മുസ്ലിം ഐക്യകാഹളം മുഴക്കി കൊച്ചിയില്‍ വന്‍ പ്രതിഷേധ റാലി

കൊച്ചി.കേരളം കണ്ടെതില്‍ വെച്ച് ഏറ്റവും വലിയ പ്രതിഷേധം ഇന്നലെകൊച്ചിയില്‍ നടന്നു.പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിം സംഘടനകളുടെ ഏകോപന സമിതിയാണ് പ്രതിഷേധ ജാഥ സംഘടിപ്പിച്ചത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ തന്നെ ചെറു സംഘങ്ങളായി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് പ്രവര്‍ത്തകര്‍ എത്തി തുടങ്ങിയിരുന്നു. മൂന്ന് മണിയോടെ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു. പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ ജനങ്ങളെ ജാതിയുടെ പേരില്‍ വേര്‍തിരിച്ച് രാജ്യത്തെ വെട്ടിമുറിക്കാനനുവദിക്കില്ലെന്ന് റാലി കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
ഭരണകൂട ഭീകരതക്കെതിരെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് നാന്ദി കുറിച്ച് അവകാശ പോരാട്ടത്തിന്റെ അലയൊലികള്‍ തീര്‍ത്ത് അറബിക്കടലിന്റെ തീരമായ മറൈന്‍ ഡ്രൈവ് ലക്ഷ്യമാക്കി നീങ്ങിയ ജനസാഗരം അക്ഷരാര്‍ത്ഥത്തില്‍ പാല്‍കടലായി മാറി.പറങ്കിപ്പടയോട് ധീരമായി പോരാടി ഷഹീദായ കുഞ്ഞാലി മരക്കാരുടെയും ടിപ്പു സുല്‍ത്താന്റെയും വാരിയന്‍ കുന്നത്തിന്റേയും വീര ചരിതം രചിച്ച ഭാരതണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായുള്ള പോരാട്ടം ഫലം കണ്ടിട്ടല്ലാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഒഴുകി നീങ്ങിയ റാലി കാണുന്നതിനും ആശിര്‍വദിക്കാനും വഴിയോരങ്ങളില്‍ വന്‍ ജന സഞ്ചയമാണ് അണി നിരന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്ലിം ജമാഅത്ത്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്വത്തല്‍ മുജാഹിദീന്‍, കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്ലാമി, കെ.എന്‍എം, മര്‍ക്കസുദഅവ, മുസ് ലിം ലീഗ്, കെ എം ഇ എ, എം ഇ എസ്, എം എസ് എസ്, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ എന്നീ സംഘടകളാണ് കോര്‍ഡിനേഷന്‍ കമ്മിറ്റിയിലുള്ളത്. കൂടാതെ മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി, എറണാകുളം ജില്ലയിലെ വിവിധ ജില്ലാ ജമാഅത്ത് കൗണ്‍സിലുകള്‍, മെക്ക, പി.ഡി.പി, തുടങ്ങിയ സംഘടനകള്‍ റാലി സംഘടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയിരുന്നു. വൈകിട്ട് മൂന്നരയോടെ ആരംഭിച്ച റാലിക്ക് മത പണ്ഡിതരുള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കി.റാലി ആരംഭിക്കുന്നതിന് മുമ്പ് തന്നെ സമാപന കേന്ദ്രമായ മറൈന്‍ ഡ്രൈവില്‍ ജനസഹസ്രങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. റാലിയുടെ മുന്‍നിര അഞ്ചരയോടെയാണ് മറൈന്‍ ഡ്രൈവില്‍ എത്തിയത്. മഗ്രിബ് ബാങ്ക് കൊടുക്കുമ്പോഴും സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ നിന്ന് റാലിയില്‍ പങ്കെടുക്കാന്‍ ആളുകള്‍ കാത്തു നില്‍ക്കകയായിരുന്നു.ചരിത്രത്തിലിടം പിടിച്ച ജാഥ ഏറെകാലത്തിനു ശേഷം വിവിധ മുസ്ലിം സംഘടനകളുടെ ഐക്യചിന്തക്കും കരുത്തുപകരുന്ന ഒന്നായിമാറി.
ഫോട്ടോ.നിതിന്‍
0 Comments