ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും കൊമ്പ്‌കോര്‍ക്കുന്നു. ഞാന്‍ റബ്ബര്‍ സ്റ്റാമ്പല്ല.

തിരുവനന്തപുരം.ഗവര്‍ണ്ണറും സംസ്ഥാന സര്‍ക്കാറും തമ്മില്‍ തുടരുന്ന ശീതസമരം പുതിയ മാനം കൈവരിച്ച് കൂടുതല്‍ വഷളാകുന്നു. കേന്ദ്ര സര്‍ക്കാര്‍ ഭാഗം ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഗവര്‍ണ്ണറെ പൂര്‍ണ്ണമായും അവഗണിക്കുകയാണ് സംസ്ഥാന ഭരണകൂടമെന്നാണ് ഇപ്പോള്‍ ഗവര്‍ണ്ണര്‍ തുറന്നടിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്ത സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.. പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി പ്രോട്ടോക്കോള്‍ ലംഘനമാണ്. ഗവര്‍ണറോട് ആലോചിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതില്‍ പോകുന്നതില്‍ എതിരല്ല. ഭരണഘടന പ്രകാരം അവര്‍ക്ക് അതിന് അവകാശമുണ്ട്. പക്ഷെ ആ വിവരം ഗവര്‍ണറെ അറിയിച്ചില്ല. ഞാനൊരു റബ്ബര്‍ സ്റ്റാമ്പല്ലെന്നു പ്രതികരിച്ച ഗവര്‍ണര്‍ സര്‍ക്കാര്‍ നടപടി അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണെന്നും വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടാനില്ലെന്ന് നേരത്തെ ?ഗവര്‍ണര്‍ നിലപാടെടുത്തിരുന്നു. ഇക്കാര്യത്തിലും അദ്ദേഹം പ്രതികരിച്ചു. ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന് പറഞ്ഞിട്ടില്ല. വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിനെ കുറിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുക മാത്രമാണ് ചെയ്തത്. തീരുമാനം എടുക്കുന്നതിന് മുമ്പ് തൃപ്തി തോന്നണം. അതിന്റെ നിയമ വശങ്ങള്‍ പരിശോധിക്കുകയാണ്. നിയമസഭ ചേരാനിരിക്കുകയാണ്. ഭരണഘടനയും നിയമവും ആരും മറികടക്കരുതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പൗരത്വ നിയമത്തിനെതിരായ പ്രമേയം പോലെ ഇതും നിയമസഭയില്‍ കൊണ്ട് വന്ന് പാസാക്കിക്കൂടെയെന്ന് തദ്ദേശമന്ത്രി എ.സി മൊയ്തീനോട് ഗവര്‍ണര്‍ നേരിട്ട് ചോദിച്ചിരുന്നു. രാവിലെ കൊല്ലത്ത് നടന്ന പരിപാടിക്കിടെയാണ് എ.സി മൊയ്തീനോട് നേരിട്ട് തന്നെ ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. പ്രമേയം പാസാക്കിയത് പോലെ ഇതും നിയമസഭയില്‍ കൊണ്ട് വന്ന് നിയമമാക്കിക്കൂടെയെന്ന തരത്തില്‍ ഗവര്‍ണര്‍ പരിഹാസം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷവും നേരത്തെ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.
0 Comments