കേരള ബജറ്റ് ഒറ്റനോട്ടത്തില്‍
തിരുവനന്തപുരം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനക്ഷേമ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെ ബജറ്റ്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആറാമത്തേതും തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത്തേതുമായ ബജറ്റ്, പ്രസംഗത്തിലും റെക്കോര്‍ഡിട്ടു. എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തിയും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്നു പ്രഖ്യാപിച്ചുമായിരുന്നു മന്ത്രിയുടെ പ്രസംഗം. ഇതെല്ലാം നടപ്പാക്കാന്‍ ഫണ്ടെവിടെയെന്ന പ്രതിപക്ഷ ചോദ്യത്തിന് ഉത്തരമില്ലെങ്കിലും വാരിക്കോരി പ്രഖ്യാപിച്ച ബജറ്റില്‍ വികസന കാര്യങ്ങള്‍ ഏറെയുണ്ട്.
മൂന്നാറില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചേക്കും; ഭൂമി ടാറ്റ നല്‍കും’ മൂന്നാറില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചേക്കും; ഭൂമി ടാറ്റ നല്‍കും
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഏപ്രിലില്‍ പരിഷ്‌കരിക്കും. ശമ്പള കുടിശിക 3 ഗഡുക്കളായി നല്‍കും. രണ്ടു ഡിഎ കുടിശിക പിഎഫില്‍ ലയിപ്പിക്കും. എല്ലാ തദ്ദേശ ജനപ്രതിനിധികളുടെയും ഓണറേറിയം 1000 രൂപ വീതം വര്‍ധിപ്പിച്ചു. ലൈഫ് മിഷനില്‍ 40,000 പട്ടികജാതി കുടുംബങ്ങള്‍ക്കും 12000 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും വീട് നല്‍കുമെന്നും ഐസക് പറഞ്ഞു. രാവിലെ 9ന് തുടങ്ങിയ പ്രസംഗം ഉച്ചയ്ക്ക് 12.20 ഓടെയാണ് അവസാനിച്ചത്. 2013 മാര്‍ച്ച് 13ന് കെ.എം.മാണി നടത്തിയ 2 മണിക്കൂര്‍ 58 മിനിറ്റ് പിന്നിട്ട പ്രസംഗത്തിന്റെ റെക്കോര്‍ഡാണ് ഐസക് മറികടന്നത്.
ഇക്കുറി ഐസക്കിന്റെ ബജറ്റ് പ്രസംഗം 3 മണിക്കൂര്‍ 20 മിനിറ്റ് നീണ്ടു. 50,000 കോടി മുതല്‍ മുടക്കുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക് ഈ വര്‍ഷം ആരംഭമാകും. 20 ലക്ഷംപേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ജോലി. കംപ്യൂട്ടര്‍ അടക്കം വാങ്ങുന്നതിന് വായ്പ. അതിവേഗ ട്രെയിന്‍ പദ്ധതിയായ സില്‍വര്‍ലൈനിനായി ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഈ വര്‍ഷം ആരംഭിക്കും. 8 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ആരോഗ്യവകുപ്പില്‍ 4,000 പുതിയ തസ്തികകള്‍. 15,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തീകരിക്കും.നെല്ല്, നാളികേരം എന്നിവയുടെ സംഭരണ വിലയും റബറിന്റെ തറവിലയും കൂട്ടി. കിഫ്ബി ഉത്തേജന പാക്കേജിന് 60,000 കോടി. ആരോഗ്യ സര്‍വകലാശാല ഗവേഷണ കേന്ദ്രത്തിന് ഡോ. പല്‍പ്പുവിന്റെ പേര് നല്‍കും. സ്ത്രീ പ്രഫഷണലുകള്‍ക്ക് ഹ്രസ്വപരിശീലനം നല്‍കി അവരെ ജോലിക്ക് പ്രാപ്തരാക്കും. വര്‍ക്ക് ഫ്രം ഹോം പദ്ധതിക്കു വായ്പകള്‍ ലഭ്യമാക്കും. എല്ലാ വീട്ടിലും ലാപ്‌ടോപ് ഉറപ്പാക്കും. കെ ഫോണ്‍ പദ്ധതി ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും; കേരളത്തില്‍ ഇന്റര്‍നെറ്റ് ആരുടെയും കുത്തകയാക്കില്ല.
മികച്ച യുവ ശാസ്ത്രജ്ഞരെ ആകര്‍ഷിക്കാന്‍ ഒരു ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ്. സര്‍ക്കാര്‍ കോളജുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 56 കോടി. 30 ഓട്ടോണമസ് കേന്ദ്രങ്ങള്‍ സര്‍വകലാശാലകളില്‍ തുടങ്ങും, ഇതിനായി കിഫ്ബി വഴി 500 കോടി നല്‍കും. കൈത്തറി മേഖലയ്ക്ക് 52 കോടി. തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്ന് ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി. തൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷേമനിധി ഫെബ്രുവരിയില്‍. പ്രവാസികള്‍ക്കുള്ള ഏകോപിത തൊഴില്‍ പദ്ധതിക്ക് 100 കോടി; പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി.കയര്‍മേഖലയ്ക്ക് 112 കോടി. കാര്‍ഷിക വികസനത്തിന് മൂന്നിന കര്‍മപദ്ധതി, 2 ലക്ഷം തൊഴില്‍ അവസരങ്ങള്‍; തരിശുരഹിത കേരളം ലക്ഷ്യം. കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കും. ടൂറിസം നിക്ഷേപകര്‍ക്ക് പലിശ ഇളവോടെ വായ്പ. കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്ക്. ഭക്ഷ്യസുരക്ഷയ്ക്ക് 40 കോടി. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 5 കോടി. മൂന്നാറിലേക്ക് പൈതൃക തീവണ്ടി. തിരുവനന്തപുരത്തും കോഴിക്കോടും പൈതൃക പദ്ധതി. കേരള ഇന്നവേഷന്‍ ചലഞ്ച് പദ്ധതിക്കായി 40 കോടി.
വയനാടിന് കോഫി പാര്‍ക്ക്. ലൈഫ് മിഷനില്‍ 1.5 ലക്ഷം വീടുകള്‍ കൂടി. 20000 പേര്‍ക്ക് ഭൂമി ലഭ്യമായി. 6000 കോടി രൂപ ഇതിനായി വകയിരുത്തും. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 320 കോടി. ന്യൂനപക്ഷ ക്ഷേമത്തിന് 42 കോടി. റോഡ് അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ. ആരോഗ്യ കേന്ദ്രങ്ങളില്‍ ഒപി ഇനി ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും. കൊച്ചി കാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും. റീജിയണല്‍ കാന്‍സര്‍ സെന്ററിന് 71 കോടി, മലബാര്‍ കാന്‍സര്‍ സെന്ററിന് 25 കോടി.ആശ പ്രവര്‍ത്തകരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു. കെഎസ്ആര്‍ടിസിയില്‍ 3,000 പ്രകൃതി സൗഹൃദ ബസുകള്‍. ഇവാഹനങ്ങള്‍ക്ക് 50 ശതമാനം നികുതിയിളവ്. കെഎസ്എഫ്ഇ ചിട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ. കെഎഫ്‌സി പുനസംഘടിപ്പിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് 5000 കോടി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള മഴവില്ല് പദ്ധതിക്ക് 5 കോടി അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
0 Comments