ഖത്തര്‍ ഗിഫ അവാര്‍ഡുകള്‍ എം എ റഹ്മാനും ഇബ്രാഹിം സുബ്ഹാനും സമ്മാനിച്ചു.

ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ ഗിഫ എക്‌സലന്റ് അവാര്‍ഡ് ഇബ്രാഹിം സുബ്ഹാന് കാലിക്കറ്റ് യുണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.കെ. മുഹമ്മദ് ബഷീര്‍ സമ്മാനിക്കുന്നു.

കോഴിക്കോട്‌:ഖത്തര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ (ഗിഫ) ഈ വര്‍ഷത്തെ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് എം.എ റഹ്മാനും എക്‌സലന്റ് അവാര്‍ഡ് ഇബ്രാഹിം സുബ്ഹാനും സമര്‍പ്പിച്ചു.കോഴിക്കോട് കടവ് രവീസ് ഇന്റര്‍നാഷണല്‍ കവെന്‍ഷന്‍ സെന്ററില്‍ നടന്ന വര്‍ണ്ണശബളമായ ചടങ്ങില്‍ കോഴിക്കോട് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ അവാര്‍ഡുകള്‍ വിതണം ചെയ്തു.
മനുഷ്യ കുലം സങ്കീര്‍ണമായ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച് കൊണ്ടാണ് മുന്നോട്ട് പോകുന്നതെന്നും പ്രകൃതി ദുരന്തങ്ങളും മനുഷ്യന്റെ തന്നെ ഇതര പ്രശ്‌നങ്ങളും മാനവരാശിയുടെ സമാധാനപൂര്‍വ്വമായ സഹവര്‍ത്തിത്വത്തിനും പുരോഗതിക്കും തടസങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഈ പ്രതിസന്ധിയെ മറികടക്കാന്‍ ഏകമാനവികതയില്‍ ഊന്നിയ സ്‌നേഹവും സാഹോദര്യവും നിറഞ്ഞ ചിന്താഗതിക്ക് മാത്രമെ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ കിംഗ്‌സ് യുണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.എസ്. സെല്‍വിന്‍ കുമാര്‍,പ്രൊഫ എം.അബ്ദുല്‍ അലി,അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, കോഴിക്കോട് സര്‍വ്വകലാശാല ജേര്‍ണലിസം വകുപ്പ് മേധാവി ഡോ.എന്‍ മുഹമ്മദ് അലി,മീഡിയ പ്‌ളസ് സി.ഇ.ഒ ഡോ.അമാനുല്ല വടക്കാങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു.
കാസര്‍ക്കോട് ജില്ലയിലെ ഉദുമ സ്വദേശിയായ റഹ്മാന്‍ കഥാകൃത്ത്, ചിത്രകാരന്‍, ഫോട്ടോഗ്രാഫര്‍, ചലച്ചിത്ര സംവിധായകന്‍ എന്നീ നിലയില്‍ ശ്രദ്ധേയനാണ്. ഇപ്പോള്‍ കാസര്‍ഗോട്ടെ എന്റോ സള്‍ഫാന്‍ ദുരിത ബാധിതര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയാണ്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഗള്‍ഫില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള എക്‌സലന്‍സ് അവാര്‍ഡ് റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഫോറം പ്രതിനിധി ഇബ്‌റാഹീം സുബ്ഹാന്‍ ഏറ്റുവാങ്ങി.മലപ്പുറം സ്വദേശിയായ സുബ്ഹാന്‍ ഇന്ത്യയിലും ഗള്‍ഫിലും ശാസ്ത്ര സാമൂഹ്യ രംഗങ്ങളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ്.നിരവധി രാജ്യങ്ങളില്‍ എനര്‍ജി സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുള്ള അദ്ദേഹം ഒട്ടനവധി പ്രബന്ധങ്ങള്‍ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്.

 

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar