അടിയന്തരാവസ്ഥയുടെ രാഷ്ട്രീയം.

അടിയന്തിരാവസ്ഥയുടെ രാഷ്ട്രീയവും അത് ഉയര്‍ത്തുന്ന വിപ്ലവ ചിന്തകളും ചെറുതല്ല. ജനാധിപത്യത്തിന്റെ കാവല്‍ എത്രമേല്‍ ഭദ്രമാകണമെന്ന മുന്നറിയിപ്പാണ് അടിയന്തിരാവസ്ഥ മുന്നോട്ടു വെക്കുന്നത്..
:………ഇ.കെ.ദിനേശന്‍……:
അടിയന്തരാവസ്ഥയുടെ ഓര്‍മ്മ,ഏകാധിപത്യ ഭരണകാലത്ത് നമ്മെ ചിലത് ഓര്‍മ്മപ്പെടുത്തുന്നുണ്ട്.എങ്ങനെയായിരുന്നു ഇന്ദിരാ ഗാന്ധിക്ക് ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിശ്വാസം നഷ്ട്ടമായത്. അതിന് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു.അധികാര മോഹം.ജനതക്ക് ഒരു ഭരണാധികാരിയെ വേണ്ട എന്നതിനര്‍ത്ഥം അവരുടെ നയ നിലപാടുകളും ഭരണരീതികളും രാജ്യതാല്‍പ്പര്യത്തിന് എതിരാണ് എന്നതാണ്.അതിന്റെ ഫലമായിട്ടാണ് ജനാധിപത്യപരമായ രീതിയില്‍ ജനം പ്രതികരിച്ചത്.അതിനെ ഭരണഘടനാപരമായി സ്വീകരിക്കുന്നതിന് പകരം അധികാരത്തെ തന്റെ താല്‍പ്പര്യത്തിന് അനുസരിച്ച് രൂപപ്പെടുത്തിയ ഇന്ദിര ഗാന്ധിയുടെ രീതികളോട് ഏറെ സമാനതയുണ്ട് ഇന്നത്തെ ഇന്ത്യന്‍ ഭരണരീതിക്ക്.
ജനാധിപത്യത്തിന്റെ അടിസ്ഥാന സ്വഭാവം രാജ്യത്തെ ജനങ്ങളുടെ താല്‍പ്പര്യത്തെ മാനിക്കുക എന്നതാണ്. ഏതൊരു ഭരണാധികാരിയുടെയും ഉത്തരവാദിത്വമാണത്. എന്നാല്‍ ജനാധിപത്യത്തിലെ ബഹുസ്വരതയെ ബോധപൂര്‍വ്വം തിരസ്‌ക്കരിക്കുകയും ഇന്ത്യയെ മത ദേശീയതയുടെ ഏകത്വത്തിലേക്ക് വലിച്ച് കൊണ്ടുപോവുകയും ചെയ്യുമ്പോള്‍ അവിടെ മാറ്റി നിര്‍ത്തപ്പെടുന്നത് ജനാധിപത്യം തന്നെയാണ്. രാജ്യത്തെ ജനങ്ങളുടെ താല്‍പ്പര്യത്തിനും അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കും പ്രധാന്യം നല്‍ക്കാതെ ഒരു ആഗോള നേതാവായി വളരാനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ താല്‍പ്പര്യം രാജ്യതാല്‍പ്പര്യമല്ല. മറിച്ച് അതില്‍ മുഴച്ച് നില്‍ക്കുന്നത് വ്യക്തിപരമായ താല്‍പ്പര്യമാണ്. ഇത്തരം ചുറ്റുപാടിലാണ് ജനാധിപത്യത്തെ ക്ഷയിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ഇടപെടല്‍ നടക്കുക.
നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് സമ്പ്രദായത്തോടുള്ള സംശയങ്ങളും,ജുഡീഷ്യറിയിലെ ഭരണകൂട താല്‍പ്പര്യങ്ങളും,ചില നേതാക്കളുടെ ഭരണത്തിലുള്ള ഇടപെടലും നമ്മുടെ ജനാധിപത്യ ശീലങ്ങള്‍ക്ക് എതിരാണ്.അത്തരം രീതികളാണ് ഏകാധിപത്യത്തിലേക്കുള്ള വഴി വെട്ടിക്കൊടുക്കുന്നത്.1972ന്റെ അവസാനത്തോടെ ഇന്ദിരാഗാഡിയുടെ ഭരണത്തിലും ഇത്തരം അപ്രമാദിത്വം പ്രകടമായിരുന്നു. ഭരണത്തിലും പാര്‍ട്ടിയിലും ഏക ശക്തിയായി മാറുന്ന അവസ്ഥ. ഇന്നത്തെ ബി.ജെ.പിഭരണത്തില്‍ പ്രധാനമന്ത്രിയുടെ റോള്‍ ഇത്തരം ചിന്താ പരിസരത്തിലേക്കാണ് രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. അന്ന് അടിയന്തരാവസ്ഥക്ക് എതിരെ ജെ.പി.പ്രസ്ഥാനത്തിന് ശക്തമായ പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞെങ്കില്‍ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ദുരന്തം ഇന്ത്യയില്‍ ഇന്ന് പ്രതിപക്ഷം ഇല്ല എന്നത് തന്നെ.
അന്ന് അടിയന്തരാവസ്ഥയെ പിന്തുണച്ച സി.പി.ഐ പ്രസ്ഥാനം അതിന് നല്‍കിയ ന്യായികരണം.’വലതുപക്ഷ അട്ടിമറിക്കെതിരെ ഭരണകൂടത്തിന്റെ ന്യായമായ പ്രതിരോധമാണ്.’ എന്നായിരുന്നു. ഇത്തരം ചിന്തയുടെ ഉറവിടം അധികാരം തന്നെ. അന്നത്തെ കേരള ഭരണത്തില്‍ കോണ്‍ഗ്രസ്സും സി.പി.ഐയും ഒന്നിച്ച് നിന്ന് നടത്തിയ പോലീസ് വാഴ്ച്ചയുടെ ഇരയായി നമുടെ മുമ്പില്‍ സഖാവ് രാജന്റെ പേര് മാത്രമേ വരുന്നുള്ളു. എന്നാല്‍ 60 ഓളം കസ്റ്റഡി മരണങ്ങള്‍ നടന്നതായി പലരും പറഞ്ഞിട്ടുണ്ട്. അധികാരത്തിന്റെ ലഹരിയില്‍ ജനതയേയും ജനാധിപത്യത്തെയും ചവിട്ടിമെതിക്കാന്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പോലും കഴിഞ്ഞിട്ടുണ്ടെങ്കില്‍ മതദേശീയതയില്‍ വിശ്വസിക്കുന്ന പാര്‍ട്ടിക്ക് അത് എളുപ്പത്തില്‍ കഴിയും. മഹത്തായ ജനാധിപത്യത്തെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുമ്പോഴും പ്രസ്ഥാനത്തില്‍ വളര്‍ന്ന വരുന്ന വ്യക്തി കേന്ദ്രീകൃത അധികാരസ്ഥാനങ്ങളെ ചോദ്യം ചെയ്യാന്‍ നമുടെ രാഷ്ട്രീയ സാക്ഷരതക്ക് കഴിയണം.
അടിയന്തരാവസ്ഥയെ ഓര്‍ക്കുക എന്നതിനര്‍ത്ഥം ജനാധിപത്യത്തെ സംരക്ഷിക്കുക എന്നതാണ്. കോടതിയും, പട്ടാളവും, ഭരണകൂടവും ഒരു നേതാവിന്റെ കല്‍പ്പനക്ക് പാകപ്പെട്ട് വരുന്നത് ഒറ്റ ദിവസം കൊണ്ടല്ല. അതിന്റെ മാറ്റത്തെ നിര്‍ണ്ണയിക്കുന്ന രീതികള്‍ അതിനു മുമ്പ് തന്നെ സമൂഹത്തില്‍ പ്രകടമായിരിക്കും. എന്നാല്‍ അപ്പോഴൊന്നും ഇത് എനിക്ക് ( ഞങ്ങള്‍ക്ക്) ബാധകമല്ല എന്ന ചിന്തയാണ് നേതാവിന്റെ ഏകാധിപത്യ ഒരുക്കപ്പെടലിന് ശക്തി പകരുന്നത്.ഇതിനെ തിരിച്ചറിഞ്ഞ് പ്രക്ഷോഭത്തിന്റെ വഴിയിലേക്ക് വളര്‍ത്തി കൊണ്ടുവരണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ത്തമാന ഇന്ത്യയില്‍ ദിനം പ്രതി ദുര്‍ബലപ്പെടുന്നു എന്നതാണ് വസ്തുത. അപ്പോഴും ഏക പ്രതീക്ഷ ജനാധിപത്യം തന്നെയാണ്. അടിയന്തരാവസ്ഥയുടെ രാഷ്ട്രീയം ജനങ്ങളോട് പറയുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ തന്നെ.
0 Comments