തിയെറ്റർ പീഡനക്കേസിൽ വീണ്ടും പൊലീസിന്‍റെ ഒത്തുകളി.

മലപ്പുറം: വിവാദമായ എടപ്പാൾ തിയെറ്റർ പീഡനക്കേസിൽ വീണ്ടും പൊലീസിന്‍റെ ഒത്തുകളി. തിയെറ്ററിനുള്ളിൽ പത്തു വയസുകാരി പീഡനത്തിനു ഇരയായെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും സംഭവത്തിൽ നടപടി എടുക്കാതിരുന്ന ചങ്ങരംകുളം സ്റ്റേഷൻ‌ എസ്.ഐ കെ.ജി. ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. പീഡനവിവരം പുറത്ത് കൊണ്ടുവരാൻ സഹായിച്ച തിയെറ്റർ ഉടമ സതീഷിനെ അറസ്റ്റ് ചെയ്ത നടപടി വലിയ വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയ സാഹചര്യത്തിലാണ് മുഖം രക്ഷിക്കാനെന്ന രീതിയിൽ കെ.ജി. ബേബിയുടെ അറസ്റ്റും തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതെന്നുമാണ് വിവരം.

പോക്സോ നിയമത്തിനു കീഴിൽ വരുന്ന ഒരു പരാതി ലഭിച്ചാൽ 24 മണിക്കൂറിനകം നടപടി എടുക്കണമെന്നാണ് ചട്ടം. ഇക്കാര്യത്തിൽ ഗുരുതരമായ കൃത്യവിലോപം എസ്.ഐ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് പോക്സോ നിയമത്തിലെ 19, 21, 21(1), ഐ.പി.സി 166-എ എന്നീ വകുപ്പുകൾ പ്രകാരം എസ്.ഐക്കെതിരേ കേസെടുത്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം തിയെറ്റർ ഉടമയെ വിവരം അറിയിക്കാൻ വൈകിയെന്ന കാര്യം ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്തതോടെയാണ്, എസ്.ഐയ്ക്കെതിരെ കേസുണ്ടായിട്ടും ഇതുവരെ അറസ്റ്റ് പോലും രേഖപ്പെടുത്തിയിട്ടില്ലെന്ന പൊലീസിന്‍റെ ഒത്തുകളിയും തുറന്നു കാട്ടപ്പെട്ടത്.ഇതിനോടൊപ്പം തിയെറ്റർ ഉടമയുടെ അറസ്റ്റിൽ പൊലീസിനെതിരേ വ്യാപക പ്രതിഷേധവും ഉയർന്നതോടെയാണ് മുഖം രക്ഷിക്കാനായി കെ.ജി. ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം, തിയെറ്റര്‍ ഉടമയുടെ അറസ്റ്റും ജാമ്യവും പൊലീസിനു തന്നെ കുരുക്കാവുന്ന സ്ഥിതിയാണുള്ളത്. പോക്സോ നി‍യമപ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾ ചുമത്തിയാണ് തിയെറ്റർ ഉടമയെ അറസ്റ്റ് ചെയ്തത്. പോക്സോ കേസുകളില്‍ ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ കോടതിയുടെ അനുമതി തേടിയിരിക്കണം എന്നാണ് ചട്ടം. എന്നാൽ തിയെറ്റർ ഉടമയെ അറസ്റ്റ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. അതിനാൽ അറസ്റ്റ് നിയമവിരുദ്ധമാകുന്നു. ഇനി കോടതിയുടെ അനുമതിയുണ്ടായിരുന്നു എന്ന് പൊലീസ് വാദിച്ചാലും ജാമ്യം നൽകിയ നടപടി നിയമവിരുദ്ധമാകും. എന്തായാലും പൊലീസിന്‍റെ പ്രതികാര നടപടിയുടെ ഭാഗമായ അറസ്റ്റും ജാമ്യവും പൊലീസിനു തന്നെ കുരുക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar