ജീവിതത്തിലൂടെ പുണ്യം ചൊരിഞ്ഞിരിക്കുകയാണ് ഈ ഒറ്റപ്പാലം സ്വദേശി.
പുണ്യങ്ങളുടെ പൂക്കാലമായ റംസാൻ മാസത്തിൽ ജീവിതത്തിലൂടെ പുണ്യം ചൊരിഞ്ഞിരിക്കുകയാണ് ഈ ഒറ്റപ്പാലം സ്വദേശി. വാക്കുകളിൽ മാത്രം പോര പ്രവൃത്തിയിലും കരുണ നിറയണമെന്നു സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ആയിഷ ബീവി. സൗദിയിൽ വച്ച് തന്‍റെ മകന്‍റെ ജീവൻ കവർന്ന കൊലപാതകിക്ക് മാപ്പ് നൽകിയാണ് ആയിഷ പുണ്യം ചെയ്‌തിരിക്കുന്നത്. സൗദിയില്‍ കൊലക്കയര്‍ കാത്തിരിക്കുന്ന ഉത്തര്‍പ്രദേശുകാരനായ പ്രതിക്കാണ് ആയിഷ മാപ്പു നൽകിയത്. സൗദിയിൽ വച്ച് കൊല്ലപ്പെട്ട ആസിഫിന്‍റെ ഉമ്മയാണ് ആയിഷ ബീവി. കൊലപാതകിയായ മുഹറം അലി ഷഫീഉല്ലയുടെ ഭാര്യയും ബന്ധുക്കളുമൊക്കെ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെത്തിയിരുന്നു. ഇവിടെ വച്ചാണ് ചരിത്രത്തിലെ അപൂര്‍വമായ കൂടിക്കാഴ്ച്ചയും വീട്ടുവീഴ്ച്ചയും നടന്നത്.
ആറുവര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം. സൗദി അറേബ്യയിലെ അല്‍ഹസയില്‍ പെട്രോള്‍ പമ്പ് സൂപ്പര്‍വൈസറായിരുന്നു ഇരുപത്തിനാലു വയസുകാരനായ ഒറ്റപ്പാലം സ്വദേശി ആസിഫ്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഉത്തര്‍പ്രദേശ് ഗുഹന്ത സ്വദേശി മുഹറം അലി ഷഫീഉല്ല ആസിഫിനെ കൊല്ലുകയായിരുന്നു. ജയിലിലായിരുന്ന പ്രതിയെ മാനസിക വിഭ്രാന്തി കാട്ടിയതിനെതുടര്‍ന്ന് മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ നവംബറിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ചികിത്സയിലായതിനാല്‍ വധശിക്ഷ നീട്ടിവച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ മാപ്പ് കൊടുത്താല്‍ കൊലക്കയറില്‍ നിന്നും രക്ഷപ്പെടുമെന്നാണ് സൗദിയിലെ നിയമം. അങ്ങനെയാണ് കേരളത്തിലെത്തി ആസിഫിന്‍റെ ഉമ്മയുടെ മാപ്പു വാങ്ങാമെന്ന പ്രതീക്ഷയിൽ ഉത്തർപ്രദേശിൽ നിന്ന് മുഹറം അലി ഷഫീഉല്ലയുടെ ഭാര്യ റസിയയും സഹോദരങ്ങളും കേരളത്തിലെത്തിയത്. ആസിഫിന്‍റെ ഉമ്മയെയും സഹോദരങ്ങളെയും കാണണം. കൊലപാതകത്തിന് മാപ്പിരക്കണം. ആസിഫിന്‍റെ ഉമ്മയെ കണ്ട് മുഹറം അലിയുടെ ഭാര്യ പൊട്ടികരഞ്ഞു കൊണ്ടാണ് ക്ഷമാപണം നടത്തിയത്.
ഈ പുണ്യമാസത്തില്‍ എന്‍റെ മകന്‍റെ ഘാതകനും ഞാന്‍ മാപ്പു നല്‍കുകയാണെന്നു ആസിഫിന്‍റെ ഉമ്മ പറഞ്ഞതോടെ ചടങ്ങിനു സാക്ഷിയായവരുടേയും കൂടി കണ്ണുനനയുകയായിരുന്നു. ആസിഫിന്‍റെ ഉമ്മ ഒപ്പുവച്ച കുറിപ്പ് ഇവര്‍ കെഎംസിസി പ്രവര്‍ത്തകര്‍ക്കു നല്‍കുകയും ചെയ്തു. പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം. മുസ്‌ലിം ലീഗിന്‍റെ പ്രവാസി സംഘടനയായ കെഎംസിസി അല്‍ഹസ കമ്മിറ്റിയാണ് യുപിയിലുള്ള മുഹറം അലിയുടേയും ആസിഫിന്‍റെയും ബന്ധുക്കളെ തമ്മില്‍ ബന്ധിപ്പിച്ചതും ഈ സുന്ദരമായ മൂഹൂര്‍ത്തത്തിന് അവസരമൊരുക്കിയതും. മാപ്പപേക്ഷ കോടതയില്‍ ഹാജരാക്കിയാല്‍ മുഹറം അലിക്കു ഉടന്‍ മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും ബന്ധുക്കളും.
0 Comments