ജഡായു എര്‍ത്‌സ് സെന്റര്‍ ജൂലൈ നാലിന് തുറക്കും.

തിരുവനന്തപുരം: കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ പുതിയൊരു കേന്ദ്രമായി ജഡായു എര്‍ത്‌സ് സെന്റര്‍ ജൂലൈ നാലിന് തുറക്കും. കൊല്ലം ജില്ലയിലെ ചടയമംഗലത്ത് സ്ഥിതിചെയ്യുന്ന ജഡായു പാറയാണ് ബി.ഒ.ടി അടിസ്ഥാനത്തില്‍ ജഡായു പ്രതിമ ഉള്‍പ്പെടെ നിര്‍മിച്ച് ടൂറിസ്റ്റുകള്‍ക്കായി ആധുനിക സംവിധാനങ്ങളോടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുന്നത്.
ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്‍പം സ്ഥിതിചെയ്യുന്ന സ്ഥലമെന്ന ഖ്യാതിയോടെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു ടൂറിസം കേന്ദ്രമെന്ന നിലയിലേക്കാണ് ജഡായു എര്‍ത്‌സ് സെന്റര്‍ തുറക്കുന്നത്. ചലച്ചിത്ര സംവിധായകനും ശില്‍പിയുമായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തില്‍ 2004ല്‍ ആരംഭിച്ച പദ്ധതിയാണ് ഇപ്പോള്‍ രണ്ടാംഘട്ടം പൂര്‍ത്തിയാക്കുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് ആയിരം അടി ഉയരത്തില്‍ നില കൊളളുന്ന ജഡായുപ്പാറയിലെ ഭീമാകാര ശില്‍പത്തിന് സമീപത്തേക്ക് എത്തിച്ചേരുന്നതിന് അത്യാധുനിക കേബിള്‍ കാര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂര്‍ണമായും സ്വിറ്റ്‌സര്‍ലന്റില്‍ നിര്‍മിച്ച കേബിള്‍ കാര്‍ രാജ്യത്ത് തന്നെ ആദ്യത്തേതാണ്.
ഹെലികോപ്ടര്‍ ലോക്കല്‍ ഫ്‌ളൈയിങ്ങിനുള്ള സൗകര്യവും ഒരുങ്ങിക്കഴിഞ്ഞു. രണ്ട് ഹെലികോപ്ടറുകള്‍ക്കായുള്ള ഹെലിപ്പാഡും അനുബന്ധ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഹെലികോപ്ടര്‍ സര്‍വിസ് സൗകര്യം ആരംഭിക്കാനും ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നു. സാഹസിക വിനോദവും പാറക്കെട്ടുകളുടെ സ്വാഭാവികതയും സംയോജിപ്പിക്കുന്ന അഡ്വഞ്ചര്‍ പാര്‍ക്കും സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവം പകരും.
65 ഏക്കര്‍ വിസ്തൃതിയിലുള്ള ജഡായു എര്‍ത്ത്‌സ് സെന്റര്‍ സംസ്ഥാന ടൂറിസം രംഗത്തെ ആദ്യ ബി.ഒ.ടി സംരംഭമാണ്. രാജീവ് അഞ്ചലിന്റെ ഗുരുചന്ദ്രിക ബില്‍ഡേഴ്‌സ് ആന്റ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡും, 150 ഓളം വിദേശ മലയാളികളുമാണ് നിര്‍മിച്ചത്. പല ഘട്ടങ്ങളിലായി 100 കോടിയോളം രൂപയാണ് സ്വകാര്യ സംരംഭകരുടെ മുതല്‍മുടക്ക്. വരുമാനത്തിന്റെ രണ്ട് ശതമാനമാണ് തുടക്കത്തില്‍ സര്‍ക്കാരിന് ലഭിക്കുക. ജൂലൈ നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജഡായു എര്‍ത്‌സ് സെന്ററിന്റ ഉദ്ഘാടനം നിര്‍വഹിക്കും.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar