വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ ഇ.സി.ജി. സുദർശൻ അന്തരിച്ചു

കോട്ടയം: ഭൗതികശാസ്ത്രത്തി ലെ അതുല്യപ്രതിഭയും മലയാളിയുമായ ഇ.സി.ജി. സുദർശൻ (86) അന്തരിച്ചു. അമേരിക്കയിലെ ടെക്സസിലായിരുന്നു അന്ത്യം. ഒന്‍പതു തവണ
ഭൗതികശാസ്ത്ര നൊബേൽ സമ്മാനത്തിനു പരിഗണിക്കപ്പെട്ടെങ്കിലും സമ്മാനം ലഭിച്ചില്ല. പ്രകാശത്തേക്കൾ വേഗത്തിൽ സഞ്ചരിക്കുന്ന ടാക്കിയോണ് കണികകളെ സംബന്ധിച്ച പരികല്പനകളാണു ഭൗതികശാസ്ത്രത്തിൽ സുദർശനു ലോകശ്രദ്ധ നേടിക്കൊടുത്തത്.
ക്വാണ്ടം വ്യൂഹങ്ങളെ തുടര്‍ച്ചയായി നിരീക്ഷിച്ചാല്‍ എന്തു സംഭവിക്കും എന്ന കാര്യം പരിഗണിക്കുന്ന ‘ക്വാണ്ടം സീറോ ഇഫക്ട്’ സുദര്‍ശന്റെ സുപ്രധാന സംഭാവനയാണ്. ക്വാണ്ടം ഒപ്റ്റിക്സായിരുന്നു സുദര്‍ശന്റെ ഇഷ്ടമേഖല. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പഠനനിരീക്ഷണങ്ങളും ഈ മേഖലയിലായിരുന്നു. കൂടാതെ, പാര്‍ട്ടിക്കിള്‍ ഫിസിക്സിലും നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സുദർശനു നൊബേല്‍ പുരസ്കാരം നല്‍കാത്തതു പിന്നീട് നിരവധി വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. 2007ൽ പദ്മവിഭൂഷണ് നല്കി രാജ്യം ഡോ. സുദർശനെ ആദരിച്ചു.
കോട്ടയം ജില്ലയിലെ പള്ളത്ത് 1931 സെപ്റ്റംബർ 16നാണ് അദ്ദേഹം ജനിച്ചത്. കോട്ടയം സിഎംഎസ്, മദ്രാസ് ക്രിസ്ത്യന്‍ കോളജുകളിലും ആയിരുന്നു ഉന്നതപഠനം. ഒരു വര്‍ഷം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ റസിഡന്റ് ട്യൂട്ടറായിരുന്നു.
മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ 1952 മുതല്‍ ‘55 വരെ റിസര്‍ച്ച് അസിസ്റ്റന്റായി. 1957 ല്‍ ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ സര്‍വകലാശാലയില്‍ ടീച്ചിംഗ് അസിസ്റ്റന്റായി.
പിതാവ് എണ്ണയ്ക്കൽ തറവാട്ടിൽ ഇ. ഐ. ചാണ്ടി റവന്യൂ സൂപ്പര്‍വൈസറും മാതാവ് അച്ചാമ്മ അധ്യാപികയും ആയിരുന്നു. തമിഴ്നാട് സ്വദേശിനി ഭാമതിയാണു ഭാര്യ. അലക്സാണ്ടര്‍, അരവിന്ദ്, അശോക് എന്നിവര്‍ മക്കളാണ്. അരവിന്ദ് നേരത്തെ മരിച്ചു.
0 Comments