ബ്രസീലിയന്‍ താരം ഫെര്‍ണാണ്ടീഞ്ഞോയ്ക്ക് വധഭീഷണി; താരത്തിന് പിന്തുണയുമായി ഫുട്‌ബോള്‍ ഫെഡറേഷന്‍
സാവോ പോളോ: റഷ്യന്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ ബ്രസീല്‍ ബെല്‍ജിയത്തോട് തോറ്റു പുറത്തായതിനു പിന്നാലെ ബ്രസീലിയന്‍ താരം ഫെര്‍ണാണ്ടീഞ്ഞോയ്ക്ക് വധഭീഷണി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മഞ്ഞപ്പട ബെല്‍ജിയത്തിനു മുന്നില്‍ മുട്ടുകുത്തിയത്. മത്സരത്തില്‍ ഫെര്‍ണാണ്ടീഞ്ഞോ ഒരു സെല്‍ഫ് ഗോള്‍ അടിച്ചിരുന്നു. ഇതാണ് ടീമിന്റെ തോല്‍വിക്ക് കാരണമെന്നാണ് ആരാധകരുടെ ആരോപണം. തുടര്‍ന്ന് ദുരന്തനായകാനായ ഫെര്‍ണാണ്ടീഞ്ഞോക്കെതിരെ വധഭീഷണി മുഴക്കി നവമാധ്യമങ്ങളില്‍ ആരാധകര്‍ രംഗത്തെത്തുകയായിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയ്്ക്കും മാതാവിനുമെതിരെ സോഷ്യല്‍ മീഡിയകളില്‍ അസഭ്യവര്‍ഷങ്ങളുടെ പെരുമഴയാണ്.
ആദ്യ നാലു മത്സരങ്ങളില്‍ പകരക്കാരന്റെ റോളിലായിരുന്ന ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായ ഫെര്‍ണാണ്ടീഞ്ഞോ സസ്‌പെന്‍ഷന്‍ മൂലം പുറത്തിരുന്ന കസമിറോയ്ക്ക് പകരമായാണ് ബെല്‍ജിയത്തിനെതിരെ ആദ്യ ഇലവനില്‍ അവസരം ലഭിച്ചത്. മത്സരത്തിന്റെ പതിമൂന്നാം മിനുട്ടില്‍ ബെല്‍ജിയത്തിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യാനുള്ള ഫെര്‍ണാണ്ടീഞ്ഞോയുടെ ശ്രമം സ്വന്തം പോസ്റ്റിലേക്ക് പതിക്കുകയായിരുന്നു. ലീഡു നേടിയ ബെല്‍ജിയം ഇരുപത് മിനുട്ടിനിടെ കെവിന്‍ ഡി ബ്രൂണോയിലൂടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയില്‍ റെനറ്റോ അഗസ്‌റ്റോയിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും തോല്‍വി ഒഴിവാക്കാന്‍ ബ്രസീലിന് കഴിഞ്ഞില്ല.
0 Comments