ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെതിരെ വധശ്രമം.
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെതിരെ വധശ്രമം. റഫി മാര്‍ഗിലെ ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിനു പുറത്തുവച്ചാണ് ഖാലിദിനു നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തത്. ഉമര്‍ ഖാലിദ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തോക്ക് ഉപേക്ഷിച്ച് അക്രമി ഓടി രക്ഷപ്പെട്ടു.
അതീവ സുരക്ഷ മേഖലയിലാണ് അക്രമം നടന്നത്. അക്രമി ആരാണെന്നോ അക്രമത്തിന് കാരണമെന്തെന്നോ വ്യക്തമായിട്ടില്ല. ഉമറിനെ വെടിവച്ച ശേഷം അക്രമി തോക്കുപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.
അതീവ സുരക്ഷ മേഖലയായ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിനു പുറത്തുവച്ചുണ്ടായ ആക്രമണം ഗുരുതരമായ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ജെഎന്‍യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് സംഘപരിവാര്‍ ഉമര്‍ ഖാലിദിനെതിരെ വിദ്വേഷപ്രചരണവുമായി രംഗത്തെത്തിയിരുന്നു. ഖാലിദിനെ രാജ്യദ്രോഹിയെന്നു വിളിച്ചായിരുന്നു പ്രചരണം.
സ്വാതന്ത്ര്യദിനത്തിന് രണ്ട് ദിവസം ബാക്കിനില്‍ക്കെയാണ് ഈ അക്രമണം. സര്‍ക്കാരിനെതിരേ സംസാരിക്കുന്നവര്‍ അക്രമിക്കപ്പെടുമെന്ന് ഉമര്‍ ഖാലിദ് പ്രതികരിച്ചു.
ക്ലബ്ബിന് പുറത്ത് ഒരു ചായക്കടയില്‍ നില്‍ക്കുന്നതിനിടെ, വെള്ള ഷര്‍ട്ടിട്ട ഒരാള്‍ സമീപത്തു വന്ന് ഉമറിനെ തള്ളിയിട്ട ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. ബാലന്‍സ് നഷ്ടപ്പെട്ട് ഉമര്‍ തെന്നി വീണതുകൊണ്ടാണ് വെടിയേല്‍ക്കാതിരുന്നത്. തങ്ങളയാളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കൈവശമുണ്ടായിരുന്ന പിസ്റ്റള്‍ തറയില്‍ വീണതായി ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു.
തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് രണ്ട് മാസങ്ങള്‍ക്കു മുമ്പ് ഉമര്‍ ഖാലിദ് ദില്ലി പൊലിസില്‍ പരാതി നല്‍കിയിരുന്നു. ജിഗ്‌നേഷ് മേവാനിക്കും തനിക്കുമെതിരെ രവി പൂജാരി എന്നയാള്‍ വധഭീഷണി മുഴക്കിയതായി പരാതിയില്‍ ഉമര്‍ പറഞ്ഞിരുന്നു. 2016ലും ഇതേ ആള്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും പരാതിയില്‍ പറഞ്ഞതായലി ഉമര്‍ ട്വീറ്റ് ചെയ്തു.
0 Comments