ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പ്രളയമേകിയ പ്രതീക്ഷകള്‍ !!

||……….. ആതിര അവന്തിക…. ||
                           സ്വാതന്ത്ര്യ ദിനത്തിന്റെയന്നു രാവിലേ കേട്ടൂ, വീമാനത്താവളത്തില്‍ വെള്ളം കയറി, അതിനാല്‍ ഇനി ശനിയാഴ്ച്ചയെ തുറക്കൂ എന്ന്. തലേന്നാള്‍ മുതല്‍ മഴയും ഡാമും ഒക്കെ പലരെയും ബുദ്ധിമുട്ടിച്ചു തുടങ്ങി എന്ന് കേൾക്കുന്നുണ്ടായിരുന്നു എങ്കിലും, കാര്യങ്ങള്‍ കൈവിട്ടു പോകുന്ന തരത്തില്‍ ആകുന്നു എന്നത് അടുത്ത ഏതാനും മണിക്കൂറുകളില്‍ മാത്രമാണ് വ്യക്തമായത്. പ്രളയം വലിയ രീതിയില്‍ തന്നെ പ്രഹരമേല്പ്പിച്ച നോർത്ത്  പറവൂര്‍ എന്ന സ്ഥലത്തെ വീട്ടില്‍ ഇരുന്ന് എനിക്ക് കണ്ടു നിൽക്കുവാനെ കഴിയുമായിരുന്നുള്ളു എന്റെ ചുറ്റും സംഭവിച്ച കാര്യങ്ങള്‍. എന്റെ വീടിനു ബുദ്ധിമുട്ടുകള്‍ ഇല്ലായിരുന്നു എങ്കിലും ആ നാട്ടില്‍ അങ്ങോളമിങ്ങോളം നടന്ന അപകടങ്ങള്‍ ഭയാനകമായിരുന്നു.
                       പറയാതെ വയ്യാ, കേരളത്തെ ഞാന്‍ ഇനി ദൈവത്തിന്റെ സ്വന്തം നാട് എന്നു മാത്രം വിളിക്കുവാന്‍ ഇഷ്ടപ്പെടുന്നു. എന്തെന്നാല്‍, ദൈവതുല്യരായ അനേകായിരം മനുഷ്യര്‍ നമ്മുടെ മലയാള നാട്ടില്‍ ഉണ്ടെന്നത് ഞാന്‍ പല അവസരങ്ങളിലും കണ്ടു..
എടുത്തുപറയുവാന്‍ ഒരുങ്ങിയാല്‍, ഞാന്‍ പരാചയപ്പെട്ടു പോകുമെന്ന പൂർണ്ണബോധ്യമുണ്ട്.. എന്നാലും മനസ്സില്‍ തെളിഞ്ഞു നിൽക്കുന്ന ചില നന്മ മുഖങ്ങള്‍ നമുക്ക് ഓരോ പേർക്കും  തരുന്ന പ്രതീക്ഷകള്‍ വളരേ വലുതാണ്‌.
                ദരിദ്രനെന്നോ,കുബേരനെന്നോ വേർതിരിവില്ലാതെ പ്രളയം എല്ലാവരെയും ഒരേപോലെ വിഴുങ്ങുവാന്‍ നിന്നപ്പോള്‍ കൈത്താങ്ങായി നിന്ന നമ്മള്‍ മലയാളികള്‍ അവിടെ ജാതിയോ മതമോ കുടുംബമഹിമയോ ഒന്നും തന്നെ നോക്കിയില്ലാ.. നീന്തിയും പിടിവള്ളിയെറിഞ്ഞും ഓരോരുത്തരും തങ്ങളുടെ കൂടപ്പിറപ്പുകളെ കരയ്ക്കടിപ്പിക്കുവാന്‍ പരിശ്രമിച്ചുകൊണ്ടെയിരുന്നു. ഓരോ നാട്ടിലും, മണിക്കൂറുകൾക്കുള്ളില്‍ നാട്ടുകാര്‍ അതിനായി രൂപം കൊടുത്ത റെസ്ക്യൂ ടീമുകള്‍ ഈ ലോകത്തിനു തന്നെ ഒരു മാതൃക കാണിക്കുകയായിരുന്നു, ഒറ്റക്കെട്ടായി കേരളീയര്‍ ഏതു മഹാമാരിയെയും തോല്പ്പിക്കുമെന്ന്. അവരുടെയാരുടെയും പേരോ നാടോ ഞാന്‍ എടുത്തു പറയുന്നില്ല. എന്നാല്‍ വിരൽത്തുമ്പില്‍ ലഭിച്ച അവരുടെ ഓരോരുത്തരുടെയും പേരുകളും നമ്പറും പലർക്കും  ജീവിതത്തിലേക്കുള്ള പിടിവള്ളി ആയിരുന്നു.
                     “നീയിങ്ങനെ ഫേസബുക്കില്‍ കുത്തിയിരുന്നോ” എന്നു പറഞ്ഞവര്‍ പോലും ഇനി അംഗീകരിച്ചേ മതിയാവൂ.. ലക്ഷക്കണക്കിനാളുകള്‍ ലോകത്തിന്റെ‍ നാനാഭാഗത്തും അങ്ങിനെയിരുന്നു കുത്തിയത് കൊണ്ടാണ് വളരേ വലിയ തോതില്‍ ഈ ദുരന്തത്തില്‍ ഉണ്ടയെക്കാമായിരുന്ന മരണ നിരക്ക് കുറഞ്ഞത് എന്നത്. കുടുങ്ങി കിടന്നവരെയും സഹായം ആവശ്യമുള്ളവരെയും കൃത്യമായി ട്രാക്ക് ചെയ്യുവാന്‍ രൂപീകരിച്ച IT വിങ്ങുകള്‍ തൊട്ട്, വിവരങ്ങള്‍ പാസ്‌ ചെയ്യുവാന്‍ പലർക്കും  മെസ്സേജുകൾ ഷെയര്‍ ചെയ്തുകൊണ്ടിരുന്ന ഓരോ ആളുകളും ഈ ഉദ്ധ്യമത്തില്‍ വഹിച്ച പങ്ക് ചെറുതല്ല.
                           ചെറുപ്പക്കാരുടെയടക്കം ഒരു പട തന്നെയാണ് റിലീഫ് ക്യാമ്പുകളില്‍ യഥാർത്ഥത്തില്‍ ജനങ്ങൾക്ക് റിലീഫിനായി ഓടി നടന്നത്. കയ്യും മെയ്യും മറന്ന് അവര്‍ രാപ്പകലില്ലാതെ അധ്വാനിച്ചത്, ജീവിതത്തില്‍ അവര്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, കാണുവാന്‍ ഇടയില്ലാത്ത ഒരുപാട് മനുഷ്യർക്ക് ‌ വേണ്ടി ആയിരുന്നു. ഭക്ഷണം തൊട്ടു അടിവസ്ത്രങ്ങൾക്ക് വരെ ക്യാമ്പുകളില്‍ പ്രയാസം നേരിട്ടില്ല എന്നതില്‍ ആരോടൊക്കെ ആണ് നമ്മള്‍ നന്ദി പറയുക. ഓരോ രൂപാ ഇതിനായി മാറ്റിവച്ച മനസ്സുകൾക്ക്  തൊട്ടു ലാഭേച്ഛകൂടാതെ ഈ അവശ്യവസ്തുക്കള്‍ ഒക്കെയും അർഹതപ്പെട്ടവരിലേക്ക് എത്തിക്കുവാന്‍ പ്രയത്നിച്ച ഓരോ ആളുകളും നമുക്ക് പ്രതീക്ഷയാണ്. ഈ നാട്ടില്‍ നന്മ വറ്റിയിട്ടില്ല എന്ന പ്രതീക്ഷ.
                                           അപകടത്തില്‍ പെട്ട ഓരോ ജീവനും രക്ഷിക്കുവാനായി വന്ന നമ്മുടെ ആർമി – നേവി രക്ഷാസേനയോടോപ്പമോ, ഒരു പടി അധികമോ സല്യൂട്ട് അർഹിക്കുന്നുണ്ട്, കേരളം ഈയൊരവസരത്തില്‍ മാത്രം ഇത്രമേല്‍ ശ്രദ്ധിച്ച മത്സ്യതൊഴിലാളികള്‍. ബോട്ടുമെടുത്ത് അവര്‍ ഇറങ്ങിയത് നാളെ ലഭിച്ചേക്കാവുന്ന അംഗീകാരങ്ങള്‍ പ്രതീക്ഷിച്ചല്ല. “മത്സ്യത്തൊഴിലാളികള്‍” എന്നതിനപ്പുറം നമ്മളില്‍ ഭൂരിഭാഗം പേർക്കും  അവര്‍ ഓരോരുത്തരുടെയും പേരോ മുഖമോ ഇനിയും പരിചയമുണ്ടാകില്ല. ഇനിയും സാധാരണക്കാരായിതന്നെ തുടരുന്ന അവരെ നാളെ ഒരുവേള വഴിയരികില്‍ കണ്ടാല്‍ നമ്മള്‍ എഴുന്നേറ്റു നിന്നു കൈകൂപ്പി എന്ന് വരില്ല. എന്നാല്‍ ഞാന്‍ വിശ്വസിക്കുന്നത്, ആ ഓരോ മുഖങ്ങളും നമ്മുടെ പരസ്യമായ ആദരവുകള്‍ അർഹിക്കുന്നുണ്ട് എന്നാണ്. പ്രളയ ഭൂമിയില്‍ പടപൊരുതിയ, ദി റിയല്‍ ആർമി.
                             ഈ പേമാരിയിലും നമ്മള്‍ ഇരുട്ടില്‍ ആവരുത് എന്ന് ഉറപ്പിച്ചു കർമ്മ നിരതരായ ഇലക്ട്രിസിറ്റി ജീവനക്കാരുടെ സേവനം പറയാതെ വയ്യ. അവരില്‍ ചിലരുടെ ജീവന്‍ ഇതിനിടയില്‍ കൊഴിഞ്ഞുപോയത് നിസ്സഹായവസ്ഥയോടെ നോക്കി നിന്നവരാണ് നമ്മള്‍. വെളിച്ചം വിതറുവാന്‍ ഇരുട്ടിലേക്ക് പോയവരോട് നമ്മള്‍ എങ്ങിനെയാണ് കടപ്പാടുകള്‍ അറിയിക്കുക.ചില മനുഷ്യരും സംഭവങ്ങളും ഒക്കെ വീണ്ടും വീണ്ടും നമ്മളോട് വിളിച്ചു പറയുന്നുണ്ട്, ഈ ഭൂമി നന്മ നിറഞ്ഞ മനുഷ്യരാല്‍ സമ്പന്നം ആണെന്ന്.
                              സ്ത്രീകള്‍ക്ക് ചവിട്ടികയറാന്‍   സ്വന്തം മുതുക് ചവിട്ടുപടിയായി കുനിഞ്ഞു കൊടുത്ത മലപ്പുറം സ്വദേശി ജൈസല്‍, വയനാടില്‍ ഒരു ലക്ഷം രൂപയുടെ സാധനങ്ങളുമായി വന്ന അമ്മൂമ്മ, പെരുന്നാള്‍ നോമ്പ് എടുത്ത് ക്ഷേത്രം വൃത്തിയാക്കുവാന്‍ പരിശ്രമിച്ച മുസ്ലിം(മനുഷ്യ) സഹോദരങ്ങള്‍, മൂന്നു ദിവസമായി അക്കരെ പട്ടിണി കിടക്കുന്നവർക്ക്  ഭക്ഷണം എത്തിക്കുവാന്‍ കുത്തൊഴിക്കിലെക്ക് എടുത്തു ചാടിയ ഉണ്ണികൃഷ്ണന്‍, യു എ.ഇയിലെ വ്യവസായ പ്രമുഖര്‍ തൊട്ടു ടാക്സി ഡ്രൈവർമാര്‍ വരെ ഉള്ളവരുടെ സംഭാവന, ശത്രുക്കള്‍ എന്ന് ഒളിഞ്ഞും തെളിഞ്ഞും പലരും വിളിക്കുന്ന പാകിസ്ഥാനിലെ സഹോദരങ്ങളുടെ ചെറിയ വലിയ പങ്ക്, താര പദവി മറന്ന് ജനങ്ങൾക്കിടയിലെക്ക് സഹായഹസ്തങ്ങളുമായി ഇറങ്ങി ചെന്ന ടോവിനോ, ഇന്ദ്രജിത്ത് പോലെ അനേകര്‍, കേരളത്തിന്റെ ചുണക്കുട്ടികള്‍ ആയ കളകടര്മാരും മറ്റു ഉദ്യോഗസ്ഥരും, കേരളത്തിന്റെ സ്വന്തം പോലീസുകാര്, സൈക്കിള്‍ വാങ്ങുവാന്‍ കൂട്ടിവച്ച 9000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ രണ്ടാം ക്ലാസ്സുകാരി അനുപ്രിയ തൊട്ട് ഒരേക്കര്‍ ഭൂമി സംഭാവനായ നല്കിയ പ്ലസ്‌1 വിദ്യാർത്ഥിനി സ്വാഹയും അനുജന്‍ ബ്രഹ്മയും, തങ്ങളുടെ തുച്ചമായ വേതനത്തിൽ നിന്നും അന്നമായി വന്ന അന്യസംസ്ഥാന തൊഴിലാളികള്, ഒരൊറ്റ ജീവന്‍ പോലും ഒന്നിനും ബുദ്ധിമുട്ടരുത് എന്ന ഉറച്ച തീരുമാനത്തില്‍ ലോകത്തിന്റെ അങ്ങോളം ഇങ്ങോളം നിന്നു പണം ആയും മറ്റു അവശ്യവസ്തുക്കളായും കേരളത്തിലേക്ക് ഒഴുകിയെത്തുന്ന സഹായങ്ങള്‍, ദുരന്തത്തിൽ പെട്ടവർക്ക് പ്രതിഫലേച്ഛ കൂടാതെ വൈദ്യസഹായവുമായി എത്തിയ ഡോക്ടർമാർ, സ്വന്തം ജീവൻ പണയം വച്ചും രക്ഷാപ്രവർത്തനങ്ങൾക്ക് ഇറങ്ങിയവര്, ഇപ്പോഴും എത്രയോ പേരാണ് അപകടത്തിൽ നശിച്ച വീടോ സാധനങ്ങളോ വൃത്തിയാകുവാനും നന്നാക്കുവാനും ഒക്കെ സൗജന്യമായി തങ്ങൾ തയ്യാറാണെന്ന് പറഞ്ഞു മുന്നോട്ട് വരുന്നത്.
ആഹാ,,, ഇതെത്ര സുന്ദരം ആണല്ലേ നമ്മുടെ ഭൂമി.
കുറേ, സ്നേഹങ്ങളാല്‍ സമൃദ്ധമായ ലോകം.
ഇതിനെല്ലാം ഇടയിലും, “ഇങ്ങനെയും ജന്മങ്ങളുണ്ടോ” എന്ന് ചിന്തിപ്പിച്ച ചില മനുഷ്യമുഖങ്ങള്‍ ഉള്ള ചെകുത്താന്മാരുടെ മുഖംമൂടി കൂടി ഒഴുക്കി കളഞ്ഞുകൊണ്ടാണ് പ്രളയം നമ്മുടെ മുൻപിലൂടി പോയത്. അയ്യപ്പനെ കോപിപ്പിച്ചതിന്റെ ഭലം എന്ന് പറഞ്ഞ അവള്‍ തൊട്ട്, അച്ചന്മാരെ വിചാരണ ചെയ്തതിന്റെ ഭലം എന്ന് എഴുതിയ അവന്‍ വരെ, ബീഫ് കഴിക്കുന്ന കേരളീയർക്കു വന്ന ദുരന്തം അർഹി്ക്കുന്നത് എന്ന് തൊട്ടു കേരളത്തെ സഹായിക്കരുത് എന്ന് വരെ മുറവിളി കൂട്ടിയ കുറേ പുഴുക്കള്(അവരൊക്കെയും “ഭാരതീയര്‍” ആണ് എന്നത് ദൌർഭാഗ്യകരം, ഓരോ പുരുഷനും സാനിട്ടറി പാഡുകള്‍ എന്തിനെന്ന് വ്യക്തമായി അറിയുന്ന ഈ കാലത്ത് ചീഞ്ഞളിഞ്ഞ മനസ്സുമായ് ഒരു രാഹുല്, പട്ടാളക്കാരാന്റെ വേഷത്തില്‍ വന്നു വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞവന്‍, അവന്മാര് ഹിന്ദിക്കാരല്ലേ എന്നു പറഞ്ഞു സഹായിക്കുവാൻ മലയാളികളെ തേടിപ്പോയവര്, ഇതിനിടയില്‍ ഓണാഘോഷം നടത്തുവാന്‍ പോയ ചില തോൽവികളും അതിഥിയായ് ചമഞ്ഞിരുന്ന ഏമാനും, അങ്ങനങ്ങനെ  ഇനിയുമൊന്ന് കണ്ണുകള്‍ തുറന്നാല്‍ കാണാം ഇതുപോലനേകം പാഴ്ജന്മങ്ങളെ. കാണുവാന്‍ നമുക്ക് ചുറ്റും അനേകം നന്മകള്‍ ഉണ്ടെന്നിരിക്കെ ആ വസ്തുക്കൾക്ക്  നേരെ ഇപ്പോള്‍ നമുക്ക് കണ്ണടയ്ക്കാം. കേരളം ഒന്ന് പഴയതുപോലായിട്ടു ഇതിനൊക്കെ മറുപടികള്‍ പറയേണം എന്നു മനസ്സില്‍ കുറിച്ചു വച്ചുകൊണ്ട് തന്നെ.
ഇപ്പോഴും ഉണ്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ അനേകായിരങ്ങള്‍. ഇന്നലെ വരെ ഒരു വീടിന്റെ സൗകര്യത്തില്‍ ജീവിച്ച് ഇന്ന് ഭക്ഷണവും വസ്ത്രങ്ങളും മറ്റുള്ളവരില്‍ നിന്നു വരുന്നത് പ്രതീക്ഷിച്ചു കഴിയേണ്ടവര്‍. നഷ്ടങ്ങളുടെ കണക്കുപുസ്തകം നിവർത്തുമ്പോള്‍ ഒരുപക്ഷെ വീണുപോയെക്കാവുന്ന അവർക്ക് കൈത്താങ്ങ്‌ ആവേണ്ടത് ചുറ്റുമുള്ള ഓരോ മനുഷ്യന്റെയും കടമയാണ്. ഒരു ആയുഷ്കാലം മുഴുവന്‍ കഷ്ടപ്പെട്ട് നേടിയതൊക്കെയും ഒരൊറ്റ ദിനം കൊണ്ട് ഒലിച്ചുപോയ ഒരുപാട് പേരുണ്ടാകും അക്കൂട്ടർക്കിടയില്‍. ഒഴുകി പോകാതെ പിടിച്ചു നിർത്തിയ കൈകള്‍ വീണു പോകാതെ താങ്ങുവാനും ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ മതിയാകും ഒരുപക്ഷെ അവർക്കിനിയും ജീവിക്കാൻ. കാറും കോളും അടങ്ങുമ്പോഴും ഓർക്കണം നനഞ്ഞുനിൽക്കുന്നവര് ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ടെന്ന്.
ഇന്ന് കേരളം അതിജീവനത്തിന്റെ വഴിയില്‍ മുന്നോട്ടു പോകുമ്പോള്‍, ഒരാള്‍ പ്രത്യേകം നന്ദിയും അഭിനന്ദനവും അർഹിക്കുന്നുണ്ട്. മറ്റാരുമല്ല, നമ്മുടെ കേരളത്തിന്റെ മുഖ്യമന്ത്രി. കുറേ കുബുദ്ധികള്‍ ദുഷ്പ്രചരണങ്ങളുമായി വട്ടം കൂടിയപ്പോഴും അതൊന്നും വകവയ്ക്കാതെ സമയോചിതമായി തീരുമാനങ്ങള്‍ കൃത്യമായി എടുത്ത് മുന്നോട്ടു പോയ ഒരു ഭരണകർത്താവ്. കേരളത്തിനെ കൈപിടിച്ചുയർത്തുവാന്‍ അദ്ദേഹം പകരുന്ന ആത്മവിശ്വാസം വളരേ വലുതാണ്‌.
രാഷ്ട്രീയം മാത്രമേ മനസ്സിലുള്ളൂ എന്നും, അതുകൊണ്ട് ഇതിനെയെല്ലാം എതിർക്കണം എന്നും പറഞ്ഞു ഇറങ്ങിത്തിരിച്ചവരോട് തികഞ്ഞ പുച്ഛം മാത്രം. അവരെയൊക്കെ തിരിച്ചറിയുവാന്‍ കഴിഞ്ഞതില്‍ സന്തോഷവും. മറ്റു അവസരങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വാചാലരാകാറുള്ളവര്‍ തികഞ്ഞ മൗനം പാലിച്ചു നിന്നത് വളരേ അരോചകമായി തോന്നീ. പറ്റുമെങ്കില്‍ രക്ഷപ്പെട്ടു വന്നവര്‍ ഇവരോട് ഒന്ന് പറഞ്ഞു കൊടുക്കണം, കൊടിയുടെ നിറം നോക്കിയല്ല ആരും വലിച്ചു കരയ്ക്കടിപ്പിച്ചത് എന്ന്.
പ്രകൃതി, അവള്‍ സ്വയം ശുദ്ധ ആയതാകാം. എന്നാല്‍, ചിലര്‍ ഭൂമിയോട് ചെയ്ത പാതകങ്ങൾക്ക് അനുഭവിച്ചത് കുറെയേറെ സാധുക്കള്‍ ആയിരുന്നു എന്ന് മാത്രം. ഇനിയെങ്കിലും, ഭൂമിയെ അതിന്റെ ഇഷ്ടത്തിന് വിടാം. ഒഴുകുന്ന പുഴകളെയും, നിവർന്നു  നിൽക്കുന്ന മലകളെയും, വിരിഞ്ഞു നിൽക്കുന്ന പൂവുകളെയും സ്വതന്ത്ര്യമാക്കാം.
ഇനിയൊരു വിപത്തുകൂടി താങ്ങുവാന്‍ നമുക്ക് കഴിഞ്ഞേക്കില്ല എന്ന് വീണ്ടും വീണ്ടും ഓർക്കാം .
ഉത്തരവാദിത്തങ്ങള്‍ ഇനിയും ഏറെ ആണ്. നമ്മുടെ നാട്ടുകാർക്ക് പലർക്കും ഇനി ജീവിതം ഒന്നെന്നു തുടങ്ങണം. കൂടെ നിൽക്കാം,  ഒരുമിച്ചു നിൽക്കാം . ഇക്കഴിഞ്ഞ ദുരന്തങ്ങൾ ഓർമ്മയില്‍ സൂക്ഷിക്കാം. കൂടെ നിന്നതാര് കൂടെപ്പിറപ്പിനെ മറന്നതാര് എന്നൊക്കെയും തിരിച്ചറിയാം. അതില്‍ നിന്നും പാഠം ഉൾക്കൊണ്ട് മനസ്സില്‍ നൂറാവർത്തി് പറയാം ജാതി-മത-വർണ്ണ-രാഷ്ട്രീയ… എല്ലാ വിവേചന ചിന്തകൾക്കും അതീതമായി നാം എല്ലാ പേരും മനുഷ്യരാണ് എന്ന്.
നമ്മൾ അതിജീവിക്കും !!

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar