വെറുപ്പിന്റെ രോഗാണുവും ഒരുമയുടെ പ്രകാശരേണുവും

:…………..ഡോ.പുത്തൂര്‍ റഹ്മാന്‍……………:

മാരകമായ രോഗാണു, വിഷബീജം ഏതാണ്?. ഇപ്പോഴത്തെ പെട്ടന്നുള്ള ഉത്തരം നിപ്പാ എന്നാവാനാണു സാധ്യത. എപ്പോഴത്തേക്കുമുള്ള ഉത്തരം മറ്റൊന്നാണ്. വെറുപ്പാണ് ഏറ്റവും മാരകമായ രോഗാണു. വെറുപ്പ് മനസ്സില്‍ പ്രവേശിക്കുന്നതോടെ ഇര അതുവരെ ഉണ്ടായിരുന്ന ആളല്ലാതാവുന്നു. അയാളില്‍ നിന്നത് പെറ്റു പെരുകുന്ന വൈറസു കണക്കേ ചുറ്റുവട്ടങ്ങളിലേക്കു വ്യാപിക്കുന്നു. പെട്ടന്ന് സമൂഹ ശരീരത്തെ തന്നെ വെറുപ്പിന്റെ രോഗാണു കീഴടക്കുന്നു. വൈറസുകളേക്കാള്‍ വേഗത്തില്‍ അതു കണ്ണുകളെ അന്ധമാക്കുകയും കേള്‍വിയെ ബധിരമാക്കുകയും പകയുടെ താവളമായി ഇരയുടെ ബോധത്തെ മാറ്റുകയും ചെയ്യുന്നു. ഇപ്പോഴത്തെ ഇന്ത്യനവസ്ഥയുടെ മൂലകാരണം ഈ വെറുപ്പിന്റെ രോഗബാധയാണെന്നതില്‍ സംശയമില്ലാത്തവരാണ് രാജ്യത്തെ പൗരന്മാരില്‍ അറുപതു ശതമാനത്തിലേറെയും. വെറുപ്പിന്റെ ഈ രോഗ പ്രസരണത്തെ പ്രതിരോധിക്കാന്‍ ആ മഹാഭൂരിപക്ഷത്തിനാകും എന്നതിന്റെ സൂചനകള്‍ അതു കൊണ്ടാണ് നമ്മെ വളരെയേറെ ആഹ്ലാദിപ്പിക്കുന്നത്.

പോയവാരം ഫലം പ്രഖ്യാപിക്കപ്പെട്ട കൈരാന ഉള്‍പ്പടെയുള്ള ഉപതെരഞ്ഞെടുപ്പുകള്‍ ഈ രോഗാണുവിനെ അതിന്റെ ഉറവിടത്തില്‍ പ്രതിരോധിക്കാനുള്ള ശേഷി രാജ്യത്തെ ജനാധിപത്യത്തിനും മതേതര സമൂഹത്തിനും ഉണ്ടെന്ന കാര്യം ഒന്നു കൂടെ ഉറപ്പു വരുത്തി. നേരത്തെ വെറുപ്പിന്റെ രോഗാണുക്കള്‍ യഥേഷ്ടം വിഹരിച്ച ദേശമാണ് കൈരാന. 2014-ലെ പൊതു തെരഞ്ഞെടുപ്പില്‍ ഈ വിദ്വേഷ പ്രചാരണത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ രാജ്യം കണ്ടു. രാജ്യത്താകെ മുസ്ലിംകളെയും ദളിതുകളെയും പ്രതി ചേര്‍ത്ത് അവതരിക്കപ്പെടുന്ന എല്ലാ വിദ്വേഷ നിര്‍മിതികളും ഒന്നിച്ചു പടുക്കപ്പെട്ടിരുന്നു കൈരാനയില്‍. ഹുകും സിംങ് എന്ന സ്ഥലം എം.പി തന്നെയായിരുന്നു അതിനു മുന്‍കയ്യെടുത്തത്. കൈരാനയില്‍ മുസ്ലിംകള്‍ അവിടത്തെ ഹിന്ദു സഹോദരങ്ങളെ ആട്ടിപ്പായിക്കുന്ന സ്ഥിതിയുണ്ടെന്നും കൂട്ടത്തോടെ പലായനം ചെയ്യുകയാണ് പ്രദേശത്തെ ഹൈന്ദവ സഹോദരങ്ങള്‍ എന്നുമായിരുന്നു പ്രചാരണം. തൊഴിലിനും മറ്റുമായി വീടുകള്‍ അടച്ചിട്ടു പോകാറുള്ള ഗ്രാമീണരുടെ പാര്‍പ്പിടങ്ങളുടെ ആളൊഴിഞ്ഞ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് ദേശീയ മാധ്യങ്ങള്‍ ഈ പ്രജാരണം ഏറ്റെടുത്തു. ബി.ജ.പിയും അമിത് ഷായും ഈ വെറുപ്പിന്റെ പ്രചാരണത്തിനു കാര്‍മ്മികത്വം വഹിച്ചു. ഒടുക്കം ഹുക്കും സിങ്ങ് തനിക്കു പറ്റിയ അബദ്ധം തുറന്നു പറഞ്ഞെങ്കിലും തുറന്നു വിടപ്പെട്ട രോഗാണു രാജ്യത്തിന്റെ അനേകം കോണുകളില്‍ ജന സഹസ്രങ്ങളെ ഇരയാക്കി കഴിഞ്ഞിരുന്നു. ലൗ ജിഹാദ് തുടങ്ങി മറ്റനേകം വ്യാജങ്ങളും കൈരാനയെ മനുഷ്യര്‍ പരസ്പരം വെറുക്കുന്ന ഒരിടമാക്കി മാറ്റി. പോള്‍ ചെയ്ത വോട്ടിന്റെ പകുതിയോളം സ്വ്ന്തമാക്കി ബി.ജെ.പി സ്ഥാനാര്‍ത്ഥി അന്നു വിജയം നേടിയ കൈരാനയില്‍ ഇപ്പോള്‍ തബസ്സും ബീഗം വീണ്ടും വിജയം നേടിയിരിക്കുന്നു. 2009-ല്‍ കൈരാന എം.പിയായിരുന്ന അവര്‍ വെറുപ്പിനെ ചെറുത്തു തോല്‍പ്പിക്കാനുള്ള രാജ്യത്തെ പൗരന്മാരുടെ പ്രതിരോധ ശക്തിയില്‍ നേടിയതാണ് ഇപ്പോഴത്തെ വിജയം എന്നു പറയാതെ വയ്യ. വെറുപ്പിന്റെ വൈതാളികര്‍ക്കെതിരെ രാജ്യത്തിന്റെ ഒരുമ പ്രകടമായ വേളയുമായി അത്. വിട്ടുവീഴ്ച ചെയ്തു കൊണ്ട് കോണ്‍ഗ്രസ്സും പ്രാദേശീക രാഷ്ട്രീയ കക്ഷികളും കൈകോര്‍ത്താല്‍ തീരുന്ന വിപത്തേ ഇപ്പോഴും രാജ്യത്തെ ഗ്രസിച്ചിട്ടുള്ളൂ എന്നു നമ്മെ അതു ബോധ്യപ്പെടുത്തി. വിട്ടുവീഴ്ച ചെയ്യുക, വന്‍ വീഴ്ചകള്‍ ഒഴിവാക്കാം, സംഘ് പരിവാര്‍ വാഴ്ച അങ്ങനെ അവസാനിപ്പിക്കാനാകും എന്നു രാജ്യത്തിനു ബോധ്യമായി. ഈ ഒരുമയുടെ പ്രകാശ രേണു ഊതിക്കെടുത്താനാകും ഇനി സംഘപരിവാറിന്റെ യജ്ഞം എന്നതും പറയാതെ വയ്യ.

സംഘപരിവാര്‍ ആ പേര് സൂചിപ്പിക്കുന്നതുപോലെ, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ വ്യത്യസ്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുടെ ഒരു കുടുംബമാണ്. ആ കുടുംബത്തിന്റെ കാരണവരായി ആര്‍.എസ്.എസ്സും. പ്രത്യക്ഷത്തില്‍ ഭി്ന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നു തോന്നിച്ചു കൊണ്ട്, ഈ സംഘടനകളെല്ലാം ഒരേ താളത്തില്‍ നീങ്ങുന്ന ലക്ഷ്യം രാജ്യത്തെ വെറുപ്പിന്റെ ശവപ്പറമ്പാക്കുക എന്നതാണ്. ജാതിയും മതവും ജ്ഞാനവും കലയുമെല്ലാം ഇതിനുള്ള ഉപായങ്ങളാക്കി അവര്‍ മാറ്റുന്നുണ്ട്. ഓരോ സംഘടനയും നടപ്പാക്കുന്നത് ആര്‍.എസ്. എസ് ഏല്‍പിച്ച കൂട്ടുത്തരവാദിത്തമായിരിക്കും. പരമത ബഹുമാനവും സഹിഷ്ണുതയും കൊണ്ട് ലോക ചരിത്രത്തെ അതിശയിപ്പിക്കുകയും വൈദേശിക മതങ്ങളെയും ചിന്തകളെയും ഹൃദയ പൂര്‍വ്വം സ്വീകരിക്കുയും ചെയ്ത ഭാരതീയ പൈതൃകത്തെ നിരാകരിച്ചു കൊണ്ട് ഈ പ്രചാരവേലയും കൊല്ലും കൊലയും ഇന്ത്യയില്‍ സംഘടിപ്പിക്കപ്പെടുന്നു. സംഘപരിവാര്‍ സംഘടനകള്‍ ഒന്നിച്ച് തങ്ങളുടെ നിര്‍ണായക സമയം ആഗതമായിരിക്കുന്നുവെന്ന വിശ്വാസത്തോടെയാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യം നേരിടുന്ന ദുരിതമായി പരിണമിച്ചിരിക്കുന്ന മോഡി പ്രഭാവം എന്ന മിഥ്യയാണിതിന് അവര്‍ക്കു പ്രേരണ. എല്ലാ ഒളിയജണ്ടകളും വെളിച്ചത്തു വരാന്‍ തുടങ്ങിയത് അങ്ങനെയാണ്.

രാജ്യത്ത് വര്‍ഗീയ കലാപത്തിനുള്ള സാധ്യത എറ്റവും സൂക്ഷ്മതയോടെ നോക്കിയിരിക്കുന്നവരാണ് സംഘ പരിവാര്‍. മുസ്ലിംകളുടെ വെള്ളിയാഴ്ചത്തെ ജുമാ നമസ്‌കാരം തടസപ്പെടുത്തിയയാണ് ഹരിയാനയില്‍ സംഘം ഭീകരത അഴിച്ചുവിട്ടത്. ദരിദ്രരും നിത്യവേലക്കാരുമായ മുസ്ലിംകള്‍ പൊതു സ്ഥലത്തു ആരാധന നടത്തുന്നത് ഒരു പുതിയ സംഗതിയല്ല. അതിനെ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനുള്ള മുസ്ലിംകളുടെ ഉപായമായി പ്രചരിപ്പിച്ചു. വ്ിദ്വേഷം ആളിക്കത്തിച്ചു. ഹരിയാനയിലെ ഗുഡ്ഗാവില്‍ നമസ്‌കാരിക്കനെത്തിയ വിശ്വാസികളെ വച്ചായിരുന്നു ഈ വെറുപ്പിന്റെ പുതിയ രോഗാണു പരീക്ഷിക്കപ്പെട്ടത്. ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്, ശിവസേന, ഹിന്ദു ജാഗണര്‍ മഞ്ച്, അഖില ഭാരതീയ ഹിന്ദുക്രാന്തി ദള്‍ എന്നീ സംഘടനകള്‍ ചേര്‍ന്നായിരുന്നു ഇത്. അതേ സമയം നമ്മള്‍ വാര്‍ത്തകളില്‍ വായിക്കുന്നത് കേന്ദ്ര മന്ത്രിമാര്‍ കൂട്ടേെത്താടെ ആര്‍.എസ്.എസ് ആസ്ഥാനത്തു ചെന്നതും പദ്ധതികള്‍ ചര്‍ച്ച ചെയ്തതുമാണ്. പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രിമാര്‍ ആര്‍.എസ്.എസ്. ആസ്ഥാനത്തു ചെന്നു ദേശീയ നേതാവുമായി കൂടിക്കാഴ്ച നടത്തിയതും നയരൂപീകരണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആര്‍.എസ്.എസ് നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചു തന്നെയാണു തങ്ങള്‍ രാജ്യം ഭരിക്കുക എന്നതു വിളംബരപ്പെടുത്താന്‍ ഉദ്ദേശിച്ചു തന്നെയുള്ള കൂടിക്കാഴ്ചയായിരുന്നു അത്.

കൈരാനയിലേതു കണക്കുള്ള പ്രകാശ രേണുക്കള്‍ നമ്മെ നേരിയ ആഹ്ലാദത്തിനേ അനുവദിക്കുന്നുള്ളൂ എന്നതാണ് വാസ്തവം. സംഘ് പരിവാര്‍ അജണ്ട കൃത്യമായി നടപ്പാക്കാന്‍ പ്രത്യക്ഷമായി തന്നെ ഇന്ത്യന്‍ ഭരണകൂട സംവിധാനം തയ്യാറാവുന്ന ഒരു കാലത്താണു നമ്മള്‍. ഇതു വരെ അജണ്ടയെന്നു നമ്മള്‍ ഭയന്നിരുന്ന കാര്യങ്ങള്‍ പ്രൊജക്റ്റുകളായി മാറുന്നതാണിനി നമ്മള്‍ കാണുക. അതിനുള്ള ഔദ്യോഗികമായ നീക്കങ്ങള്‍ ഒരു വശത്തും വെറുപ്പിന്റെയും ഭയത്തിന്റെയും വി്ഷബീജങ്ങള്‍ വളര്‍ത്തുന്ന നീക്കങ്ങള്‍ മറുവശത്തും പുരോഗമിക്കുന്ന നാളുകളാണ് മുന്നില്‍. മോാദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച മിഷന്‍ 272 ക്യാമ്പയിന്‍ നയിച്ച ബിജെപിയുടെ ഐ.ടി സെല്‍ എത്ര ആസൂത്രണത്തോടെയാണ് വെറുപ്പിന്റെ പ്രചാരണം നിര്‍വഹിക്കുന്നതെന്ന് ഒരു വര്‍ഷത്തോളം വളണ്ടിയര്‍ ആയി പ്രവര്‍ത്തിച്ചും സ്വയം് പുറത്തുവന്ന സാധ്വി കോസ്ല വെളിപ്പെടുത്തുകയുണ്ടായി. അശോകാ റോഡിലെ ബിജെപി ആസ്ഥാനം കേന്ദ്രീകരിച്ചു സെല്‍ നടത്തിയ ഘട്ടം ഘട്ടമായ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ്സ് വിരുദ്ധവികാരവും സമാന്തരമായി മോദി വികാരവും ഉയര്‍ത്തി കൊണ്ടു വരികയായിരുന്നു എന്നവര്‍ വ്യക്തമാക്കി. അണ്ണാ ഹസാരെയുടെ ക്യാമ്പയിന്‍ ഉയര്‍ത്തിയ അഴിമതി വിരുദ്ധവികാരം രാജ്യത്താകെ കോണ്‍ഗ്രസ്സ് വിരുദ്ധതയുടെ ഒരന്തരീക്ഷം ഉണ്ടാക്കിയെടുത്തതു നമ്മളൊക്കെ കണ്ടതാണ്. നമ്മളും അന്നത്തെ തരംഗങ്ങളില്‍ പെട്ടു പോയവരാണ്. ആ ക്യാമ്പയിന്‍ പൂര്‍ണ്ണമായും ആര്‍.എസ്.എസ് സ്‌പോണ്‍സര്‍ ചെയ്തതായിരുന്നുവെന്നും ഇപ്പോഴത്തെ രാജ്യരക്ഷാ ഉപദേഷ്ടാവ് അജിത് ഡൊവല്‍ നേരിട്ടായിരുന്നു അതു നടപ്പാക്കിയതെന്നും ഇപ്പോള്‍ കോസ്ല വെളിപ്പെടുത്തുന്നു. അഥവാ അഴിമതി വിരുദ്ധത ആയിരുന്നില്ല, മോദിയെ അവതരിപ്പിക്കാനുള്ള റിഹേഴ്‌സലായിരുന്നു അത്. നമ്മളും അതിനു നമ്മളാലാകുന്ന പിന്തുണ നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ്സിനേയും അതിന്റെ നേതാക്കളേയും അധിക്ഷേപിക്കുന്ന ഒരു വലിയ പ്രൊപ്പഗാന്‍ഡ തന്നെ ആ സമയത്ത് നടന്നു. മഹാത്മാ ഗാന്ധി, ജവഹര്‍ ലാല്‍ നെഹ്രു, ഇന്ദിരാ ഗാന്ധി തുടങ്ങിയ എല്ലാ കോണ്‍ഗ്രസ്സ് നേതാക്കളേയും മോശം പ്രതിച്ഛായയില്‍ അവതരിപ്പിക്കുന്ന ഫോര്‍വേര്‍ഡുകളും ഷെയറുകളും വ്യാപകമായിരുന്നു. ഇത്തരം ഫെയ്ക് പ്രൊപ്പഗാന്‍ഡകളില്‍ വീണുപോയ നിരവധിപേരില്‍ ഒരാളായിരുന്നു കോസ്ലയെന്ന് അവര്‍ സ്വയം പശ്ചാത്തപിക്കുന്നുണ്ട്.

ഇതേ പ്രോപ്പഗണ്ടയുടെ ഇരകളായി നമ്മുടെ എത്രയോ സുഹൃത്തുക്കള്‍ മാറിക്കഴിഞ്ഞു എന്നതാണ് ഏറെ വേദനാജനകം. പ്രോപ്പഗണ്ടാ മെഷിനറികളായി വര്‍ത്തിക്കുന്ന നവമാധ്യമ സംവിധാനങ്ങള്‍ക്കു പുറമേ, രാജ്യത്തെ മാധ്യമങ്ങളില്‍ വലിയൊരു പങ്ക് ഇപ്പോള്‍ സംഘ പരിവാറിന്റെ കയ്യിലാണ്. കോബ്ര പോസ്റ്റ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷന്‍ അതിന്റെ ഭീകരത മുഴുവന്‍ വെളിപ്പെടുത്തി. കാശു കിട്ടിയാല്‍ എന്തും എഴുതിപ്പിടിപ്പിക്കാമെന്ന ഒപ്പിട്ടു കൊടുക്കുന്ന മാധ്യമങ്ങള്‍. ശരിയായ മാധ്യമ ഭീകരത. ചൊല്‍പ്പടിയിലുള്ള കോര്‍പ്പറേറ്റുകളെ കൊണ്ട് മാധ്യമങ്ങളെ മുഴുവന്‍ ഇങ്ങനെ നിയന്ത്രിക്കാനാകുന്നു. വ്യാജങ്ങളായ വാര്‍ത്തകളും സാഹിത്യവും ചരിത്രവും രചിക്കപ്പെടുന്നു. അവ കൃത്യമായ ലക്ഷ്യങ്ങളിലേക്ക് തൊടുക്കപ്പെടുന്ന വിഷം പുരട്ടിയ അമ്പുകള്‍ പോലെ പ്രവര്‍ത്തിക്കുന്നു. മുസ്ലീങ്ങള്‍ക്കെതിരെയുള്ള വംശീയ അധിക്ഷേപങ്ങളും ഹിന്ദുക്കള്‍ അപകടത്തിലാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും രാജ്യത്തെ ജനങ്ങളെ ഇങ്ങനെ സാമുദായികമായി ധ്രുവീകരിക്കുന്നതിനുള്ള തന്ത്രങ്ങളാണ്. ഈ സാമുദായിക ധ്രുവീകരണ തന്ത്രം എത്ര കണ്ടു ഫലപ്രദമായും അപകടകരമായുമാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ നമ്മുടെ തന്നെ ഉറ്റ മിത്രങ്ങളായിരുന്ന എത്ര സുഹൃത്തുക്കള്‍ ഇപ്പോള്‍ നമ്മളില്‍ നിന്നു അകലം പാലിക്കുകയോ പഴയു പോലെ അടുപ്പം കാണിക്കുകയോ ചയ്യുന്നില്ല എന്നതൊന്നു മനസ്സില്‍ കണക്കാക്കി നോക്കിയാല്‍ മാതി. എറ്റവും വലിയ രോഗാണു വെറുപ്പിന്റെ വിഷബീജങ്ങളാണെന്ന് അപ്പോള്‍ അവനവന്റെ അനുഭവത്തിലൂടെ നമുക്കുറപ്പാകും.

കടപ്പാട് :ചന്ദ്രിക ദിനപ്പത്രം

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar