മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിനുള്ള മാര്‍ഗരേഖ കേരള സര്‍ക്കാര്‍ പുറത്തിറക്കി.

തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിനുള്ള മാര്‍ഗരേഖ കേരള സര്‍ക്കാര്‍ പുറത്തിറക്കി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ആരോഗ്യ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കിയതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളും ഈ മാര്‍ഗരേഖ പാലിക്കണം.മസ്തിഷ്‌ക മരണ സ്ഥിരീകരണ പരിശോധനകള്‍ക്കു മുമ്പുള്ള മുന്‍കരുതല്‍, തലച്ചോറിന്റെ പ്രതിഫലന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍, ആപ്‌നിയോ ടെസ്റ്റ് എന്നീ മൂന്നു പ്രധാന ഘട്ടങ്ങളിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. കോമയും മസ്തിഷ്‌ക മരണവും എന്താണെന്ന് ഇതില്‍ വ്യക്തമായി പറയുന്നുണ്ട്. തലച്ചോറിന്റെ പ്രത്യേക ഞരമ്പുകള്‍ക്ക് ഉണ്ടാകുന്ന ക്ഷതം കാരണം അബോധാവസ്ഥയിലാവുന്നതാണ് കോമ. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കോമയിലായിരിക്കുന്ന വ്യക്തി വെന്റിലേറ്ററിലാണെങ്കില്‍ മാത്രമേ മസ്തിഷ്‌ക മരണ സ്ഥിരീകരണ പ്രക്രിയ ആരംഭിക്കാന്‍ പാടുള്ളൂ.
മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന നാലു ഡോക്ടര്‍മാരില്‍ ഒരു സര്‍ക്കാര്‍ ഡോക്ടര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഈ ഡോക്ടറുടെ സാന്നിധ്യത്തില്‍ ആറു മണിക്കൂര്‍ ഇടവിട്ട് രണ്ടു ഘട്ടങ്ങളിലായി ആപ്‌നിയോ ടെസ്റ്റ് നടത്തിയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കേണ്ടത്. ഇതിലൂടെ ജീവിതത്തിലേക്ക് തിരികെ വരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കാന്‍ പാടുള്ളൂ. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത് ഫോം 10ല്‍ (ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ ആന്റ് ടിഷ്യൂ റൂള്‍സ് 2014) രേഖയാക്കി സൂക്ഷിക്കണം.
നാലു ഡോക്ടര്‍മാരും ഈ ഫോമില്‍ ഒപ്പുവയ്ക്കണം. ഇത് മെഡിക്കല്‍ റെക്കോര്‍ഡിലും ഇ-മെഡിക്കല്‍ റെക്കോര്‍ഡിലും സൂക്ഷിക്കണം. രണ്ടാമത്തെ ആപ്‌നിയോ ടെസ്റ്റിനു ശേഷം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയും വിവിധ പരിശോധനാ ഫലങ്ങളെപ്പറ്റി ബന്ധുക്കളെ അറിയിക്കുകയും വേണമെന്നും മാര്‍ഗരേഖയില്‍ നിഷ്‌കര്‍ഷിക്കുന്നു.
0 Comments