അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി.

ദുബൈ: ചെക്ക് കേസില്‍ അറസ്റ്റിലായി മൂന്നു വര്‍ഷമായി ദുബൈ ജയിലിലായിരുന്ന അറ്റ്‌ലസ് ഗ്രൂപ് ചെയര്‍മാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ (77) മോചിതനായി. യു.എ.ഇയിലെ വിവിധ ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാതെ കബളിപ്പിച്ചെന്ന കേസില്‍ 2015 ഓഗസ്റ്റ് 23നാണ് രാമചന്ദ്രന്‍ അറസ്റ്റിലായത്. 24 ബാങ്കുകളാണ് രാമചന്ദ്രനെതിരെ കേസ് കൊടുത്തിരുന്നത്. ഈ ബാങ്കുകളില്‍ മിക്കവയുമായും ധാരണയിലായതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞതെന്ന് അഭിഭാഷകര്‍ ‘ചന്ദ്രിക’യോട് പറഞ്ഞു. യു.എ.ഇയിലെ നിയമമനുസരിച്ച് ക്രിമിനല്‍ കേസുകളില്‍ മാപ്പ് കൊടുക്കാന്‍ സാധിക്കും. 74 വയസ് പിന്നിട്ടതിനാല്‍ ജയില്‍ മോചനത്തിന് ആനുകൂല്യവുമുണ്ട്. ജയിലില്‍ നിന്ന് മോചനം ലഭിച്ചാല്‍ യുഎഇയില്‍ നിന്ന് പുറത്തു പോകാതെ തന്നെ സിവില്‍ കേസ് നടത്താന്‍ പറ്റും. രാമചന്ദ്രന് യുഎഇക്ക് പുറത്ത് പോകാന്‍ അനുവാദമില്ല. ഇതുസംബന്ധിച്ച വ്യവസ്ഥകളും ചട്ടങ്ങളും അദ്ദേഹം പാലിക്കേണ്ടതുണ്ട്. ബാങ്കിന് നല്‍കിയ 3.4 കോടി ദിര്‍ഹമിന്റെ ചെക്കുകള്‍ മടങ്ങിയ കേസില്‍ അറസ്റ്റിലായ വര്‍ഷം തന്നെ കോടതി അദ്ദേഹത്തെ മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.മോചനത്തിനു വഴി തെളിച്ച ഒത്തുതീര്‍പ്പു വ്യവസ്ഥകളെക്കുറിച്ചുള്ള വിവരം അറിവായിട്ടില്ല. അദ്ദേഹം ഇപ്പോള്‍ എവിടെയാണുള്ളതെന്നും അറിയില്ല. ഒരു സ്വകാര്യ ചാനലിന് അഭിമുഖം നല്‍കിയെങ്കിലും മറ്റു മാധ്യമങ്ങളെ കാണാന്‍ തയാറായിട്ടില്ല. ജയിലില്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന രാമചന്ദ്രന്റെ പേരിലുള്ള സാമ്പത്തിക കുറ്റകൃത്യ കേസ് ഒത്തുതീര്‍ത്ത് അദ്ദേഹത്തെ മോചിപ്പിക്കാന്‍ കുടുംബം ഏറെ പരിശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.
അഞ്ചു കോടി ദിര്‍ഹമിന്റെ ചെക്കുകള്‍ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളാണ് ദുബൈയിലുണ്ടായിരുന്നത്. യുഎഇ ബാങ്കുകള്‍ക്ക് പുറമെ, ദുബൈയില്‍ ശാഖയുള്ള ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും വായ്പ എടുത്തിരുന്നു. ഈ പണം ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലും മറ്റും നിക്ഷേപത്തിന് വക മാറ്റിയതാണ് പ്രശ്‌നമായതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ബാങ്കുകള്‍ രാമചന്ദ്രനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന്, 15 ബാങ്കുകളുടെയും അധികൃതര്‍ യോഗം ചേര്‍ന്ന്, യുഎഇ സെന്‍ട്രല്‍ ബാങ്കിനെ സമീപിക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നും ഒരു നാള്‍ പുറത്തു വരാനാകുമെന്ന് ദൃഢമായി വിശ്വസിച്ചിരുന്നുവെന്നും മോചനശേഷം നല്‍കിയ അഭിമുഖ ത്തില്‍ അദ്ദേഹം പറയുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar