കെ.ടി. ഇര്‍ഫാനെയും രാകേഷ് ബാബുവിനെയും പുറത്താക്കി.

ഗോള്‍ഡ് കോസ്റ്റ്: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന 21ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍നിന്ന് മലയാളി താരങ്ങളായ കെ.ടി. ഇര്‍ഫാനെയും രാകേഷ് ബാബുവിനെയും പുറത്താക്കി.
പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ചാണു നടപടി. ട്രിപ്പിള്‍ ജമ്പ് താരമാണു രാകേഷ് ബാബു. നടത്ത മത്സരക്കാരനാണ് ഇര്‍ഫാന്‍. ഗെയിംസ് വില്ലേജിലെ ഇര്‍ഫാന്റെ മുറിക്കു പുറത്തുനിന്ന് സൂചിയും രാകേഷ് ബാബുവിന്റെ മുറിയിലുണ്ടായിരുന്ന ബാഗില്‍നിന്ന് സിറിഞ്ച് അടക്കമുള്ളവയും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് മാര്‍ട്ടിന്‍ പറഞ്ഞു.
ഇരുതാരങ്ങളെയും നാട്ടിലേക്കു തിരിച്ചയച്ചു എന്ന് ഉറപ്പാക്കാന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയോട് നിര്‍ദേശിച്ചതായും മാര്‍ട്ടിന്‍ പറഞ്ഞു.
ഇര്‍ഫാന്റെയും രാകേഷ് ബാബുവിന്റെയും അക്രഡിറ്റേഷന്‍ റദ്ദാക്കി. രാകേഷ് ബാബു ഇന്നലെ നടന്ന ട്രിപ്പിള്‍ ജമ്പ് ഫൈനലില്‍ പങ്കെടുക്കേണ്ടതായിരുന്നു. കാല്‍മുട്ടിനേറ്റ പരുക്കു മൂലം തലേദിവസം തന്നെ ഇന്ത്യന്‍ താരം മത്സരത്തില്‍നിന്നു പിന്മാറിയിരുന്നു. യോഗ്യതാ റൗണ്ടില്‍ 12ാം സ്ഥാനത്തായിരുന്നു രാകേഷ് ബാബു ഫിനിഷ് ചെയ്തത്.
താരങ്ങളെ പുറത്താക്കിയ വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് ഇന്ത്യന്‍ ജനറല്‍ ടീം മാനേജര്‍ ലവന്‍ നാംദേവ് ഷിര്‍ഗാനോകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ സംഘത്തലവന്‍ വിക്രം സിസോദിയയും ഒപ്പമുണ്ടായിരുന്നു. രണ്ടാം തവണയാണ് ഇന്ത്യന്‍ താരങ്ങള്‍ സൂചി വിവാദത്തില്‍പ്പെടുന്നത്. ഉപയോഗിച്ച സിറിഞ്ചുകള്‍ അലക്ഷ്യമായി കളഞ്ഞതിന് ബോക്‌സിങ് താരത്തിനെയും ഡോക്ടറിനെയും സംഘാടക സമിതി ശാസിച്ചിരുന്നു.
ഗെയിംസ് ഫെഡറേഷന്റെ ‘നോ നീഡില്‍’ നയം പിന്തുടരാത്തതില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ കോര്‍ട്ട് ഇന്ത്യയെ വിമര്‍ശിച്ചിരുന്നു. മെഡിക്കല്‍ കമ്മിഷന്റെ പ്രത്യേക അനുമതിയോടു കൂടി മാത്രമേ കായിക താരങ്ങള്‍ക്കു സിറിഞ്ച് ഉപയോഗിക്കാന്‍ അനുമതിയുള്ളു. അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാമെങ്കിലും 24 മണിക്കൂറിനുള്ളില്‍ മെഡിക്കല്‍ കമ്മിഷനു വിശദീകരണം നല്‍കണം.
കുറ്റാരോപിതരായ താരങ്ങള്‍ക്കെതിരേ അച്ചടക്ക നടപടിയുണ്ടാകുമെന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എ.എഫ്്.ഐ.) സെക്രട്ടറി സി.കെ. വല്‍സണ്‍ പറഞ്ഞു.
ഇതിനായി പാനല്‍ രൂപീകരിച്ച് അന്വേഷണം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. മലയാളി താരങ്ങളോടു വിശദീകരണം ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാലാണു പുറത്താക്കിയതെന്നും സി.കെ. വല്‍സണ്‍ പറഞ്ഞു.
0 Comments