ദീപക് ശങ്കരനാരയണനെതിരെ സൈബര്‍ ആക്രമണം അഴിച്ചുവിട്ട് ബി.ജെപി

തിരുവനന്തപുരം: സാമൂഹ്യ പ്രവര്‍ത്തകന്‍ ദീപക് ശങ്കരനാരയണനെതിരെ സൈബര്‍ ആക്രമണം അഴിച്ചുവിട്ട് ബിജെപി.കഠ്‌വ വിഷയത്തില്‍ തുടര്‍ച്ചയായി സംഘപരിവാറിനെ വിമര്‍ശിച്ചുപോന്ന ദീപകിന്റെ ഒരു പോസ്റ്റ് ആണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.’നീതി നിര്‍വ്വഹണത്തിന് തടസ്സം നില്‍ക്കുന്നപക്ഷം, ഹിന്ദു ഭീകരവാദത്തിന് വോട്ട് ചെയ്ത ആ 31 ശതമാനത്തിനെ, സെക്കന്‍ഡ് വേള്‍ഡ് വാര്‍ കാഷ്വാലിറ്റിയുടെ ഏഴിരട്ടിയെ, വെടിവച്ച് കൊന്നിട്ടായാലും നീതി പുലരണം’ ദീപകിന്റെ പോസ്റ്റിലെ ഈ വരികളാണ് സംഘപരിവാര്‍ അനുകൂലികള്‍ക്ക് പ്രകോപനം സൃഷ്ടിച്ചത്. ബിജെപിക്ക് വോട്ട് ചെയ്തവരെ വെടിവച്ച് കൊല്ലണം എന്ന് ദീപക് നാരായണന്‍ ആഹ്വാനം ചെയ്തു എന്നാണ് ആക്ഷേപം.

കഠ്‌വ പെണ്‍കുട്ടിയെ ക്രൂരമായി അധിക്ഷേപിച്ചു കമന്റിട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിഷ്ണു നന്ദകുമാറിനെതിരെ ജനരോഷമുയര്‍ന്നതിനു സമാനമായി ദീപക് ജോലി ചെയ്യുന്ന എച്ച്പി ഇന്ത്യയുടെ ഫെയ്‌സ്ബുക് പേജിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ദീപക്കിന്റെ ജോലി നഷ്ടപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ദീപക്കിനെ പിന്തുണച്ച അധ്യാപിക ദീപ നിശാന്തിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം ഇപ്പോഴും ശക്തമായി തുടരുകയുമാണ്.
സംഭവം വിവാദമാക്കിയതോടെ ദീപക് ശങ്കരനാരയാണന്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി. തന്റെ ഫെയ്‌സ്ബുക് പോസ്റ്റ് വളച്ചൊടിക്കുകയായിരുന്നുവെന്നും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണു പ്രചരിപ്പിക്കുന്നതെന്നും ദീപക് ശങ്കരനാരായണന്‍ വിശദീകരിച്ചു.

മത വിദ്വേഷം സൃഷ്ടിക്കുന്ന പോസ്റ്റര്‍ പ്രചരിപ്പിച്ച അധ്യാപകനെ സസ്‌പെന്റ് ചെയ്തു.

പുത്തനത്താണി: സാമൂഹ്യ മാധ്യമങ്ങള്‍ വഴി സമൂഹത്തില്‍ മത വിദ്വേഷം സൃഷ്ടിക്കുന്ന പോസ്റ്റര്‍ പ്രചരിപ്പിച്ച അധ്യാപകനെ സസ്‌പെന്റ് ചെയ്തു.മാറാക്കര വി വി എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം മലയാളം അധ്യാപകനായ പി ബി ഹരിലാലിനെയാണ് സ്‌കൂള്‍ മാനേജര്‍ സസ്‌പെന്റ് ചെയ്തത്. കാശ്മീരില്‍ എട്ടു വയസ്സുകാരിയെ ആര്‍ എസ് എസുകാര്‍  ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് കുട്ടിയെ മോശമായി ചിത്രീകരിക്കുന്ന  പോസ്റ്റ് ഫെയ്‌സ് ബുക്കില്‍ ഇയാള്‍ ഷെയര്‍ ചെയ്തത്.തുടര്‍ന്ന് ഇയാള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയും നാട്ടുകാര്‍ ഒന്നിച്ച് കാടാമ്പുഴ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.കൂടാതെ അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ഇന്നലെ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് സ്‌കൂള്‍ മാനേജര്‍ അധ്യാപകനെ സസ്‌പെന്റ് ചെയ്ത് ഉത്തരവിറക്കിയത്. നേരിട്ടും ഫോണ്‍ മുഖേനെയും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് മാനേജര്‍ പറഞ്ഞു. അധ്യാപകന്‍ സ്‌കൂളില്‍ പ്രവേശിക്കുന്നത് സ്‌കൂളിന്റെ സമാധാനന്തരീക്ഷം തടസ്സപ്പെടുന്ന  സാഹചര്യത്തിലാണ് നടപടിയുണ്ടായത്.കഴിഞ്ഞ ദിവസം പി ടി എ കമ്മറ്റി യോഗം ചേര്‍ന്ന് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഹര്‍ത്താലിന് പിന്നില്‍ ഭൂരിപക്ഷ-ന്യുനപക്ഷ തീവ്രവാദികളാണെന്ന് എംഎം ഹസ്സന്‍.

തൃശൂര്‍: ജനകീയ ഹര്‍ത്താല്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച് നടന്ന ഹര്‍ത്താലിന് പിന്നില്‍ ഭൂരിപക്ഷ-ന്യുനപക്ഷ തീവ്രവാദികളാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍. ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗീയ കലാപമുണ്ടാക്കാനാണ് ചിലര്‍ ശ്രമിച്ചത്. അക്രമം മുന്‍കൂട്ടി കണ്ട് തടയുന്നതില്‍ കേരളത്തിലെ പോലീസ് പരാജയപ്പെട്ടു.ഹര്‍ത്താലിന്റെ ഉറവിടം കണ്ടത്തെി ശക്തമായ നടപടിയെുക്കാന്‍ പോലീസ് തയ്യാറാകണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണമല്ല നടക്കുന്നത്. എറണാകുളം എസ്പി സിപിഎമ്മിന് വിടുപണി ചെയ്യുകയാണ്. അതുകൊണ്ട് കേസില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
മോദിയെ പ്രശംസിച്ച കെവി തോമസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും മറുപടി ലഭിച്ചിട്ടില്ലന്നും മറുപടി ലഭിച്ചാല്‍ രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യുമെന്നും ഹസ്സന്‍ വ്യക്തമാക്കി

.

എന്റെ തെരുവ് എന്റെ പ്രതിഷേധം  കേരളത്തിലെ തെരുവുകളിലും

തിരുവനന്തപുരം: കശ്മീരില്‍ ഹിന്ദുത്വ ഭീകരര്‍ ക്രൂരമായി കൊലചെയ്ത എട്ടുവയസ്സുകാരി ആസിഫയ്ക്ക് നീതി ലഭിക്കാനായി സോഷ്യല്‍ മീഡിയ തുടങ്ങിവച്ച പ്രതിഷേധം തെരുവുകളിലും. എന്റെ തെരുവ് എന്റെ പ്രതിഷേധം എന്ന പേരിലുള്ള പ്രതിഷേധ പരിപാടിയുടെ ഭാഗമായി  തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും നൂറുകണക്കിനാളുകള്‍ തെരുവുകളില്‍ പോസ്റ്ററുകളുമായെത്തി. ബംഗളൂരു സ്വദേശിയായ അരുന്ധതി ഘോഷ് എന്ന യുവതി തുടക്കമിട്ട ക്യാംപയിനാണ് കേരളത്തിലെ തെരുവുകളിലും സംഘടിപ്പിക്കപ്പെട്ടത്.
മൈ സ്ട്രീറ്റ് മൈ പ്രൊട്ടസ്റ്റ് എന്ന ഹാഷ്ടാഗില്‍ ബംഗളൂരു തെരുവുകളില്‍ പ്രതിഷേധിക്കാനുള്ള അരുന്ധതിയുടെ പോസ്റ്റ് ആഹ്വാനം മലയാളി മാധ്യമപ്രവര്‍ത്തകയായ മനില സി മോഹന്‍  പരിഭാഷപ്പെടുത്തി സ്വന്തം ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്തതോടെ നൂറുകണക്കിനാളുകള്‍ കാംപയിന്‍ ഏറ്റെടുക്കുകയായിരുന്നു.
വിഷുദിനത്തില്‍ തിരുവനന്തപുരം മാനവീയം വീഥിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ ഭരണപരിഷ്‌കരണ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍, സാഹിത്യകാരന്‍ സക്കറിയ, ബീനാപോള്‍, സംവിധായകന്‍ വേണു തുടങ്ങിയ പ്രമുഖരും അണിനിരന്നു. നരാധമന്മാരെ ഒറ്റപ്പെടുത്തണമെന്ന് ചടങ്ങില്‍ വിഎസ് ആവശ്യപ്പെട്ടു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar