ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി.

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ ഏഴായിരത്തോളം അര്‍ദ്ധ സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. ഡല്‍ഹി പൊലീസും സ്ഥലത്തുണ്ട്. കലാപബാധിത പ്രദേശങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. കോണ്‍ഗ്രസിനായി അഞ്ചംഗ സംഘം ഇന്ന് പലയിടങ്ങളിലുമെത്തി. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സോണിയ ഗാന്ധി സംഘത്തോട് ആവശ്യപ്പെട്ടു. ലഫ് ജനറല്‍ അനില്‍ ബൈജാലും വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി.
കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബി.എസ്.പി ദേശീയ അദ്ധ്യക്ഷ മായാവതി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അവര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതി. അതിനിടെ, കലാപത്തിന് കാരണമായെന്ന് കരുതപ്പെടുന്ന വിദ്വേഷ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവ് കപില്‍ മിശ്രയെ കേന്ദ്രസര്‍ക്കാര്‍ ആദ്യമായി തള്ളിപ്പറഞ്ഞു. അത്തരം പ്രസ്താവനകള്‍ പാര്‍ട്ടി ഒരിക്കലും അംഗീകരിക്കുന്നില്ലെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മിശ്രയ്ക്കെതിരെ രോഷം ശക്തമായ സാഹചര്യത്തിലാണ് ബി.ജെ.പി സ്വന്തം നേതാവിനെ തള്ളിപ്പറയുന്നത്. മറ്റൊരു ഷാഹീന്‍ബാഗ് അനുവദിക്കില്ലെന്നും പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പൊലീസിന് മൂന്നു ദിവസത്തെ സമയം നല്‍കുന്നു എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അല്ലെങ്കില്‍ തങ്ങള്‍ ഇടപെടുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കലാപമുണ്ടായത്. ഡി.സി.പി വേദ് പ്രകാശിനെ സാക്ഷി നിര്‍ത്തിയായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന. കോണ്‍ഗ്രസ് തങ്ങള്‍ക്ക് രാജധര്‍മ്മം പഠിപ്പിക്കേണ്ടതില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 48 കേസുകളാണ് ഫയല്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 41 കേസുകള്‍ കലാപമുണ്ടാക്കിയതിനും നാലെണ്ണം കൊലപാതകത്തിനുമാണ്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar