രോഗശാന്തി ലഭിച്ചതു പ്രാര്‍ഥനയിലൂടെയല്ലെന്നും മരുന്നുകഴിച്ചിട്ടാണെന്നും എം. സുരേന്ദ്രന്‍

തനിക്കു രോഗശാന്തി ലഭിച്ചതു പ്രാര്‍ഥനയിലൂടെയല്ലെന്നും മരുന്നുകഴിച്ചിട്ടാണെന്നും സി.പി.എം. ആലപ്പുഴ ജില്ലാ സെക്രേട്ടറിയറ്റ് അംഗവും ചെത്തുതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം. സുരേന്ദ്രന്‍. പ്രാര്‍ഥനയിലൂടെ സി.പി.എം നേതാവിനു രോഗശാന്തി ലഭിച്ചെന്ന ആലപ്പുഴ പുന്നപ്ര ഐ.എം. എസ്. ധ്യാനഭവന്റെ മുഖപത്രത്തിലെ പരസ്യം വിവാദമായതോടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏറെക്കാലമായി തനിക്കു പ്രമേഹവും രക്തസമ്മര്‍ദവുമുണ്ട്. അതിനു മരുന്നുകഴിച്ചുവരികയായിരുന്നു.ഇപ്പോള്‍ രോഗം നിയന്ത്രണവിധേയമാണ്. എങ്കിലും മരുന്നു കഴിക്കുന്നതു തുടരുന്നുണ്ട്. ഐ.എം.എസ്. ധ്യാനഭവനില്‍ ഒരിക്കലും പോയിട്ടില്ല. ഭാര്യ ഒരു തവണ പോയിട്ടുണ്ടെന്ന് അറിഞ്ഞു. ധ്യാനഭവന്‍ മുഖപത്രത്തിന്റെ ഫെബ്രുവരി ലക്കത്തില്‍ തനിക്കു രോഗശാന്തി ലഭിച്ചതിന് ഉപകാരണസ്മരണ അറിയിച്ചുകൊണ്ടുള്ള ഭാര്യയുടെ പേരിലുള്ള പരസ്യം പ്രസിദ്ധീകരിച്ചത് മംഗളം വാര്‍ത്തയിലൂടെയാണ് അറിഞ്ഞത്. ഭാര്യയോട് അന്വേഷിച്ചപ്പോള്‍ പരസ്യം നല്‍കിയിട്ടില്ലെന്നു പറഞ്ഞു. വാസ്തവവിരുദ്ധമായ പരസ്യം പ്രസിദ്ധീകരിച്ചതിന് ഐ.എം.എസ്. ധ്യാനഭവനെതിരേ നിയമനടപടി സ്വീകരിക്കും. പതിറ്റാണ്ടുകളായി കമ്യൂണിസ്റ്റ് വിശ്വാസം മുറുകെപിടിച്ചുപോരുന്ന കുടുംബമാണ് തന്റേത്.സഹോദരി നേരത്തെ ജില്ലാ പഞ്ചായത്തംഗമായിരുന്നു- സുരേന്ദ്രന്‍ പറഞ്ഞു. ധ്യാനഭവന്റെ മുഖപത്രമായ ചെങ്കോലേന്തിയ ഐ.എം.എസ്. അമ്മയുടെ ഫെബ്രുവരി ലക്കത്തില്‍ സുരേന്ദ്രന്റെ ചിത്രം ഉള്‍പ്പടെയാണ് നന്ദി അറിയിച്ചുള്ള പരസ്യം. രക്തസമ്മര്‍ദ്ദവും പ്രമേഹവും ബാധിച്ച സുരേന്ദ്രന്റെ രോഗശാന്തിക്കായി ഐ.എം.എസ്. ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ഥിച്ചശേഷം പരിശോധിച്ചപ്പോള്‍ ഒരു രോഗവുമില്ലെന്നു കണ്ടെത്തിയെന്നാണ് ഭാര്യ രാജമ്മ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ഇതിനു യേശുവിനും മാതാവിനും നന്ദി അറിയിച്ചുള്ള പരസ്യം പുറത്തുവന്നതോടെ സി.പി.എമ്മിലെ ഔദ്യോഗികപക്ഷക്കാരനായ സുരേന്ദ്രന്‍ വെട്ടിലാകുകയായിരുന്നു.അതേസമയം, തങ്ങളുടെ മുഖപത്രത്തില്‍ പരസ്യം നല്‍കിയതിനു തെളിവുണ്ടെന്നാണ് ഐ.എം.എസ്. ധ്യാനകേന്ദത്തില്‍നിന്നുള്ള പ്രതികരണം. അന്ധവിശ്വാസത്തോട് അകലം പാലിക്കണമെന്ന സി.പി.എമ്മിന്റെ പ്രഖ്യാപിത നയം ഏരിയാകമ്മിറ്റികളില്‍വരെ റിപ്പോര്‍ട്ട് ചെയ്യാന്‍ ബാധ്യസ്ഥനായ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇത്തരമൊരു വിവാദത്തില്‍ കുടുങ്ങിയതിന്റെ യാഥാര്‍ഥ്യം നേതൃത്വം അന്വേഷിച്ച് കണ്ടെത്തണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.
0 Comments