കരിഞ്ചോല മല എങ്ങിനെ കണ്ണീര്‍ച്ചോലയായി

:……അമ്മാര്‍ കിഴുപറമ്പ്…..:

                            പതിനാലു മനുഷ്യരുടെ ജീവന്‍ അപഹരിച്ച കട്ടിപ്പാറ കരിഞ്ചോലമലയില്‍ ആരാണ് ദുരന്തം വിതച്ചത്.റിയല്‍ എസ്‌റ്റേറ്റ് മാഫിയയും വില്ലേജ് പഞ്ചായത്ത് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പിന്നെ കുറെ നാട്ടുകാരും.അനധികൃത നിര്‍മ്മാണത്തിനും മട്ടി-പാറ ഖനനത്തിനും കൂട്ടു നിന്ന ഉദ്യോഗസ്ഥരെ ആരു ശിക്ഷിക്കും…………………………………………………?

കാറ്റും മഴയും ശക്തമായിരുന്നു ആ രാത്രിയിലും. ഏകദേശം പന്ത്രണ്ട് മണിയോടെ കരിഞ്ചോല മലയുടെ ഒരറ്റത്തുള്ള പ്രസാദിന്റെ വീടും അനുബന്ധ സാധനങ്ങളും ഉരുള്‍പൊട്ടലില്‍ തകര്‍ന്നെന്ന വാര്‍ത്ത എല്ലാവരിലും എത്തിയിരുന്നു. ആളപായമൊന്നുമില്ലെന്നറിഞ്ഞതോടെയാണ് അവിടെ തന്നെ നില്‍ക്കാന്‍ തീരുമാനിച്ചത്. സൂര്യോദയത്തിനുമുമ്പുള്ള ഭക്ഷണം കഴിച്ച് സുബ്ഹി നമസ്‌ക്കാരവും കഴിഞ്ഞ് ഇരിക്കുമ്പോഴാണ് ഭാര്യാസഹോദരന്‍ കാറുമായി വന്നത്. മഴ കനത്തു പെയ്യുന്നതിനാല്‍ ഇവിടെ നില്‍ക്കേണ്ടെന്നും നമുക്ക് വീട്ടിലേക്ക് പോകാമെന്നുമുള്ള നിര്‍ബന്ധത്തിനു വഴങ്ങി വീട് പൂട്ടി നില്‍ക്കുമ്പോഴാണ് ഭീകര ശബ്ദത്തോടെ എന്തോ പൊട്ടുന്നതായി അനുഭവപ്പെട്ടത്. പുറത്തിറങ്ങി നോക്കുമ്പോള്‍ മലയൊന്നാകെ കലിതുള്ളി താഴേക്ക് കുതിച്ചു വരുന്നത് ഒന്നേ നോക്കിയുള്ളു. ഭാര്യയേയും മകനേയും ഭാര്യാ സഹോദരനേയും ചേര്‍ത്ത് പിടിച്ച് ഒരിടത്ത് ഇരുന്നു. ഓടി രക്ഷപ്പെടാന്‍ ആദ്യം തോന്നിയെങ്കിലും മലവെള്ളത്തിന്റെ കുത്തിയൊഴുക്കിനെ തോല്‍പ്പിച്ച് മുന്നേറാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ഒരുമിച്ച് കെട്ടിപ്പിടിച്ച് ഇരിക്കാന്‍ തീരുമാനിച്ചത്. ജീവന്‍ നഷ്ട്ടപ്പെട്ടാല്‍ മണ്ണിന്നടിയില്‍ നിന്നും എല്ലാവരേയും ഒരുമിച്ച് ഒരിടത്ത് നിന്നും കിട്ടുമല്ലോ എന്ന ചിന്തയാണ് മനസ്സില്‍ നിറഞ്ഞത്. ചുറ്റിലും മരങ്ങള്‍ വീഴുന്നതിന്റെയും കൂറ്റന്‍ പാറകല്ലുകള്‍ പരസ്പരം ഉരസി തെറിക്കുന്നതിന്റെയും കാതടപ്പിക്കുന്ന ശബ്ദം ചെവികളില്‍ തട്ടി പ്രതിദ്ധ്വനിച്ചു കൊണ്ടിരുന്നു. ഉറക്കെ കരയാന്‍ മനസ്സു കൊതിച്ചെങ്കിലും ശബ്ദം പുറത്തു വന്നില്ല. മരണ സമയത്ത് ചൊല്ലേണ്ട ശഹാദത്ത് കലിമ(വിശുദ്ധ വചനം) ആവര്‍ത്തിച്ച് ഉരുവിട്ട് കൊണ്ട് ഏകദേശം രണ്ടു മൂന്നു മിനുട്ട് കണ്ണടച്ചിരുന്നുകാണും. പെട്ടെന്നു ശബ്ദം നിലച്ചു എല്ലാം ശാന്തമായി. മരിച്ചെന്നാണ് കരുതിയത്. ഹൃദയമിടിപ്പ് തിരിച്ചു വരാന്‍ സമയമെടുത്തു. പതിയെ എഴുന്നേറ്റു ചുറ്റിലും നോക്കുമ്പോള്‍ വീടിന്റെ മുകള്‍ ഭാഗത്തു വെച്ച് ഉരുള്‍ പൊട്ടല്‍ രണ്ടായി ഗതിമാറിപ്പോയിരിക്കുന്നു. വീടിന്റെ രണ്ടുഭാഗത്തുകൂടിയും കല്ലും മണ്ണും മരങ്ങളും ഒഴുകിപ്പോയതിനാല്‍ മാത്രമാണ് ജീവന്‍ ബാക്കിയായത്. ഈ നിമിഷം വരെ ഉണ്ടായിരുന്ന അയല്‍വാസികളുടെ വീടുകളൊന്നും അവിടെയില്ല. ഒരു തുരുത്തില്‍പ്പെട്ടപോലെ ഞങ്ങള്‍ നാലുപേര്‍. വലിയ ശബ്ദകോലാഹങ്ങള്‍ക്ക് ശേഷം രൂപപ്പെട്ട കനത്ത നിശബ്ധതയില്‍ നാലു ജീവനുകള്‍ പരസ്പരം മുഖത്തോടു മുഖം നോക്കി നിന്നു. കരയാനും ജീവിതം തിരിച്ചു കിട്ടിയതില്‍ ചിരിക്കാനും മറന്നു പോയ നിമിഷങ്ങള്‍. എങ്ങോട്ടു പോവും ആരെ വിളിക്കും എന്നൊരു ചിന്തപോലും നഷ്ട്ടപ്പെട്ടിരുന്നു. മരിച്ചിട്ടില്ലെന്നു പോലും തിരിച്ചറിവു ലഭിക്കാന്‍ സമയമെടുത്തു. വീടിന്റെ രണ്ടുഭാഗവും ഭാഗികമായി നഷ്ടപ്പെട്ടിരിക്കുന്നു. കൂറ്റന്‍ പാറകല്ലുകളും മരങ്ങളും വെള്ളവും എങ്ങോട്ടു പോവും,എങ്ങനെ രക്ഷപ്പെടും എന്ന ചോദ്യത്തിനു തടസ്സം നിന്നു. താഴേക്ക് നടന്നു പോവുക എന്നത് ദുഷ്‌കരമായതിനാല്‍ ഭാര്യയേയും സഹോദരനേയും മകനേയും കൂട്ടി ഉരുള്‍പൊട്ടിയ വഴിയിലൂടെ മേലോട്ടു തന്നെ നടന്നു. അപ്പോഴേക്കും ഗ്രാമവാസികള്‍ ഒന്നാകെ ഒാടിയെത്തിയിരുന്നു. ഞങ്ങളും കുടുംബത്തോടെ മണ്ണിന്നടിയില്‍ പെട്ടെന്നാണ് അവര്‍ കരുതിയത്. പിന്നീട് ഭാര്യയേയും മകനേയും സുരക്ഷിത സ്ഥലത്ത് നിര്‍ത്തിയ ശേഷം തിരിച്ചു വന്നപ്പോഴാണ് ഞങ്ങള്‍ മരിച്ചില്ലെന്ന വിവരം ജനം അറിയുന്നത്. രണ്ടാം ജന്മത്തിന്റെ, തിരിച്ചു വരവിന്റെ കഥ പറയുമ്പോള്‍ കരിഞ്ചീരി മലയിലെ നാസറിന്റെ കണ്ണുകളില്‍ ചോരപൊടിയുന്നുണ്ടായിരുന്നു. ഈ നിമിഷം വരെ ഒപ്പം നിന്നവരെ മുഴുവന്‍ മണ്ണിന്റെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയ ദുരന്തമുഖത്തു നിന്നു ദൈവം ഞങ്ങളെ മാത്രം ബാക്കിനിര്‍ത്തിയതെന്തിനെന്നു ഇന്നും മനസ്സിലാവുന്നില്ല. പതിനാലു അയല്‍വാസികളുടെ ജീവനെടുത്ത ദൈവം തന്നോടും മക്കളോടും കാണിച്ച ദയാവായ്പ്പിനു മുന്നില്‍ ദാഹവും വിശപ്പും ശരീരം തളര്‍ത്തിയിട്ടും അന്നത്തെ നോമ്പ് വൈകുന്നേരം വരെ നിലനിര്‍ത്തി. ജീവിതത്തില്‍ പ്രയാസങ്ങളുടെ വലിയ ഉരുള്‍പൊട്ടലും പേമാരിയും നിരന്തരം കടന്നു വരുമ്പോള്‍, പരീക്ഷണങ്ങള്‍ വേട്ടയാടുമ്പോള്‍ ആശ്വാസം ലഭിക്കുന്ന പ്രാര്‍ത്ഥനയോടെ നാസര്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഭാവി ജീവിതത്തെകുറിച്ചുള്ള വേദനയോടെ ജീവിക്കുകയാണ്.

പതിനാല് ജീവിതങ്ങളും അവയുടെ സകല ഭൗതിക അടയാളങ്ങളും ഒരു നിമിഷംകൊണ്ട് ഭൂമിയില്‍ നിന്നും തുടച്ചു നീക്കപ്പെടുക. ഒരു ബ്ലാക്ക്‌ബോര്‍ഡില്‍ വരച്ച ദൃശ്യങ്ങള്‍ ഏത് വിധം മായ്ക്കാമോ അതേ രീതിയിലാണ് കരിഞ്ചോല മലയില്‍ പ്രകൃതിയും ജീവിതവും തുടച്ചുനീക്കപ്പെട്ടത്. പുറം നാട്ടുകാരായ നമുക്ക് മുന്നില്‍ അതി ദാരുണമായ ഒരു ദുരന്തം മാത്രമാണ് കട്ടിപ്പാറ ഉരുള്‍പൊട്ടല്‍. ഫുട്‌ബോള്‍ ആരവങ്ങളില്‍,അല്ലെങ്കില്‍ സമാനമായ മറ്റ് വാര്‍ത്തകള്‍ നമ്മെ തേടിയെത്തുമ്പോള്‍ കരിഞ്ചോല മലയേയും അവിടെ പൊലിഞ്ഞ പതിനാല് ജീവിതങ്ങളേയും നാം മറക്കും. ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെ ജീവിതത്തില്‍ മാത്രം ആ പതിനാല് സ്വപ്‌നങ്ങളും നിറഞ്ഞു നില്‍ക്കും. ഒരുപാട് ചോദ്യങ്ങളും ഉത്തരമില്ലാത്ത ഒട്ടേറെ ഉപ ചോദ്യങ്ങളുമായി. ഇരുപത് വര്‍ഷം മുമ്പ് കട്ടിപ്പാറയിലെ വേണാടിയില്‍ അഞ്ചു ജീവനപഹരിച്ച ദുരന്തമുണ്ടായപ്പോള്‍ അവിടത്തുകാര്‍ ജാഗരൂകരായിരുന്നെങ്കില്‍ ഇന്ന് പതിനാല് ജീവന്‍ പൊലിയില്ലായിരുന്നു എന്നത് വെറുമൊരു പാഴ്‌വാക്കല്ല. ഈ മനോഹര ദേശത്തിലൂടെ സഞ്ചരിക്കുന്ന ഏതൊരു പ്രകൃതി സ്‌നേഹിക്കും അവ പെട്ടന്നു ബോധ്യമാവും. അത്രമേല്‍ പോറലേറ്റിരിക്കുന്നു ഈ ഗ്രാമീണ സൗന്ദര്യത്തിന്. വിധിയെന്നും പ്രകൃതിയുടെ കലിയെന്നും പറഞ്ഞു സമാധാനിക്കുമ്പോഴും ഒരുപാട് കൈകളില്‍ പാപക്കറ പുരളുന്നുണ്ടെന്നു നാം മറന്നുപോവുന്നു.

ഗ്രാമീണ മനസ്സുപോലെ കന്യകയായിരുന്നു കരിഞ്ചോല മല………..:

കട്ടിപ്പാറ പഞ്ചായത്തിലെ പ്രധാന വാര്‍ഡുകളിലെല്ലാം മലകളുണ്ട്. അമരാട് മല,തേവര്‍മല,കൊളമല എന്നിങ്ങനെ ആകാശംമുട്ടേ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ മലകള്‍. തെങ്ങാണ് പ്രധാന കൃഷിയെങ്കിലും ഇടവിളയായി കപ്പയും ചേനയും നേന്ത്രവാഴയും സമൃദ്ധമായി വിളയുന്ന ദേശം. ജീവിതത്തിന്റെ ദുരിത വേലിയേറ്റങ്ങളില്‍പെട്ട് പ്രയാസമനുഭവിച്ചവരുടെ കുടിയേറ്റഭൂമിയാണ് ഇവിടം. മക്കളെ കെട്ടിച്ചയച്ച് കടം വന്നവരും,കടബാധ്യതയില്‍പ്പെട്ട് കിടപ്പാടം ഒഴിഞ്ഞ് പോകേണ്ടി വന്നവരും കാലക്രമേണ കരപറ്റിയതാണ് കരിഞ്ചോല മലയുടെ വിവിധ ഭാഗങ്ങളില്‍. ഇന്നും തുഛമായ വിലക്ക് ഭൂമി കിട്ടുന്നു എന്നതാണ് പ്രധാന ആകര്‍ഷണം. സഞ്ചാര പാതകളും വെള്ളവും സുഖ സൗകര്യങ്ങളും കുറവാണെങ്കിലും സ്‌നേഹം നിറഞ്ഞ മനുഷ്യര്‍ക്കൊപ്പം ജീവിക്കാനൊരു ഇടം എന്ന നിലക്കാണ് താമരശ്ശേരി,കൊടുവള്ളി,പൂനൂര്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ സാധാരണക്കാരായ നിരവധി പേര്‍ കട്ടിപ്പാറയിലെ മലഞ്ചെരുവുകളില്‍ കുടിയേറി പാര്‍ത്തത്. പത്തുസെന്റില്‍ താഴേയാണ് പലരുടേയും ഭൂമി എന്നറിയുമ്പോള്‍ തന്നെ നമുക്ക് കണക്കാക്കാം ഓരോരുത്തരുടേയും സാമ്പത്തിക നിലവാരം. തുഛവിലക്ക് ലഭിച്ചിട്ടും പത്ത് സെന്റിനുള്ളില്‍ ഭൂമിയെ ഇവരുടെ കൈകളില്‍ ഉള്ളു എന്നത് ഇവരുടെ ജീവിത പ്രാരാബ്ദങ്ങളിലേക്ക് വെളിച്ചം വീശുന്ന യാഥാര്‍ത്ഥ്യമാണ്. ഇങ്ങനെ മറ്റൊരിടത്തു നിന്നു ജീവിതം പറിച്ചു നട്ട നിരവധി കുടുംബങ്ങളുണ്ട് കട്ടിപ്പാറയില്‍. ഇന്നും മണ്ണില്‍ കഠിനാദ്ധ്വാനം ചെയ്ത് ജീവിതം കരുപ്പിടിപ്പിക്കുന്ന നൂറ് കണക്കിനു മനുഷ്യര്‍. അവരുടെ ജീവിതത്തില്‍ അല്‍പ്പമെങ്കിലും പത്രാസും പകിട്ടും നിറഞ്ഞിട്ടുണ്ടെങ്കില്‍ അതിനു കാരണം പില്‍കാലത്ത് നടന്ന ഗള്‍ഫ് കുടിയേറ്റമാണ്. അങ്ങിനെ മക്കളിലൂടെ കൈവന്ന ജീവിത സൗഭാഗ്യം അനുഭവിക്കാന്‍ തുടങ്ങുമ്പോഴാണ് പതിനാലു ജീവന്‍ പടിയിറങ്ങി ദൈവ സന്നിധിയിലേക്ക് നടന്നുപോയത്. നൂറു കണക്കിന് മനുഷ്യര്‍ വീടും മണ്ണും സമ്പാദ്യവും സ്വപ്‌നങ്ങളും നഷ്ടപ്പെട്ട് ജീവിതത്തിന്റെ പുറം പോക്കിലേക്ക് തള്ളിമാറ്റപ്പെട്ടത്. ജീവന്‍ തിരിച്ചുകിട്ടിയവരുടെ മുന്നില്‍ വലിയ ചോദ്യ ചിഹ്നമാണ് അവശേഷിക്കുന്ന ജീവിതം. പ്രകൃതിയുടേയും ആവാസ വ്യവസ്ഥയുടേയും താളത്തിനൊത്ത് മണ്ണില്‍ കൃഷി ചെയ്തു ജീവിച്ചവരുടെ കൈകള്‍ മണ്ണില്‍ ഫലവൃക്ഷങ്ങള്‍ നടുകയും മണ്ണ് സംരക്ഷിക്കുകയും മാത്രമാണ് ചെയ്തത്. പിന്നെ ആരാണ് കരിഞ്ചോല മലയുടെ താളത്തിനു മേല്‍ അപശ്രുതിയുടെ താളം തീര്‍ത്തത്. കട്ടിപ്പാറയിലെ നിരവധി മലകളിലൂടെ ഒരു യാത്ര നടത്തിയാല്‍ നമുക്കതിനുള്ള ഉത്തരം കിട്ടും. വയലും മലകളും തോടുകളും പുഴയും സമൃദ്ധമാക്കിയ ഈ നാട്ടിന്‍പുറത്തെ സമാധാന ജീവിതത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയതിനു പിന്നില്‍ മറ്റേതൊരു നാട്ടിലും നടന്നപോലെ റിയല്‍ എസ്‌റ്റേറ്റ് മാഫിയയുടെ ആക്രാന്ത കൈകളുണ്ട്. നാട്ടുകാര്‍ സമ്പന്നര്‍, കുത്തക മുതലാളിമാര്‍ എന്നൊക്കെ പേരിട്ടു വിളിക്കുന്ന പുറം നാട്ടില്‍ നിന്നും വന്നവവര്‍ക്ക് സഹായം ചെയ്തു കൊടുത്ത നാട്ടുകാരും വില്ലേജ് പഞ്ചായത്ത് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമുണ്ട്. അവരുടെ കീശയിലാണ് പതിനാലു ജീവന്റെ രക്തക്കറ ഉണങ്ങാത്ത, ഒറ്റിക്കൈാടുത്തതിന്റെ പ്രതിഫലമായി ലഭിച്ച രക്തക്കറ ഉണങ്ങാത്ത പച്ചനോട്ടുകള്‍ ഉള്ളത്.

:………..മട്ടിമണല്‍ എന്ന നിധി.

കട്ടിപ്പാറ പഞ്ചായത്തിന്റെ സിംഹ ഭാഗവും കൂറ്റന്‍ മലകളാണ്. കരിങ്കല്‍ ഖനനത്തിനു അനുയോജ്യമായവ. ഈ മലകളാണ് പുറം നാട്ടുകാരെ ഇവിടേക്ക് ആകര്‍ഷിപ്പിച്ചത്. നിരവധി ക്വാറികളില്‍ നൂറു കണക്കിനു ലോഡ് കരിങ്കല്‍ ഖനനം നടക്കുന്നുണ്ട്. എന്നാല്‍ രണ്ടു ക്വാറികള്‍ക്കു മാത്രമാണ് ഇവിടെ പ്രവര്‍ത്താനാനുമതി ഉള്ളത്. ബാക്കിയെല്ലാം അനധികൃതം. ഇവയൊന്നും ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. വര്‍ഷങ്ങളായി അവ പൊട്ടിച്ചു കടത്താന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും പഞ്ചായത്തും വില്ലേജും ജിയോളജിക്കല്‍ വകുപ്പുമൊന്നും അറിഞ്ഞിട്ടില്ല. പാറപൊട്ടുന്ന ശബ്ദം ഇന്നുവരെ ഒരു ജനനേതാവും ഉദ്യോഗസ്ഥനും കേട്ടിട്ടില്ല. പാറപൊട്ടിച്ച് കുഴിയാക്കി മഴക്കാല വെള്ളം സംഭരിക്കാനുള്ള വലിയ സംഭരണി ഉണ്ടാക്കിയിട്ടും അധികൃതര്‍ അറിഞ്ഞിട്ടില്ല. വാര്‍ഡ് മെംബര്‍ പറഞ്ഞതാണ് ശരി. പാറ പൊട്ടിക്കാനും മട്ടി മണല്‍ നിര്‍മ്മിക്കാനും ആരും ലൈസന്‍സിന് അപേക്ഷിച്ചിട്ടില്ല. ഇത്തരം നിര്‍മ്മാണ യൂണിറ്റുകള്‍ക്കെതിരെ ആരും വെള്ളക്കടലാസില്‍ പരാതിയും തന്നിട്ടില്ല. പിന്നെ എന്തിനു നടപടിയെടുക്കണം.

:…………കരിഞ്ചോല മലയിലെ കയ്യേറ്റം.

കൂറ്റന്‍ മലയുടെ താഴ്ഭാഗത്ത് വര്‍ഷങ്ങളായി ജീവിക്കുന്നവരാണ് നിരവധി കുടുംബങ്ങള്‍. ദുരിതങ്ങള്‍ക്കൊടുവില്‍ അടുത്തകാലത്താണ് റോഡും വൈദ്യുതിയും ലഭിച്ചത്. കടുത്ത വേനലില്‍ ഒരു മാസക്കാലം വെള്ളത്തിനു അല്‍പ്പം ദുരിതമുണ്ടാവുമെന്നതൊഴിച്ചാല്‍ ജീവിത പ്രയാസങ്ങള്‍ ഒന്നുമില്ലാത്ത ശാന്തമായൊരിടം. ഇപ്പോള്‍ വീടും ജീവനും നഷ്ടപ്പെട്ടവര്‍ക്കൊന്നും കിണറില്ല. മലമുകളില്‍ നിന്നും ഒഴുകിയെത്തുന്ന വറ്റാത്ത ചെറിയ നൂല്‍ വെള്ള ചാലുകളാണ് കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നത്. ഈ ഭൂമിയിലെ മട്ടിമണല്‍ ശേഖരത്തില്‍ കണ്ണും നട്ടെത്തിയ ചിലരാണ് പ്രദേശത്തിന്റെ സമാധാനത്തിനുമേല്‍ കത്തിവെച്ചത്. പുഴമണല്‍ ഖനനം നിരോധിച്ചതോടെ തൊഴില്‍ രഹിതരായ പ്രദേശ വാസികളായ ചെറുപ്പക്കാരാണ് മട്ടിമണല്‍ അരിക്കാന്‍ ആദ്യം തുടങ്ങിയത്. പ്രദേശത്തെ തോട്ടില്‍ നിന്നും മലഞ്ചെരുവുകളില്‍ നിന്നും അവര്‍ മണല്‍ ശേഖരിച്ചു വിറ്റു. ആവശ്യക്കാര്‍ ഏറിയതോടെ യന്ത്രക്കൈകള്‍ സഹായത്തിനെത്തി. തോട്ടില്‍ നിന്നും അവര്‍ മലഞ്ചെരുവുകളിലേക്ക് നടന്നു. കുന്നിടിച്ച് തോട്ടില്‍ നിന്നു കഴുകി വിറ്റു. നിത്യ ജീവിതത്തിന്നു വേണ്ടി നാട്ടുകാരായ യുവാക്കളുടെ ശ്രമമെന്ന നിലക്ക് ഈ വ്യാപാരത്തെ ജനവും പരിസ്ഥിതി പ്രവര്‍ത്തകരും അത്ര ഗൗനിച്ചില്ല. ഗുണമേന്മയുള്ള മട്ടിമണല്‍ കട്ടിപ്പാറ മലകളുടെ പ്രത്യേകതയെന്നു തിരിച്ചറിഞ്ഞ റിയല്‍ എസ്‌റ്റേറ്റ് ലോബി ഇടപെട്ടതോടെയാണ് കൂറ്റന്‍ യന്ത്രങ്ങള്‍ പ്രവൃത്തി ഏറ്റെടുത്തത്. രാപകലില്ലാതെ ലോഡ് കണക്കിനു ടിപ്പറുകള്‍ കട്ടിപ്പാറയില്‍ നിന്നും നഗരങ്ങളും ഗ്രാമങ്ങളും ലക്ഷ്യമാക്കി കുതിച്ചു. എല്ലാം നടന്നത് ആരും അറിയാതെ എന്നത് വലിയ തമാശയാണ്. വീടുകളിലെ കോഴിക്ക് പനിവന്നാല്‍പോലും ഓടിയെത്തുന്ന ഒരൊറ്റ വാര്‍ഡ് മെംബറും അറിഞ്ഞില്ല ഈ ഖനങ്ങള്‍ ഒന്നും. എന്നാല്‍ ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായ പശ്ചാത്തലത്തില്‍ എല്ലാ ഖനനവും നിര്‍ത്തിവെക്കാന്‍ ഉത്തരവു പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും വിവരം അറിഞിരിക്കുന്നു. കട്ടിപ്പാറയിലെ ക്വാറികളിലേക്കൊരു യാത്ര നടത്തുക. ആര്‍ക്കെല്ലാം അനുമതി ലൈസന്‍സ് ഉണ്ടെന്നു അന്വേഷിക്കുക. അപ്പോള്‍ മാത്രമാണ് പതിനാലു ജീവന്‍ അപഹരിച്ച യഥാര്‍ത്ഥ കുറ്റവാളികളെ നാം തിരിച്ചറിയുക. പ്രകൃതിയേയല്ല കുറ്റം പറയേണ്ടത്. നിശബ്ധ കന്യകയായ കട്ടിപ്പാറയിലെ മലകളെ ക്രൂര ബലാല്‍ക്കാരത്തിന്നിരയാക്കിയ മുതലാളിമാരേയും അവരുടെ പച്ചനോട്ടിന്റെ പകിട്ടില്‍ അന്ധരായിപ്പോയ ഉദ്യാഗസ്ഥന്മാരെയുമാണ് നരഹത്യയുടെ പേരില്‍ ശിക്ഷിക്കേണ്ടത്. ഓരോ ജീവനും ചില്ലിക്കാശു വിലയിട്ട് നല്‍കി ഉത്തരവാദിത്വ ബോധത്തില്‍ നിന്നും രക്ഷപ്പെടുന്നവര്‍ ഇനിയും മരിച്ചു വീഴുന്നവര്‍ക്കു വേണ്ടി നല്‍കാന്‍ ഖജനാവില്‍ കാശു സ്വരൂപിക്കുകകയല്ല വേണ്ടത്. എല്ലാം തകര്‍ത്തുമാറ്റി പൊട്ടാന്‍ കാത്തിരിക്കുന്ന മലയോര മേഖലയിലെ മലകളിലെ കയ്യേറ്റം അവസാനിപ്പിക്കാനുള്ള ആര്‍ജ്ജവമാണ് പുലര്‍ത്തേണ്ടത്.

:………….ഒരു ടിപ്പര്‍ പോലീസ് സ്‌റ്റേഷനിലേക്കും മാറ്റിവെക്കും.

കട്ടിപ്പാറയിലെ അനധികൃത ഖനങ്ങളെക്കുറിച്ച് പ്രതിഷേധിച്ച ചുരുക്കം ചില നല്ല മനുഷ്യരുണ്ട് അവിടെ. അധികാരികളോടുപോലും ഈ മൗനത്തിനു കനത്ത വില നല്‍കേണ്ടി വരും എന്നു മാസങ്ങള്‍ക്കു മുന്നേ മുന്നറിയിപ്പു നല്‍കിയ ചിലര്‍. അവരുടെ ജീവനും സ്വതന്ത്ര സഞ്ചാരവും അപകടത്തിലാണിന്ന്. മട്ടി മണല്‍ ഖനനവും പാറ പൊട്ടിക്കലും തകൃതിയായി നടന്നപ്പോള്‍ അതിന്നെതിരെ ശബ്ദിച്ചവരാണിവര്‍. അവരില്‍പ്പെട്ട ഒരു പഞ്ചായത്ത് അംഗത്തോട് മട്ടി മണല്‍ മാഫിയ തലവന്‍ നല്‍കിയ താക്കീതാണ് മുകളിലെ തലവാചകം. നിങ്ങളുടെ പ്രതിഷേധം കാരണം എന്റെ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടു. ആ നഷ്ടത്തിലേക്ക് ഞാനൊരു ടിപ്പര്‍ കൂടി വാങ്ങും. എന്നിട്ടത് പോലീസ് സ്‌റ്റേഷനില്‍ കിടന്നു തുരുമ്പിക്കും. എന്ന് പറഞ്ഞാല്‍ ഇനിയും എതിരു നിന്നാല്‍ ടിപ്പര്‍ ഇടിപ്പിച്ചു കൊല്ലുമെന്ന്. ഇത്തരം ഭീഷണികള്‍ക്കുമുന്നില്‍ തല താഴ്ത്തിപ്പോവും ഏത് സാമൂഹ്യപ്രവര്‍ത്തകനും എന്നതാണവസ്ഥ. ഒരു നാട് ഒന്നിച്ചു നിന്നാല്‍ മാത്രമേ ഈ ലോബിക്കെതിരെ നടപടി സാധ്യമാവുകയുള്ളു. സമാധാന ചര്‍ച്ചകള്‍പോലും കയ്യാങ്കളിയിയില്‍ അവസാനിക്കുന്നതിന്റെ കാരണം ചൂഷകര്‍ നിസ്സാരക്കാരല്ല എന്നതാണ്. ഒരൊറ്റ മുതല്‍മുടക്ക് മതി എന്നതാണ് ഇത്തരം കച്ചവടത്തിന്റെ സവിശേഷത. കരിഞ്ചോല മലയിലെ ഭൂ ഉടമകള്‍ക്ക് ഭൂമി ലഭിച്ചത് നിസ്സാര വിലക്കാണ്. ആദ്യം അവര്‍ വില്‍ക്കുന്നത് മട്ടി മണലാണ്. ലോഡിനു പതിനഞ്ചും ഇരുപതും ആയിരത്തിനു. മണല്‍ ഖനനത്തോടെ പുറത്താവുന്ന കരിങ്കല്‍ പാറ ഭാവിയിലും വരുമാനം തരും. ഇങ്ങനെ പണം കുഴിച്ചെടുക്കുന്ന ഖനികളാണ് ഈ പ്രദേശം പലര്‍ക്കും. ആ സ്വപ്‌നത്തിനു മേല്‍ മണ്ണിടിഞ്ഞു വീണ് പതിനാലു ജീവന്‍ നഷ്ട്ടപ്പെട്ടതുകൊണ്ടു മാത്രം ഒരു ദേശം രക്ഷപ്പെട്ടു എന്നു പറയാന്‍ കഴിയില്ല. കട്ടിപ്പാറ വേണാടിയില്‍ അഞ്ചു ജീവന്‍ പൊലിഞ്ഞു ഇരുപത് വര്‍ഷം പിന്നിട്ടപ്പോഴാണ് ഇപ്പോള്‍ പതിനാലു ജീവന്‍ നഷ്ടമായിരിക്കുന്നത്.

:……………..വാഗ്ദാനങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ.

മലയിലൂടെ റോഡ് നിര്‍മ്മിക്കുക, കൂറ്റന്‍ ജല സംഭരണി പണിയുക ഇതൊക്കെ നടന്നിട്ടും ആരും ഒന്നും അറിഞ്ഞില്ല. വലിയ പാറ പൊട്ടിച്ച് കുളം നിര്‍മ്മിച്ചതും,വര്‍ഷങ്ങളായി ജല സമൃദ്ധിയോടെ ഒഴുകുന്ന തോട് മണ്ണിട്ട് തൂര്‍ത്തതും, വഴി തിരിച്ചു വിട്ടതും ആരും അറിയാഞ്ഞിട്ടില്ല. പലരും പ്രതികരിക്കാതിരുന്നതാണ്. ഓരോ കുടുംബത്തിന്റെയും നിസ്സഹായതയും ദാരിദ്ര്യവും വിലപറഞ്ഞു സ്വന്തമാക്കുകയായിരുന്നു മുതലാളിമാര്‍. ചിലര്‍ ശബ്ദിച്ചെങ്കിലും അവരെ വിലക്കെടുത്തു നിശബ്ദരാക്കി. ചുറ്റു പാടുമുള്ള ഭൂമിയൊക്കെ കൈക്കലാക്കുന്ന തിരക്കിലായിരുന്നു അവര്‍. മണല്‍ ഖനനത്തിനും പാറപൊട്ടിക്കാനും അനുമതി കിട്ടണമെങ്കില്‍ സമീപ താമസക്കാരുടെ അനുമതി വേണം. അതിന്നായി വീടുകള്‍ക്ക് പകരം വീടും ഭൂമിയും മെയിന്‍ റോഡില്‍ നല്‍കാമെന്ന ഒരു പേക്കേജ് ഉണ്ടായിരുന്നതായി സമീപ വാസികളിലൊരാള്‍ പറഞ്ഞു. ആ പദ്ധതി പെരുന്നാളിനു ശേഷം നടപ്പാക്കാമെന്ന ധാരണയിലായിരുന്നു ഇവര്‍. എന്നാല്‍ അതിനൊന്നും കാത്തു നില്‍ക്കാതെയാണ് മണ്ണ് മൂടി സ്വപ്‌നങ്ങള്‍ മറമാടപ്പെട്ടത്. നിരവധി കുടുംബങ്ങള്‍ ഇന്ന് പേടിയിലാണ് ഇവിടെ കഴിയുന്നത്. പലരും ബന്ധു വീടുകളില്‍ നിന്നും തിരിച്ചു വന്നിട്ടില്ല. ഇനി ഇവിടെ വാസം സാധ്യമല്ലെന്നാണ് അവരുടെ സംസാരം. ഉരുള്‍പൊട്ടല്‍ സാധ്യത അവരുടെ മനസ്സില്‍ ഭീതിയുടെ വിത്ത് മുളപ്പിച്ചിരിക്കുന്നു. ആരും ഈ ഭൂമി വിലകൊടുത്ത് വാങ്ങില്ലെന്നതിനാല്‍ വെറും കൈയ്യോടെ മടങ്ങേണ്ടി വരും പല കുടുംബങ്ങളും എന്നതാണ് അവസ്ഥ. മരിച്ചവര്‍ക്കും പരിക്ക് പറ്റിയവര്‍ക്കും പാക്കേജുകള്‍ പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ ഇത്തരക്കാരെ അവഗണിക്കുന്നു. പുനരധിവാസം എന്നത് ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള പ്രദേശത്തുകാര്‍ക്കും ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തുള്ളവര്‍ക്കും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജീവിത ദുരിതങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ഈ നിസ്സഹായ മനുഷ്യരുടെ ഉള്ളുരുക്കങ്ങള്‍ ഒരു ഭരണ സിരാ കേന്ദ്രങ്ങളുടേയും ചെവിയില്‍ പതിയില്ല. ഇവിടെ തന്നെ കഴിയുക എന്നത് ഭീതിയില്‍ ജീവിക്കുക എന്നതാണ്. ഏത് നിമിഷവും താഴേക്കു പതിക്കാന്‍ കാത്തിരിക്കുന്ന കരിഞ്ചോല മലയടക്കമുള്ള നിരവധി മലകള്‍ ഉള്ള ദേശത്തിന് കട്ടിപ്പാറ എന്നാണ് പേരെങ്കിലും ഈ വിഷയത്തില്‍ ഒരുറപ്പും നല്‍കാനാവില്ല.

:……………..ദുരന്ത ഭൂമിയുടെ ചോദ്യങ്ങള്‍.

നാലു മൃതദേഹങ്ങള്‍ മണ്ണില്‍ നിന്നും കണ്ടെടുത്ത ദിവസമാണ് കരിഞ്ചോല മലയില്‍ പോയത്. ശാന്ത സുന്ദരമായ കട്ടിപ്പാറയുടെ മണ്ണും മനസ്സും കൂടുതല്‍ രൗദ്രഭാവം പൂണ്ടിരുന്നു. സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും കേന്ദ്ര സംസ്ഥാന രക്ഷാ സേനയും പാറപൊട്ടിച്ചും മണ്ണു നീക്കിയും സഹോദരങ്ങളുടെ ഭൗതിക ദേഹത്തിന്നായി തിരച്ചില്‍ നടത്തുന്നു. ഉറ്റവരുടെ മുഖം അവസാനമായൊന്നു കാണാനുള്ള കൊതിയോടെ കണ്ണീര്‍ വറ്റിയ മുഖവുമായി ജീവന്‍ തിരിച്ചു കിട്ടിയ ബന്ധുക്കളും കൂടപ്പിറപ്പുകളും. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ കുറെ മനുഷ്യര്‍ കരിഞ്ചോലമലയുടെ താഴ്‌വാരങ്ങളില്‍ വിയര്‍പ്പൊഴുക്കുന്നത് കണ്ടപ്പോള്‍ അറിയാതെ മനസ്സു പറഞ്ഞു. ഇതാ കുറേ മനുഷ്യര്‍. അവരണിഞ്ഞ വസ്ത്രങ്ങളില്‍,ടീ ഷര്‍ട്ടുകളില്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ ലേബല്‍ ഉണ്ടായിരുന്നെങ്കിലും ആ ഭൗതിക അടയാളത്തിന്നപ്പുറം അവര്‍ മനുഷ്യരായിരുന്നു. നന്മ നിറഞ്ഞ ഗ്രാമീണ ജനത. ഹിന്ദുവും കൃസ്ത്യാനിയും മുസ്ലിമും ഭക്ഷണം വെച്ചു വിളമ്പി തിന്നും തോളോട് തോള്‍ ചേര്‍ന്നും ദുരന്ത ഭൂമിയില്‍ സ്‌നേഹത്തിന്റെ പുതിയ ലോകം സൃഷ്ടിച്ചു. ആ സ്‌നേഹവും ഐക്യവും ഇനിയും വേണമെന്ന് ഉണര്‍ത്താനാണ് ഇക്കാര്യം സൂചിപ്പിച്ചത്. കരിഞ്ചോല മല ഒരു ഉദാഹരണം മാത്രമാണ്. ഇനിയും ഒരുപാട് മലകളുണ്ട് നിരവധി പേരുടെ സ്വപ്‌നങ്ങള്‍ക്കും ജീവനും മേല്‍ പെയ്തിറങ്ങാന്‍ കാത്തിരിക്കുന്നു. കരിഞ്ചോല മലയിലെ വെള്ളത്തിനൊപ്പം താഴേക്കു വന്ന കരിങ്കല്‍ ശ്രദ്ധിച്ചാലറിയാം അവയെല്ലാം വെടിമരുന്നു കൊണ്ട് പൊട്ടിച്ചതാണെന്ന്. അപ്പോള്‍ മലക്കു മുകളില്‍ ക്വാറി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശ്വസിക്കണം. നിരന്തരം കരിമരുന്ന് തുളച്ചുകയറ്റി പൊട്ടിച്ചതു കാരണമല്ലേ ഈ ദുരന്തം സംഭവിച്ചത് എന്ന് നാം ഓര്‍ക്കണം. ഇളക്കം തട്ടിയ പാറ ശക്തമായ മഴയില്‍ അടര്‍ന്നു വീഴാന്‍ കാരണം നമ്മുടെ സമ്പത്തിനോടുള്ള ആര്‍ത്തിയല്ലേ എന്നു തിരിച്ചറിയണം. ദുരന്ത മുഖത്തു രക്ഷാ പ്രവര്‍ത്തനത്തിനു ഓടിയെത്തുന്ന ആത്മാര്‍ത്ഥത ഇത്തരം പ്രകൃതി ചൂഷകര്‍ക്കെതിരെ ശബ്ദിക്കാനും ഉണ്ടാവണം. കരിഞ്ചോല മലയുടെ എതിര്‍ഭാഗത്തുള്ള മലയില്‍ അന്നേദിവസം നടന്ന ഉരുള്‍പൊട്ടലില്‍ തകര്‍ന്നത് മൂന്നു വീടുകളാണ്. ഒലിച്ചു പോയത് നിരവധി പേരുടെ ഭൂമിയാണ്. ജനം തക്ക സമയത്ത് ഇടപെട്ടതു കൊണ്ടാണ് ആളപായം ഇല്ലാതെ പോയത്. കട്ടിപ്പാറയില്‍ അന്നേദിവസം ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടലാണ് നടന്നത്. ഇത് സൂചിപ്പിക്കുന്ന ഉത്തരമാണ് ഇന്ന് കട്ടിപ്പാറ നിവാസികളെ പേടിപ്പെടുത്തുന്നതും ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നതും.
കരിഞ്ചോല മലയുടെ താഴ് വാരത്തുനിന്നും തിരിഞ്ഞു നടക്കുമ്പോള്‍ ഭൂമി നിശബ്ദമായിരുന്നു. ഇനിയും കണ്ടെത്താനുള്ള സഹോദരിമാരുടെ ശരീരത്തിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. നേരെ നടന്നു വെട്ടി ഒഴിഞ്ഞ തോട്ടം ജുമാ മസ്ജിദിലേക്ക്. ഏഴു പേരാണ് അവിടെ മണ്ണിനുള്ളില്‍ മറമാടപ്പെട്ടത്. പിന്നീട് ലഭിച്ച നാലുപേരും വന്നു ചേര്‍ന്നതോടെ പതിനൊന്നുപേര്‍ അടുത്തടുത്ത് അന്ത്യ നിദ്ര പുല്‍കി. റാഫിയുടെ സഹോദരിയേയും രണ്ടു മക്കളേയും കൊടുവള്ളി കൊട്ടാരക്കോത്ത് ജുമാ മസ്ജിദിലാണ് മറമാടിയത്. പ്രാര്‍ത്ഥനാ വാക്കുകള്‍ പോലും മനസ്സില്‍ മരവിച്ചുപോയ ദിവസമായിരുന്നു അന്ന്. റംസാന്‍ വ്രതത്തോടെ ജീവിതം നാഥനു സമര്‍പ്പിച്ച സഹോദരി സഹോദരന്മാര്‍,പെരുന്നാള്‍ മൈലാഞ്ചിയും പുത്തനുടുപ്പും ബാക്കിയാക്കി പറന്നു പോയ കുഞ്ഞിളം പൊന്നോമനകള്‍. ആരാണ് ഇവരെ ജീവിതത്തില്‍ നിന്നും ആട്ടിയോടിച്ചതെന്ന ചോദ്യം മനസ്സില്‍ ആവര്‍ത്തിച്ചിരമ്പി വന്നു.ഞാനും നിങ്ങളുമല്ലേ പതിനാലു സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തിയത്. നമ്മുടെ പണക്കൊതിയല്ലേ അശാസ്ത്രീയ ഖനനത്തിനും നിര്‍മ്മാണത്തിനും പ്രേരിപ്പിച്ചത്. നമ്മുടെ പ്രവൃത്തികള്‍ മൂലം മറ്റുള്ളവന്റെ ജീവനും സ്വപ്‌നവും തട്ടിയെടുക്കാനുള്ള അവകാശം ആരാണ് വകവെച്ചു തന്നത്. കരയിലും കടലിലും മനുഷ്യകരം പ്രവര്‍ത്തിച്ചതിന്റെ ഫലമായി നാശം പ്രകടമായിരിക്കുന്നു എന്ന വിശുദ്ധ വചനം എത്ര സത്യമായ പ്രസ്താവമാണ് നല്‍കുന്നത്. മലബാറിലെ വിശിഷ്യാ കോഴിക്കോട് മലപ്പുറം ജില്ലകളുടെ മലനിരകള്‍ ഇടിച്ചു നിരത്തി കോടികള്‍ കൊയ്യുന്നവരുടെ പ്രവര്‍ത്തന ഫലമായി ഇനിയും ദുരന്തങ്ങള്‍ നമ്മെ കാത്തിരിപ്പുണ്ട്. പശ്ചിമ ഘട്ട സംരക്ഷണത്തിനു വേണ്ടി തെയ്യാറാക്കിയ കമ്മീശന്‍ റിപ്പോട്ട് നടപ്പാക്കുന്നതിനെതിരെ സമരം ചെയ്തവരാണ് കൂടപ്പിറപ്പുകളെ വെള്ളപുതപ്പിച്ചു മുന്നില്‍ കിടത്തുമ്പോള്‍ അലമുറയിട്ടു കരയുന്നതെന്നത് കാലം തന്ന മറുപടിയായിരിക്കാം. കരിഞ്ചോല മലക്കു പകരം മറ്റൊരു പേരും സ്ഥലവും ജീവനും മണ്ണിന്നടിയിലകപ്പെടുന്നതു വരെ, മലവെള്ളത്തില്‍ ഒലിച്ചുപോകുന്നതുവരെ നമുക്ക് വീണ്ടും ചൂഷകരുടെ ചട്ടുകമാവാം. ……………
കണ്ണീര്‍ച്ചോല എന്ന പേരില്‍ ഇന്നത്തെ തേജസ് ആഴ്ച്ചവട്ടത്തിന്റെ കവര്‍‌സ്റ്റോറിയാണ് ഈ ലേഖനം.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar