ഡല്‍ഹിയിലെ ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തി.

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചവരില്‍ ഏഴ് പേര്‍ സ്ത്രീകളും രണ്ടുപേര്‍ കുട്ടികളുമാണ്. 10 പേരുടെ മൃതദേഹങ്ങള്‍ ഇരുമ്പ് ഗ്രില്ലില്‍ തൂങ്ങിനില്‍ക്കുന്ന രൂപത്തിലായിരുന്നു. പ്രായമുള്ള സ്ത്രീ നിലത്ത് കിടക്കുന്ന നിലയിലും.

ഭൂരിഭാഗം പേരുടെയും കണ്ണ് കെട്ടിയിരുന്നു. കൈകള്‍ പിറകിലേക്ക് കൂട്ടിക്കെട്ടിയ നിലയിലാണ്. ആത്മഹത്യയാണെന്നന്നാണ് പ്രാഥമിക സൂചനകള്‍. എന്നാല്‍ ഒരു സംശയവും തള്ളിക്കളയില്ലെന്നും അന്വേഷണം നടക്കുകയാണെന്നും സെന്‍ട്രല്‍ റേഞ്ച് ജോയിന്റ് പൊലീസ് കമ്മിഷണര്‍ രാജേഷ് ഖുറാന അറിയിച്ചു. മരിച്ചവരില്‍  75 വയസ്സുള്ളയാളും ഉള്‍പ്പെടുന്നു.

ബുരാരിയിലെ സാന്ത് നഗറില്‍ താമസിച്ചിരുന്ന രണ്ടുനില വീടിനു സമീപം പലചരക്ക്, പ്ലൈവുഡ് വ്യാപാരം നടത്തുകയായിരുന്നു കുടുംബം. എല്ലാ ദിവസവും പുലര്‍ച്ചെ ആറിനു തുറക്കുന്ന കട ഞായറാഴ്ച രാവിലെ 7.30 ആയിട്ടും തുറക്കാതെ വന്നതോടെയാണ് അയല്‍ക്കാര്‍ അന്വേഷിച്ചുചെന്നത്. വാതില്‍ തുറന്നപ്പോള്‍ത്തനെ തൂങ്ങിനില്‍ക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്തി. പൊലീസെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. പോലിസിനോട് സംസാരിച്ചതായും അന്വേഷണ ഫലത്തിനായി കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar