ ലക്ഷ്യം വേറൊന്നായിരുന്നു.വലിയൊരു ഗൂഢലക്ഷ്യവുമായാണ് ബിജു ഇറാഖില്‍ കാലുകുത്തിയത് തന്നെ..ആ ലക്ഷ്യം നടത്തി പെട്ടെന്നുതന്നെ ക്യാമ്പ് ക്രോപ്പറില്‍ നിന്ന് പുറത്തുകടക്കാമെന്ന കണക്കുകൂട്ടല്‍ തെറ്റുന്നത് ക്യാമ്പ് ക്രോപ്പറിലെ രഹസ്യ തടവുകാരനായി സദ്ദാം ഹുസ്സൈ ന്‍ എത്തുന്നതോടെയാണ് .. അമേരിക്കയുമായി രണ്ടു യുദ്ധങ്ങള്‍ ചെയ്ത,ഇറാഖ് മുപ്പതു വര്‍ഷത്തോളം ഭരിച്ച സദ്ദാമെന്ന വി, ഐ. പി തടവുകാരനെ അതീവ രഹസ്യമായി താമസിപ്പിക്കുവാനുള്ള സംവിധാനങ്ങള്‍ അമേരിക്കന്‍ സൈന്യം ക്യാമ്പ് ക്രോപ്പറി ല്‍ ഒരുക്കുന്നതോട് കൂടി, ചില പ്രത്യേക സാഹചര്യങ്ങളാല്‍ ബിജുവിനും സംഘത്തിനും ക്യാമ്പില്‍ നിന്നും പുറത്ത് കടക്കാനാകാതെ വരുന്നു.ക്യാമ്പ് ക്രോപ്പറില്‍ അവര്‍ കാണുന്ന ഭീകരരംഗങ്ങള്‍..സദ്ദാമിന്റെ നിയമ പോരാട്ടങ്ങ ള്‍…കഴുമാരത്തിലെക്കുള്ള യാത്ര ഇവ എല്ലാം വളരെ വിശദമായി തന്നെ അസി വിവരിച്ചിട്ടുണ്ട്..ആ മൂന്ന് പേരിലൂടെ,ഇറാഖിലെ ഏറ്റവും സുരക്ഷയുള്ള ക്യാമ്പ് ആയ ക്യാമ്പ് ക്രോപ്പറിന്റെ ഓരോ മുക്കിലും മൂലയിലും നമ്മെയെത്തിക്കാന്‍ അസിക്ക് കഴിഞ്ഞു.ഒരിക്കല്‍ പോലും നേരിട്ട് കാണാത്ത ക്യാമ്പ് ക്രോപ്പറിനെ വളരെ വിശദമായും സൂക്ഷ്മതയോടും വിവരിക്കാന്‍ അസിക്ക് എങ്ങനെ കഴിഞ്ഞുവെന്നതില്‍ അത്ഭുതം തോന്നുന്നു,നോവലിസ്റ്റിന്റെ എട്ടു വര്‍ഷത്തോളം നീണ്ട ഗവേഷണത്തെ കുറിച്ച് അറിഞ്ഞപ്പോഴാണ് ഈ അത്ഭുതം വഴി മാറിയത്.

വായന പുരോഗമിക്കുന്തോറും സദ്ദാമെന്ന വലിയ മനുഷ്യന്റെ ചിത്രം മനസ്സില്‍ പതിഞ്ഞു.നമ്മുടെ മനസ്സില്‍ വാര്‍ത്തകള്‍ വരച്ചുവെച്ച സദ്ദാമിന്റെ ചിത്രം,ക്യാമ്പ് ക്രോപ്പര്‍ വായിച്ച് കഴിയുമ്പോള്‍ പാടെ മാറുന്നു.സദ്ദാമെന്ന ധീരന്റെ യഥാര്‍ത്ഥ ചിത്രം എത്ര മനോഹരമായാണ് അസി വരച്ചിരിക്കുന്നത് ഈ നോവലിലൂടെ. എട്ടു വര്‍ഷത്തില്‍ കൂടുതലെടുത്തു ഈ നോവല്‍ പൂര്‍ത്തിയാക്കാനെന്ന് അസി പറയുന്നുണ്ട് .ആ പരിശ്രമം ഒട്ടും പാഴായിട്ടില്ല കഥാകാരന്റെ മികവ് വായനയിലുടനീളം നമുക്ക് അനുഭവിച്ചറിയാന്‍ കഴിയുന്നുണ്ട്.

എല്ലാത്തിനുമുപരി,സദ്ദാമെന്ന മനുഷ്യനെക്കുറിച്ച് ഞാന്‍ മനസ്സില്‍ വരച്ചിട്ട ചിത്രം വായനയ്‌ക്കൊടുവില്‍ എനിക്ക് മായ്ച്ച് കളയേണ്ടി വന്നു.അവിടെയാണ് അസിയെന്ന കഥാകാരന്റെ മിടുക്ക് ഞാന്‍ മനസ്സിലാക്കിയത്.ഏകാധിപതിയായ ഭരണാധികാരിയെന്ന് സദ്ദാമിനെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ചങ്കൂറ്റവും രാജ്യസ്‌നേഹവും ഈ നോവലിലൂടെ നമുക്ക് വ്യക്തമാവുന്നു.അദ്ദേഹത്തിനുവേണ്ടി ജീവന്‍ ബലി കഴിക്കാന്‍ വരെ സന്നദ്ധരായ ജനങ്ങള്‍ ആ ഭരണാധികാരിയുടെ മഹത്വം വിളിച്ചു പറയുന്നു. വായനയുടെ തുടക്കത്തില്‍ ഇറാഖി ജനതയെയും സദ്ദാമിനെയും കൂടുതല്‍ പിന്താങ്ങിക്കൊണ്ടാണോ നോവല്‍ നീങ്ങുന്നതെന്ന് തോന്നിയിരുന്നു, പക്ഷേ വായനയ്‌ക്കൊടുവില്‍, വളരെ നിഷ് പക്ഷമായിട്ടാണ് ഇരു രാജ്യങ്ങളെക്കുറിച്ചും അസി എഴുതിയിരിക്കുന്നതെന്ന് മനസ്സിലാക്കി.
വളരെ വ്യക്തതയോടെയും വിശദമായും ക്യാമ്പ് ക്രോപ്പറിനെപ്പറ്റിയും ആ യുദ്ധത്തെക്കുറിച്ചും അതിനോടനുബന്ധിച്ച കാര്യങ്ങളെക്കുറിച്ചും പഠിച്ച എഴുത്തുകാരന്റെ വൈദഗ്ധ്യം നോവലിലുടനീളം പ്രകടമാണ്..ഒരു വടക്കന്‍ വീരഗാഥയിലൂടെ ചന്തു ചതിയനല്ലെന്ന് എം.ടിയ്ക്ക് സ്ഥാപിക്കാന്‍ കഴിഞ്ഞതു പോലെ സദ്ദാമിനെ കുറിച്ച് നമ്മുടെ മനസിലുള്ള ചിത്രം മായ്ച്ച് കളയാന്‍ അസിയ്ക്ക് കഴിഞ്ഞു.. children are like wet cement എന്ന് അബ്ദുള്‍ കലാം പറഞ്ഞിട്ടുണ്ട്,ഒരു കുട്ടിയുടെ ജീവിത സാഹചര്യങ്ങളാണ് അവനെ വാര്‍ത്തെടുക്കുന്നത്.കുട്ടിക്കാലത്തും കൗമാരാവസ്ഥയിലും നേരിടേണ്ടി വന്ന സാഹചര്യങ്ങളാണ് സദ്ദാമിന് ഏകാധിപതിയായ ഭരണാധികാരിയെന്ന പേര് നേടിക്കൊടുത്തത്.ആ സാഹചര്യങ്ങളെ കുറിച്ചൊക്കെ വളരെ വിശദമായ് തന്നെ അസി വിവരിച്ചിട്ടുണ്ട്..

……അസി……………….
പുസ്തക സ്‌നേഹികള്‍ക്ക് ലഭിച്ച ശ്രേഷ്ഠമായ ഒരു പുസ്തകമാണ് ക്യാമ്പ് ക്രോപ്പറിന്റെ ഇടനാഴികള്‍.ഇങ്ങനെയൊരു പുസ്തകം വന്നില്ലായിരുന്നുവെങ്കില്‍ ഒരിക്കലും സദ്ദാമെന്ന മനുഷ്യന്റെ യഥാര്‍ത്ഥ മുഖം നമ്മള്‍ കാണില്ലായിരുന്നു.മറുഭാഷകളിലേക്കോ ഇംഗ്ലീഷിലേക്കോ ഈ പുസ്തകം വിവര്‍ത്തനം ചെയ്യപ്പെട്ടെങ്കില്‍ എന്ന് ആശിച്ചുപോവുന്നു.കാരണം,എന്റെ വായനയ്ക്കിടയില്‍ അടുത്ത ഫ്‌ലാറ്റില്‍ താമസിക്കുന്ന ഒരു ഹിന്ദിക്കാരി സുഹൃത്ത് ഞങ്ങളുടെ ഫ്‌ലാറ്റില്‍ വന്നിരുന്നു.സദ്ദാമിന്റെ മുഖചിത്രം കണ്ട്, അതെടുത്ത് മറിച്ച് നോക്കുകയും എന്നോട് ഉള്ളടക്കം ചോദിക്കുകയും ചെയ്തു.എനിക്ക് പറ്റാവുന്ന പോലെയൊക്കെ വിവരിച്ച് കൊടുത്തെങ്കിലും അവള്‍ തൃപ്തയായെന്ന് തോന്നിയില്ല.ഇംഗ്ലീഷ് കോപ്പി ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ പെട്ടെന്ന് തന്നെ ഇറങ്ങുമെന്ന് പറഞ്ഞു.ഞാന്‍ ഇംഗ്ലീഷില്‍ നിപുണയല്ല ആയിരുന്നെങ്കില്‍ ഞാന്‍ ഒരു കൈ നോക്കിയേനെ.ഇംഗ്ലീഷ് കോപ്പി പുറത്തിറങ്ങുമെന്നും, പുസ്തക സ്‌നേഹികളായ മറ്റ് ഭാഷക്കാര്‍ക്കും ക്യാമ്പ് ക്രോപ്പറിന്റെ ഇടനാഴികള്‍ വായിക്കാന്‍ കഴിയുമെന്നും തന്നെ ഞാന്‍ വിശ്വസിക്കുന്നു.

എട്ടു വര്‍ഷത്തെ ദീര്‍ഘമായ പരിശ്രമത്തിനൊടുവില്‍, വളരെ നല്ലയൊരു നോവല്‍ മലയാളികള്‍ക്ക് സമ്മാനിച്ച എഴുത്തുകാരന് അഭിനന്ദനങള്‍.ഒരു യുദ്ധത്തെയും അതിനോടനുബന്ധിച്ച കാര്യങ്ങളെയും നോവല്‍ രൂപത്തിലാക്കുക വളരെ ശ്രമകരം തന്നെ. ഓരോ ചെറിയ സംഭവങ്ങള്‍ പോലും തനതായ ശൈലിയില്‍ ആവിഷ്‌കരിച്ച് വായനക്കാരനിലേക്ക് എത്തിക്കാന്‍ അസിക്ക് കഴിഞ്ഞിട്ടുണ്ട് .

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar