ഹനാനെതിരെ നടന്നത് സോഷ്യല്‍ മീഡിയ ഗുണ്ടായിസം,സംസ്ഥാന വനിത കമ്മിഷന്‍

കൊച്ചി: പഠനച്ചെലവിനും കുടുംബം പോറ്റാനുമായി കൊച്ചിയില്‍ മീന്‍ വില്‍പ്പന നടത്തിയ കോളെജ് വിദ്യാര്‍ഥിനി ഹനാനെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന വനിത കമ്മിഷന്‍ പൊലീസിനു നിര്‍ദേശം നല്‍കി. ഹനാനെ കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിച്ചവരെ പ്രത്യേക സിറ്റിങ്ങുകളില്‍ വിളിച്ചു വരുത്തി വിചാരണ ചെയ്യുമെന്നും കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു.
ഹനാനെതിരെ നടന്നത് സോഷ്യല്‍ മീഡിയ ഗുണ്ടായിസമാണ്. അതിജീവനത്തിന് വേണ്ടി പോരാടാന്‍ തീരുമാനിച്ച പെണ്‍കുട്ടിക്ക് ഇത്തരത്തില്‍ ആക്ഷേപം നേരിടേണ്ടി വന്നത് സമൂഹത്തിന്റെ മാത്രം കുഴപ്പമാണ്. സഹായഹസ്തം നീട്ടേണ്ടതിന് പകരം ആ കുട്ടിയെ മാധ്യമ വിചാരണയ്ക്ക് ഇരയാക്കിയവര്‍ സാമൂഹ്യദ്രോഹികളാണ്. ഹനാന്‍ ചെറുത്തു നില്‍പ്പിന്റെ പ്രതീകമാണെന്നും നാളെ കൊച്ചിയിലെത്തി ഹനാനെ നേരിട്ട് കാണുമെന്നും ജോസഫൈന്‍ വ്യക്തമാക്കി.
അതിനിടെ ഹനാനെതിരെ സൈബര്‍ ആക്രമണത്തിനു തുടക്കമിട്ട യുവാവ് ഫെയ്‌സ്ബുക്കില്‍ നിന്നു പോസ്റ്റുകള്‍ പിന്‍വലിച്ചു. വയനാട് സ്വദേശി നൂറുദീന്‍ ഷേക്കായിരുന്നു ഹനാനെതിരേ അപവാദ പ്രചാരണത്തിന് തുടക്കമിട്ടത്. ഹനാന്റെ മീന്‍ വില്‍പ്പന അഭിനയമാണെന്ന ആരോപണമുയര്‍ത്തി രണ്ടുദിവസം മുമ്പ് നാല് മണിക്കൂറിനിടെ പത്തോളം ഫെയ്‌സ്ബുക്ക് ലൈവുകളാണ് ഇയാള്‍ നടത്തിയത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ ഹനാനെതിരെ വ്യാപക സൈബര്‍ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെ ഹനാന്റെ ജീവിതകഥ മാധ്യമങ്ങള്‍ പുറത്തെത്തിച്ചതോടെ ഇയാള്‍ പോസ്റ്റുകള്‍ പിന്‍വലിച്ചത്.
0 Comments