ഇന്ത്യ-പാക്ക് അതിർത്തിയിൽ യുദ്ധ സമാനമായ അന്തരീക്ഷം.

ന്യൂഡെൽഹി: രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക്ക് അതിർത്തിയിൽ യുദ്ധ സമാനമായ അന്തരീക്ഷം. കനത്ത ജാഗ്രതയിലാണ് അതിർത്തി പ്രദേശങ്ങൾ. അതേസമയം അക്രമണത്തിനു പിന്നാലെ കനത്ത തിരിച്ചടിക്ക് തയാറെടുക്കുകയാണ് ഇന്ത്യയെന്നാണ് റിപ്പോർട്ട്. രാജ്യത്ത് യുദ്ധ സമാനമായ സാഹചര്യമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.

പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പരിപാടികൾ എല്ലാം റദ്ദാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യം വിലയിരുത്താൻ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭായോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍  ചേർന്നു. ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ, ധനമന്ത്രിമാര്‍ക്കു പുറമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും മൂന്ന്  സേനാ മേധാവികളും ഐ.ബി, റോ മേധാവികളും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഇന്‍റലിജന്‍സും പങ്കെടുക്കുന്നുണ്ട്. 

‌ആക്രമണത്തിനു പിന്നാലെയുണ്ടായ സാഹചര്യങ്ങൾ വിലയിരുത്താൻ ആഭ്യന്തരമന്ത്രി ഇന്നു ശ്രീനഗറിലെത്തും.  ദേശീയ അന്വേഷണ ഏജന്‍സിയുടെ 12 അംഗസംഘവും സ്ഫോടനസ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യ ഏത് തരത്തിലുള്ള തിരിച്ചടി നൽകുമെന്ന ആശങ്ക പാക്ക് അതിർത്തിയിലും പരന്നിട്ടുണ്ട്. അതിർത്തി പ്രദേശത്ത് ജാഗ്രത പാലിക്കാൻ പാക്കിസ്ഥാൻ സൈനികർക്ക് നിർദേശം നൽകി. 


പൂര്‍ണ പിന്തുണ നല്‍കുമെന്ന്  രാഹുല്‍ ഗാന്ധി.

ന്യൂഡൽഹി: പുല്‍വാമ ഭീകരാക്രണത്തിന്‍റെ പശ്ചാത്തലത്തില്‍ ഭീകരവിരുദ്ധ നടപടികള്‍ക്ക് സര്‍ക്കാരിനും സുരക്ഷാസേനകള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ്  അധ്യക്ഷൻ രാഹുല്‍ ഗാന്ധി. ഇത് ദുഖത്തിന്‍റെയും വേദനയുടേയും നിമിഷങ്ങളാണ്. കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍. ഇപ്പോള്‍ മറ്റ് ചര്‍ച്ചകള്‍ക്ക് താല്‍പര്യമില്ല. ഇത് അതിനുള്ള സമയമല്ലെന്നും രാഹുല്‍ വ്യക്തമാക്കി.

ഈ രാജ്യത്തിന്‍റെ ആത്മാവിന് നേരെയുള്ള ആക്രമണമാണിതെന്നും ഇന്ത്യയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. മുതിര്‍ന്ന നേതാക്കളായ എകെ ആന്റണി, ഗുലാം നബി ആസാദ് തുടങ്ങിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar