കരിപ്പൂരിലെ കുന്നിന്‍ മുകളില്‍ ഒരുമിച്ചിരിക്കാന്‍, ചോദ്യങ്ങള്‍ കേള്‍ക്കാന്‍ ആരൊക്കെ വരും.

ഹസ്സന്‍ തിക്കോടി….
കരിപ്പൂരിലെ വിമാനാപകടം പതിവില്‍നിന്നു വ്യത്യസ്തമായി ചര്‍ച്ചചെയ്യപ്പെടുന്നത് എന്തുകൊണ്ടാണ്. 32 വര്‍ഷമായിട്ടും എന്തുകൊണ്ട് ഈ ചര്‍ച്ചകള്‍ക്കു വിരാമമാവുന്നില്ല.അതിന്നുത്തരവാദികള്‍ ആരൊക്കെ. കരിപ്പൂരിന്റെ ചിറകരിയാന്‍ ആഗ്രഹിക്കുന്നവരുടെ നിഗൂഡ ലക്ഷ്യമെന്താണ്.എന്തുകൊണ്ട് കേരള സര്‍കാര്‍ ആവശ്യമായ ഭൂമി ഏറ്റെടുക്കാതെ വിമാനത്താവള വികസനം തടസ്സപ്പെടുത്തുന്നു. പ്രദേശവാസികള്‍ സ്ഥലം വിട്ടുനല്‍കാന്‍ വിസമ്മതിക്കുന്നത് എന്തുകൊണ്ട്. മലപ്പുറത്തെ രക്ഷട്രീയ നേതൃത്വത്തിന്റെ ഇടപെടലുകള്‍ എന്തുകൊണ്ട് ശക്തമാവുന്നില്ല.ഉത്തരമില്ലാത്ത ഒരു പാട് ചോദ്യങ്ങളുടെ റണ്‍വെയില്‍ ബ്രേക്കില്ലാതെ ഉരുളുകയാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചക്രങ്ങള്‍. മൂന്നര പതിറ്റാണ്ടായി തുടരുന്ന ഈ ഓട്ടമൊന്നവസാനിപ്പിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ.
അപകടം കേവലം അപകടം മാത്രമായി കാണാതെ, എയര്‍പോര്‍ട്ടിന്റെ പരിമിതികളെകുറിച്ച് വാചലമാവനാണ് പലരുടെയും താല്പര്യം. ലോകത്തില്‍ ഇതേവരെയായി 552 വിമാനപകടങ്ങള്‍ നടന്നിട്ടുണ്ട്. അതുമൂലം 58,144 ജീവനുകള്‍ നഷ്ട്ടപ്പെട്ടിട്ടുമുണ്ട്. അതില്‍ ഏറ്റവും വലിയ വിമാന ദുരന്തമായി ലോകം കണക്കാക്കുന്നത് 1985ല്‍ 520 യാത്രക്കാര്‍ മരിച്ച ജപ്പാന്‍ എയര്‍ലൈന്‍സിന്റെതാണു. ടോക്കിയോ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നു പന്ത്രണ്ടാം മിനുറ്റില്‍ പെട്ടെന്നുണ്ടായ ഡികമ്പ്രഷന്‍ കാരണമായി ടക്കമാണ്‍ഹാര കുന്നിന്‍മുകളില്‍ പൊട്ടിവീഴുകയായിരുന്നു. ഇത്രയും വലിയ വിമാന അപകടങ്ങളുടെ ചരിത്രം ഇവിടെ കുറിച്ചത് വെള്ളിയാഴ്ച കരിപ്പൂരില്‍ നടന്ന വിമാനാപകടത്തിന്റെ വ്യാപ്തി കുറച്ചു കാണാനല്ല, പകരം അപകടത്തിന് ശേഷമുണ്ടായ വാസ്തവമല്ലാത്ത തികച്ചും ബാലിശമായ ചില വാര്‍ത്തകള്‍ കണ്ടതുകൊണ്ടാണ്. കരിപ്പൂര്‍ കുന്നിന്‍ മുകളിലായതുകൊണ്ടും, റണ്‍വെ നീളം കുറഞ്ഞതുകൊണ്ടും റാസയുടെ ഒടുവില്‍ അഗാധഗര്‍ത്തങ്ങള്‍ ഉള്ളതുകൊണ്ടുമാണ് അപകടം സംഭവിച്ചത് എന്നാണ് പ്രചരിക്കുന്നതില്‍ ചിലത്. ഭാവനയുടെയും ഊഹാപോഹങ്ങളുടെയും മാത്രം സൃഷ്ടട്ടിയാണ് ഇക്കേട്ടതെല്ലാം. ഇതേകുറിച്ച് അന്വേഷണറിപ്പോര്‍ട് വരുന്നതുവരെ മൌനം പാലിക്കുന്നതായിരിക്കും നല്ലത്.

കോഡ്ഇ വിമാനങ്ങള്‍ക്കു താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതു തികച്ചും സ്വാഭാവികം മാത്രമണ്, ഏതൊരു അപകടം നടന്നാലും അതിന്റെ നിജസ്ഥിതി അറിയുംവരെ, പ്രത്യേകിച്ച് പരിമിതികള്‍ ഏറെയുള്ള ഒരു വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ വരവ് നിയന്തിക്കുന്നതില്‍ അപാകതയുണ്ടെന്ന് പറയുന്നതു ശരിയല്ല. എന്നാല്‍ അങ്ങനെ ഒരു സ്ഥിരം സംവിധാനത്തിലേക്ക് ഡി.ജി.സി.എ. പോവുകയാണെങ്കില്‍ അതിന്നായി മലബാറുകാര്‍ വീണ്ടും മൂന്നിട്ടിറങ്ങേണ്ടിവരും, പക്ഷേ അതിനുള്ള സാധ്യത വളരെ കുറവാണ്. കാരണം നിലവിലെ സംവിധാനങ്ങള്‍ കോഡ്ഇ വിമാനങ്ങള്‍ക്കിറങ്ങാന്‍ മതിയായതാണെന്ന് പലതവണ ഡി.ജി. സി. എ ഉറപ്പുവരുത്തിയതാണ്.

ഇതൊക്കെയാണെങ്കിലും കേരള സര്‍ക്കാര്‍ മതിയായ ഭൂമി എത്രയും വേഗം വാങ്ങി എയര്‍പോര്‍ട്ട് അതോറിറ്റിയെ എല്‍പ്പിക്കേണ്ടതാണ്. മൂന്നു പതിറ്റാണ്ടായുള്ള മലബാറുകരുടെ ഈ ആവശ്യം കേവലം രക്ഷട്രീയ മുതലെടുപ്പിന്നായി മാറ്റി മറിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. മലപ്പുറത്തെ രക്ഷട്രീയ നേതൃത്വത്തിന്റെ കൈകളിലാണ് കരിപ്പൂര്‍ വികസനത്തിന്റെ താക്കോലുള്ളത്. വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയപോലെ ‘ഗോലാന്‍ കുന്നിന്നുമുകളില്‍ നിന്നു അവര്‍ ഒരുമിച്ചിരുന്ന് മൂത്രമൊഴിച്ചാല്‍ ഒഴുകിപോകാവുന്നതാണ് ഫലസ്തീന് പ്രശ്‌നം, പക്ഷേ അവര്‍ ഒരുക്കലും ഒരുമിച്ച് മൂത്രമൊഴിക്കില്ലല്ലോ. ഇനിയെങ്കിലും മുണ്ടുപോക്കി ആ കുന്നിന്‍പുറത്തു നമുക്കൊരുമിച്ചിരിക്കാം. തയ്യാറാവൂ. കരിപ്പൂര്‍ പൂര്‍വാതികം പ്രതാപത്തോടെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ രാകഷ്ട്രീയം മറന്നു നമുക്കൊരുമിച്ചിറങ്ങാം..

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar