മടവൂർ രാജേഷിന്‍റെ കൊലപാതകത്തിലെ ചുരുളഴിഞ്ഞു.സാലിഹ് ബിൻ ജലാൽ കുറ്റസമ്മതം നടത്തി

തിരുവനന്തപുരം: മുൻ റേഡിയോ ജോക്കിയും നാടൻപാട്ട് കലാകാരനുമായ മടവൂർ രാജേഷിന്‍റെ കൊലപാതകത്തിലെ ചുരുളഴിഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പൊലീസ് പിടികൂടിയ മുഖ്യപ്രതി അലിഭായ് എന്ന സാലിഹ് ബിൻ ജലാൽ കുറ്റസമ്മതം നടത്തിയതോടെയാണ് കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വെളിവായത്.
രാജേഷിന്‍റെ വനിതാ സുഹൃത്തായ നൃത്താധ്യാപികയുടെ മുൻ ഭർത്താവും ഖത്തറിലെ വ്യവസായിയുമായ അബ്ദുൾ സത്താറിന്‍റെ ക്വട്ടേഷൻ പ്രകാരമാണ് കൊല നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ അലിഭായ് സമ്മതിച്ചു. തങ്ങളുടെ വിവാഹബന്ധം തകർത്തതിലുള്ള പകയാണ് രാജേഷിനെ കൊലപ്പെടുത്താൻ സത്താറിനെ പ്രേരിപ്പിച്ച ഘടകം. കൊലയ്ക്കുശേഷം ആയുധങ്ങൾ കൊല്ലത്ത് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു എന്നും ഇയാൾ പൊലീസിന് മൊഴി നൽകി.
ഖത്തറിൽ നിന്നു നാട്ടിലെത്താനുള്ള വിമാന ടിക്കറ്റിനുള്ള പണം നൽകിയത് സത്താറാണ്. സഹോദര തുല്യനായ സത്താറിനോടുള്ള കടപ്പാട് കാരണമാണ് രാജേഷിനെ കൊല്ലാമെന്നേറ്റത്. സുഹൃത്തായ അപ്പുണ്ണിയുടെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അന്വേഷണ സംഘത്തിന് അലിഭായ് മൊഴി നൽകി. കേസിന്‍റെ തെളിവെടുപ്പിനായി ഇയാളെ ഇന്നുതന്നെ കൊലപാതകം നടന്ന മടവൂരിലെ സ്റ്റുഡിയോയയിൽ കൊണ്ടുപോകും എന്നാണ് വിവരം.
അലിഭായിയുടെ വീസ റദ്ദാക്കാൻ ഖത്തറിലെ സ്പോണ്സറോട് പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇയാൾക്ക് കേരളത്തിലേക്ക് തിരികെവരാൻ നിർബന്ധിതനായത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതിനോടകം മറ്റു രണ്ടു പേരെ കൂടി അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് രാജേഷിനെ അക്രമി സംഘം മടവൂർ ജംങ്ഷനിലെ സ്വന്തം സ്റ്റുഡിയോയിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
0 Comments