അമേരിക്കൻ എംബസി ടെൽ അവീവിൽനിന്ന് ജറുസലമിലേക്കു മാറ്റി സ്ഥാപിച്ചു.:വെടിവയ്പിൽ കുറഞ്ഞത് 52 പേർ കൊല്ലപ്പെട്ടു.

ജറുസലം: രക്തത്തിൽ കുതിർന്ന ദിനത്തിൽ ഇസ്രയേലിലെ അമേരിക്കൻ എംബസി ടെൽ അവീവിൽനിന്ന് ജറുസലമിലേക്കു മാറ്റി സ്ഥാപിച്ചു. എംബസി മാറ്റത്തിൽ പ്രതിഷേധിച്ച് ഗാസ അതിർത്തിയിൽ പലസ്തീൻകാർ നടത്തിയ പ്രതിഷേധത്തിനു നേർക്ക് ഇസ്രേലി സേന നടത്തിയ വെടിവയ്പിൽ കുറഞ്ഞത് 52 പേർ കൊല്ലപ്പെട്ടു. ഇതിൽ ഒരു പെൺകുട്ടിയടക്കം പ്രായപൂർത്തിയാകാത്ത അഞ്ചുപേർ ഉൾപ്പെടുന്നു. 2400 പേർക്കു പരിക്കേറ്റു. 116 പേരുടെ നില ഗുരുതരമാണ്.
ഇസ്രയേൽ സ്ഥാപനത്തിന്റെ 70-ാം വാർഷികമായിരുന്ന ഇന്നലെയുണ്ടായ കൂട്ടക്കുരുതി 2014ലെ ഗാസാ യുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ രക്തച്ചൊരിച്ചിലാണ്.
തങ്ങളുടെ ഭാവിരാഷ്ട്രത്തിന്റെ തലസ്ഥാനമായിട്ടാണ് കിഴക്കൻ ജറുസലമിനെ പലസ്തീൻകാർ കാണുന്നത്. ജറുസലമിലേക്ക് യുഎസ് എംബസി മാറ്റി സ്ഥാപിക്കുന്നതിനെ അവർ അതിശക്തമായി എതിർക്കുന്നു.
ജറുസലമിൽ എംബസി ഉദ്ഘാടനത്തിനു മുന്നോടിയായി, 70 കിലോമീറ്റർ അകലെ ഗാസയിൽ പലസ്തീൻ പ്രതിഷേധക്കാരും ഇസ്രേലി സേനയും തമ്മിൽ കടുത്ത സംഘർഷം അരങ്ങേറി. അതിർത്തിയോടു സമീപിച്ച പ്രതിഷേധക്കാർ കല്ലുകളും കത്തിച്ച ടയറുകളും പട്ടാളത്തിനു നേർക്കു വലിച്ചെറിഞ്ഞു.
വെടിവയ്പും അതിർത്തിവേലി പൊളിക്കാനുള്ള നീക്കവും ഉണ്ടായപ്പോഴാണ് തങ്ങൾ വെടിയുതിർത്തതെന്ന് ഇസ്രേലി സേന പറഞ്ഞു. ബോംബ് സ്ഥാപിക്കാൻ ശ്രമിച്ച മൂന്നുപേരെ വെടിവച്ചുകൊന്നുവെന്നും അവർ അറിയിച്ചു. ഹമാസിന്റെ ചില കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണവും നടത്തി.
ജറുസലമിലെ എംബസി ഉദ്ഘാടനച്ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്തില്ല. പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിന് അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നു വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. ഇസ്രയേലുമായി നയതന്ത്രബന്ധമുള്ള 86 രാജ്യങ്ങളിൽ 33 രാജ്യങ്ങളുടെ പ്രതിനിധികൾ മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ. ഒട്ടാകെ 800 അതിഥികൾ എത്തി. ട്രംപിന്റെ മകൾ ഇവാങ്കയും ഭർത്താവ് ജാരെദ് കുഷ്നറും അടക്കമുള്ള ഉന്നത യുഎസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
0 Comments