All for Joomla The Word of Web Design

കാസര്‍കോട്: സുറാബിന്റെ ഏറ്റവും പുതിയ പുസ്തകം

: സജു മുഹമ്മദ് :………………………………………………………………………………………..

സുറാബിന്റെ ഏറ്റവും പുതിയ പുസ്തകമാണ് കാസര്‍കോട്. കാസര്‍കോട് കവിതാസമാഹാരമാണ്. ഇതില്‍ 44 കവിതകളുണ്ട്.’ഇതെന്റെ കവിതയാണ്. ഇതുവരെ വളരാത്ത, ഒരു പച്ചപ്പിലുമില്ലാത്ത കത്തിത്തീരുന്ന പെരുങ്കഥ’എന്ന ആമുഖത്തോടെയാണ് കവിത തുടങ്ങുന്നത്.
പുസ്തകം സമര്‍പ്പിക്കുന്നത് ഇങ്ങനെയാണ്.’ഇവിടെ പലതരം വരികളുണ്ട്. അരിക്ക്,മരുന്നിന്,വസ്ത്രത്തിന്,പെന്‍ഷന്,ലോണിന്,വീടിന്,മദ്യത്തിന്, തെരഞ്ഞെടുപ്പിന്.പലരും പല വരികളിലും നില്‍ക്കുകയാണ്. ഇതില്‍ വരിയില്‍ നില്‍ക്കാത്തവരും വരി തെറ്റിപ്പോയവരുമുണ്ട്.ശരിക്കും ഈ വരിയില്‍ ഞാനുമുണ്ട്. തൊട്ടു മുന്നിലുള്ള ആള്‍ക്ക് ശ്വാസംമുട്ടാണ്. പിന്നിലുള്ള ആള്‍ എന്തോ പറഞ്ഞു എന്നെ ഉന്താന്‍ ശ്രമിക്കുന്നു. ഉന്തിയും ശ്വാസം പിടിച്ചും ആള്‍ക്കൂട്ടത്തില്‍ ഞാനും കിതക്കുന്നു.
സത്യത്തില്‍ ആ കിതപ്പാണ്,കാത്തിരിപ്പാണ് എന്റെ കവിത.വരിയില്‍ നില്‍ക്കുന്നവര്‍ക്കും വരി ഇല്ലാത്തവര്‍ക്കുമാണ് ഈ സമാഹാരം.’പുസ്തകത്തിനു അവതാരിക ഇല്ല. എന്നാല്‍ അവതാരകയായി കവിതന്നെ കുറിക്കുന്നുണ്ട്. അതിങ്ങനെയാണ്.’കുടുംബത്തില്‍ ആദ്യമായി ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം നേടിയത് ഞാനാണ്.അതിന്റെ അഹങ്കാരം എനിക്കുണ്ടോ? ഉണ്ടായിരിക്കും. അതല്ലേ കണ്ണില്‍ക്കണ്ട പുസ്തകങ്ങളും അക്ഷരങ്ങളും ഇങ്ങനെ വാരിവലിച്ചു വയറു നിറച്ചത്..’തീര്‍ന്നില്ല. അവതാരികയില്‍ അവസാന ഖണ്ഡികയില്‍ എത്തുമ്പോള്‍ ‘ നഗരത്തിലിരുന്നു ഞാനെഴുതുന്നത് എന്റെ അനുഭവങ്ങള്‍തന്നെയാണ്. എന്നെത്തന്നെയാണ്.അങ്ങനെ ഞാന്‍ നഗരത്തില്‍ ഉറങ്ങുകയും ഗ്രാമത്തില്‍ ഉണരുകയും ചെയ്യുന്നു.കവിതയിലെ പ്രായാസങ്ങളും ജീവിതത്തിലെ പ്രയാസങ്ങളും കണ്ട്.കേട്ട്..’നേരനുഭവങ്ങളുടെ ദൃക്‌സാക്ഷിയാണ് സുറാബ്. തന്റെ നിഴല്‍ അനങ്ങുന്നത് തനിക്കുവേണ്ടിയാണെന്ന തിരിച്ചറിവ്.’കുത്തും കോമയുംകൊണ്ടാണ് അവരെന്നെ ദ്രോഹിക്കുന്നത്. ഞാനൊരു പഴയ കവിതയാണല്ലോ ‘ എന്നാണു മൂന്നു പുസ്തകങ്ങള്‍ എന്ന കവിതയില്‍ സുറാബ് പറയുന്നത്. ഇതേ കവിതയില്‍ ‘ അവരെന്നെ കത്തിച്ചുകളയാന്‍ പോകുകയാണ് ‘ എന്നിടത്ത് എത്തുമ്പോള്‍ കവിതയുടെ വായനയില്‍ നാം തുളുമ്പിപ്പോകുന്നു.
നാടന്‍ പട്ടി എന്ന മറ്റൊരു കവിതയില്‍ കവിവാക്യം ഇങ്ങനെ.’ആ പട്ടിയെ എനിക്കിഷ്ടമാണ്. എന്നെ എറിയുന്ന ഓരോ കല്ലിനും കാലുപൊക്കി അത് മൂത്രമൊഴിക്കുന്നു..’കോഴിക്കോട് എന്ന കവിതയില്‍’കോഴിക്കോട് പഴയ കോഴിക്കോടല്ല. എന്നാലും കോഴികൂകുമ്പോള്‍ത്തന്നെ എത്തിപ്പെടും പലരും ‘ എന്നുപറയുമ്പോലെത്തന്നെ കാസര്‍കോട് എന്ന കവിതയിലും ദേശം വിസ്തരിക്കുന്നുണ്ട്.’ഞാന്‍ കാസര്‍കോടില്‍പ്പെട്ടവനല്ലേ?അതോ മറ്റേതോ ഇനത്തില്‍പ്പെട്ടതോ,അതെന്താപ്പാ ഇപ്പൊ അങ്ങനെ,അറിയില്ലേ, ഈടെ പലതരം ഭാഷകളുണ്ട്.അറിഞ്ഞില്ലെങ്കിലും കൂട്ടത്തില്‍ ചേര്‍ക്കില്ല.! ഒറ്റക്കോലമാക്കും..ഒറ്റക്കോലം.!! ‘ഇങ്ങനെ കവിതയുടെ പാരായണത്തില്‍ എമ്പാടും കല്ലും മുള്ളും. ഇതുതന്നെയാണ് സുറാബിന്റെ കവിത.’കവിതയില്‍ ഞാനൊരു കഥയാണ്. അതുകൊണ്ടാണ് പ്രാസങ്ങള്‍ക്കിടയില്‍ എനിക്ക് ഇടം കിട്ടാതെ പോയത് ‘ എന്നുറക്കെ കൂകാന്‍ മടിയില്ലാത്ത കവിത. ഒരു മുതിര്‍ന്ന കവിതയില്‍ സുറാബ് നിവര്‍ന്നുനിന്നു സംസാരിക് കുന്നു.’യാത്ര ചെയ്യുമ്പോള്‍മാത്രമാണ് ഞാന്‍ ജീവിക്കുന്നത്. മറ്റുള്ള സമയം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍വെച്ച ശവംപോലെ. നാട്ടുകാര്‍ നോക്കി രസിക്കുന്നു. പ്രായമാകുമ്പോള്‍ മുതിര്‍ന്ന പൗരനായി. പെന്‍ഷനായി. ആര്‍ക്കും വേണ്ടാതായി.’
‘ഒരടുപ്പില്‍ ബീഫ്. മറ്റേയടുപ്പില്‍ മട്ടന്‍. ബീഫ് വിറകടുപ്പിലും,മട്ടന്‍ ഗ്യാസടുപ്പിലും. ഇതിനിടയില്‍ ബിയ്യാത്തു. അവളാണിപ്പോള്‍ വേവുന്നത്.’ അടുക്കള എന്ന കവിതയില്‍ എത്ര സരസമായിട്ടാണ് അടുപ്പിനെ വര്‍ണ്ണിച്ചിരിക്കുന്നത്? തീരാത്ത പുകച്ചില്‍,തീരാത്ത അമര്‍ഷം അടുക്കള സാക്ഷ്യം വഹിക്കുന്നു. ഒരുവേള ചിന്തിക്കുമ്പോള്‍ അടുക്കള നമ്മുടെ രാജ്യമാണ്. വര്‍ത്തമാന കാലത്തിന്റെ പെയിന്റിങ്. പെയിന്റിങ് വീടിന്റെ ചുവരുകളിലേക്കെത്തുമ്പോള്‍ കലങ്ങിപ്പോകുന്നത് വായനക്കാരാണ്. ആ ചുവരില്‍ ഒരു ക്‌ളോക്കുണ്ടായിരിക്കും. അങ്ങനെയാണ് ക്‌ളോക്ക് എന്ന കവിത നമ്മോടു മിടിക്കുന്നത്.’വീട്ടിലൊരു പഴയ ക്‌ളോക്കുണ്ട്. അതില്‍ ഏറ്റവും വേഗത്തിലോടുന്ന സൂചി അമ്മയാണ്. പതുക്കെ ഇഴയുന്നത് അച്ഛനും. അതിലും പതുക്കെയാണ് ഞാന്‍. ഇങ്ങനെ ഇഴഞ്ഞിഴഞ് മിനുട്ടും മണിക്കൂറുകളുമാകാന്‍,ഒരു ദിവസം കഴിയാന്‍ ഒരുപാട് കാത്തിരിക്കണം. അതിനൊക്കെ എവിടെയാണ് നേരം ?എന്നാലും സൂചികള്‍ മൂന്നും ഒരേപോലെ ഓടിയാല്‍ ക്‌ളോക്കിനെന്തെങ്കിലും സംഭവിക്കുമോ?.
ഇങ്ങനെ ഒരുപാട് സംശയങ്ങളും ആകുലതകളുമായി കാസര്‍കോട് എത്തുമ്പോള്‍ സ്റ്റേഷനില്‍ ഇറക്കാതെ കവിത അപ്പുറത്തെ ട്രാക്കിലേക്ക്. കവിത ഇപ്പോള്‍ പാലം കടക്കുകയാണ്.പച്ചയും ചോപ്പും മാറിമറിഞ്..
നീലേശ്വരം സ്വദേശിയാണ് സുറാബ്.നീണ്ട കാലം പ്രവാസി ആയിരുന്നു. ഇപ്പോള്‍ തിരിച്ചെത്തി നാട്ടില്‍ എഴുത്തും വായനയുമായി കഴിയുന്നു. കഥ, കവിത,നോവല്‍,അനുഭവം,തിരക്കഥ എന്നിങ്ങനെ ഇരുപത്തഞ്ചോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. കവിതയ്ക്ക് മഹാകവി കുട്ടമത്ത് അവാര്‍ഡ്, മലയാള മനോരമ യുവ അവാര്‍ഡ്, കഥയ്ക്ക് കമലാസുരയ്യ അവാര്‍ഡ്, നോവലിന് കൈരളി ബുക്ക്‌സ് അവാര്‍ഡ്, തിരക്കഥയ്ക്ക് ചിത്രഭൂമി സെവന്‍ ആര്‍ട്ട്‌സ് അവാര്‍ഡ് എന്നിവ കിട്ടിയിട്ടുണ്ട്. ഇക്കഴിഞ്ഞ കേരളപ്പിറവി ദിനാഘോഷത്തില്‍ ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ ഓഫിസും ഭാഷാപുരസ്‌ക്കാരം നല്‍കി ആദരിച്ചു.
(പ്രസാധകര്‍:ഗ്രീന്‍ബുക്‌സ് .വില:70)

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar