ആതിരയും കെവിനും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മലയാളി എന്ത് ഉത്തരം നല്‍കും

കോഴിക്കോട്.:അരീക്കോടിനടുത്ത കിഴുപറമ്പ് പഞ്ചായത്തിലെ ആതിരയെ അഛന്‍ വിവാഹത്തലേന്ന് കുത്തിമലര്‍ത്തിയതിന്റെ നടുക്കം മാറുംമുമ്പാണ് കോട്ടയത്തു നിന്നും മറ്റൊരു ദുരന്തവാര്‍ത്ത എത്തുന്നത്. കോട്ടയം എസ് എച്ച് മൗണ്ട് സ്വദേശിയായ കെവിന്‍ ജോസഫ് എന്ന ചെറുപ്പക്കാരനേയാണ് ഭാര്യാ സഹോദരനും ഗുണ്ടകളും ചേര്‍ന്ന് മൃഗീയമായി കൊന്നുതള്ളിയത്. ഈ രണ്ടു കൊലപാതകങ്ങളും ദുരഭിമാന കൊലകളാണെന്നതാണ് കേരളീയ മനസാക്ഷിയെ മുറിവേല്‍പ്പിക്കുന്നത്.ഉത്തരേന്ത്യന്‍ ജാതീയതക്കെതിരെ പോരാട്ടം നയിക്കുന്ന കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ അടിക്കടി ആവര്‍ത്തിക്കുമ്പോള്‍ ബോധ്യപ്പെടുന്നത് കേരളീയ സമൂഹത്തിന്റെ അടിത്തട്ടില്‍ രൂഢമൂലമായ ജാതി ചിന്തകളുടെ വിഴുപ്പ് ഭാണ്ഡത്തിന്റെ വൃത്തികേടുകളാണ്. പുരോഗമനപരമായ ഉന്നതിയും വിദ്യാഭ്യാസത്തിന്റെ മേന്മയും ഉയര്‍ത്തിക്കാട്ടി മറ്റു സംസ്ഥാനങ്ങളോട് മതേതരത്വത്തെക്കുറിച്ച് ഗീര്‍വാണം മുഴക്കുന്ന മലയാളിക്ക് ഇത്തരം സംഭവങ്ങള്‍ വലിയ പരിക്കാണ് ഏല്‍പ്പിക്കുന്നത്. ജാതീയതയുടെ വേരുകള്‍ ഇത്രയധികം ആഴത്തില്‍ ഇന്നും കേരളീയ സമൂഹത്തിന്റെ മനസ്സില്‍ ശക്തമായ സാന്നിദ്ധ്യം ആണെന്നാണ് ഈ രണ്ടു സംഭവങ്ങളും വിരല്‍ ചൂണ്ടുന്നത്.
സ്വന്തം അഛന്‍ മകളെ അതി മൃഗീയമായി അരിഞ്ഞു വീഴ്ത്തിയപ്പോള്‍ കേരളം പ്രാര്‍ത്ഥിച്ചു ആവര്‍ത്തിക്കരുതേ എന്ന് .എന്നാല്‍ കെവിന്‍ ജോസഫിന്റെ വാര്‍ത്ത പുറത്തു വന്നപ്പോള്‍ കേരളം മനസ്സിലാക്കി മലയാളി മനസ്സിന്റെ മാറുന്ന ചിന്തയില്‍ ജാതീയതയുടെ സ്വാധീനം വളരെ വലുതാണെന്നു. ഓമനിച്ചു വളര്‍ത്തിയ മക്കള്‍ അന്യന്റെ കൂടെ പടിയിറങ്ങിപ്പോകുമ്പോള്‍ സ്വാഭാവികമായ അനിഷ്ടടങ്ങളോക്കെ ഉണ്ടാവാറുണ്ട്. എന്നാല്‍ ഈ രണ്ടു വിഷയത്തിലും ആസൂത്രിത കൊലപാതകമാണെന്നത് വലിയ വിപത് സൂചനയാണ് നല്‍കുന്നത്. സ്വന്തം സഹോദരി വിധവയാകുമെന്നും തങ്ങളുടെ കുടുംബം കേസും കൂട്ടവുമായി ചിന്നഭിന്നമാവുമെന്നും അറിഞ്ഞിട്ടും ഇത്തരം പാതകങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെടുന്ന മാനസികാവസ്ഥയാണ് സൂക്ഷ്മ പരിശോധന ആവശ്യപ്പെടുന്നത്. സ്വന്തം മകളും മകനും മാത്രമല്ല കുടുംബവും വഴിയാധാരമാവുമെന്നറിഞ്ഞിട്ടും ഇത്തരം ക്രൂരതക്കു മൗന സമ്മതം നല്‍കുന്ന മാതാപിതാക്കള്‍ എന്ത് അഭിമാനമാണ് കാത്തു സൂക്ഷിക്കുന്നത്. ഏത് ജാതിയുടെ പവിത്രതയാണ് സംരക്ഷിക്കപ്പെടുന്നത്. ഉനമൂലനം ചെയ്യുക എന്നത് നിസ്സാര വത്കരിക്കപ്പെടുന്നതാണ് വിഷയം. ജാതിയും മതവും രാഷ്ട്രീയവും ഇത്തരം നെറികേടുകളുടെ സഹകരണ പ്രസ്ഥാനങ്ങളാവുന്ന ദുരന്തമാണ് സമൂഹത്തിലെ വലിയ വില്ലന്‍. പോലീസ് സേനകളുടെ രാഷ്ട്രീയ വത്കരണത്തിനപ്പുറം ചര്‍ച്ചചെയ്യപ്പെടേണ്ടത് നിസ്സംഗതയണ്. സ്‌റ്റേഷനുകളില്‍ പരാതിയുമായി എത്തുന്നവരോട് ഉദ്യോഗസ്ഥര്‍ പുലര്‍ത്തുന്ന തണുത്ത സമീപനം പല കേസുകളുടേയും തീവ്രതയോടെയല്ല. പ്രജാപതിയേയും കൊണ്ട് ഊരുചുറ്റുന്ന, അവര്‍ക്ക് വിഘ്‌നമില്ലാത്ത പാതയൊരുക്കുന്ന പോലീസ് പ്രജകളേയും കണക്കിലെടുക്കേണ്ടതുണ്ട്. ഈ അടുത്ത കാലത്ത് കേരളത്തില്‍ നടന്ന ഏത് വിവാദ കേസിലും സംശയത്തിന്റെ പുകമറക്കുള്ളിലാണ് സംസ്ഥാന പോലീസ്. പോലീസിന് വലിയ പങ്ക് ഓരോ കേസിലും ഉണ്ടാവുന്നു എന്നത് നീതിന്യായ വകുപ്പിന്റെ വിശ്വാസ്യതയാണ് നഷ്ട്ടപ്പെടുത്തുന്നത്. കെവിനും ആതിരയും മലയാളിയുടെയും പുരോഗമന വിപ്ലവ പ്രസ്ഥാനങ്ങളുടേയും മുഖത്തേറ്റ പ്രഹരമാണ്. പുരോഗമന ചിന്താഗതികളുടെ തലക്കുമുകളില്‍പ്പോലും ജാതീയതയുടെ വിഷ വിത്ത് മുളച്ചുപൊങ്ങിയിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ സംഭവങ്ങള്‍ മുന്നോട്ടു വെക്കുന്നത്. പ്രതികള്‍ ഏത് പാര്‍ട്ടി എന്നതോ ഇര ഏത് പാര്‍ട്ടി എന്നതോ അല്ല, വിഷയം. രണ്ടിനേയും ന്യായീകരിക്കുന്ന മനസ്സാണ് വലിയ പ്രശ്‌നം. എല്ലാം ജാതീയമായും രാഷ്ട്രീയമായും കാണുന്ന മനസ്സ് കേരളീയ സമൂഹത്തിന്റെ മറ്റൊരു വികൃത മുഖമാണ് അനാവരണം ചെയ്യുന്നത്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar