ചിത്രലേഖ വീണ്ടും കുടില്‍കെട്ടി സമരം തുടങ്ങി

കണ്ണൂര്‍: ജാതിപീഡനത്തിനെതിരേ സിപിഎമ്മിന്റെ പാര്‍ട്ടിഗ്രാമത്തില്‍ സമരം ചെയ്തു ശ്രദ്ധേയയായ ദലിത് വനിതാ ഓട്ടോഡ്രൈവര്‍ ചിത്രലേഖ വീണ്ടും സമരം തുടങ്ങി. തനിക്ക് അനുവദിച്ച ഭൂമി തിരിച്ചെടുക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ചിത്രലേഖയും കുടുംബവും നിര്‍മാണം നടക്കുന്ന വീടിനു സമീപം കുടില്‍കെട്ടി സമരം തുടങ്ങിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചു കിട്ടിയ അഞ്ചു സെന്റ് ഭൂമിയില്‍ വീട് നിര്‍മാണം അവസാനഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ സ്ഥലം അനുവദിച്ച തീരുമാനം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരേയാണ് വീണ്ടും രാപ്പകല്‍ സമരവുമായി രംഗത്തെത്തിയത്. റദ്ദാക്കിയ നടപടി പിന്‍വലിക്കും വരെ താനും കുടുംബവും സമരം തുടരുമെന്നു ചിത്രലേഖ പറഞ്ഞു. സമരം നടത്തുന്ന ചിത്രലേഖയെ യുഡിഎഫ് ചെയര്‍മാന്‍ പ്രഫ. എ ഡി മുസ്തഫ, മുസ്്‌ലിംലീഗ് നേതാവ് വി പി വമ്പന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
ചിറക്കല്‍ പഞ്ചായത്തിലെ കാട്ടാമ്പള്ളി സിന്‍ഡിക്കേറ്റ് ബാങ്കിനു സമീപം രണ്ടുവര്‍ഷം മുമ്പാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ചുസെന്റ് സ്ഥലം അനുവദിച്ചത്. ഈ തീരുമാനം റദ്ദാക്കുന്നതായി റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ കഴിഞ്ഞ മാസമാണ് ഉത്തരവിറക്കിയത്. സന്നദ്ധ സംഘടനയുടെ സഹായത്തോടെ അഞ്ചുസെന്റില്‍ വീടുപണി പുരോഗമിക്കെയാണ് സര്‍ക്കാരിന്റെ അപ്രതീക്ഷിത തീരുമാനം. പയ്യന്നൂര്‍ എടാട്ട് ആറുസെന്റ് ഭൂമി ചിത്രലേഖയ്ക്കു സ്വന്തമായി ഉണ്ടെന്നും ചട്ടങ്ങള്‍ ലംഘിച്ചാണ് സ്ഥലം അനുവദിച്ചതെന്നുമാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍, എടാട്ടെ ഭൂമി അമ്മൂമ്മയ്ക്ക് സര്‍ക്കാരില്‍നിന്ന് പതിച്ചു കിട്ടിയതാണെന്നും അത് അവരുടെ പേരിലാണെന്നും ചിത്രലേഖയുടെ വാദം. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ യുഡിഎഫ് രംഗത്തെത്തുകയും ചിത്രലേഖയുടെ വീട് നേതാക്കള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനുപുറമെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, വീടുപണി തുടരുകയും കോണ്‍ക്രീറ്റ് പ്രവൃത്തി ഉള്‍പ്പെടെയുള്ളവ നടത്തുകയും ചെയ്തിട്ടുണ്ട്.
0 Comments