കൊറോണ ജാഗ്രത പാലിച്ച് സൗദി

റിയാദ്: ലോക ജനതയെ ആശങ്കയിലാഴ്ത്തി ചൈനയില്‍ കൊറോണ വൈറസ് വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് സൗദി ആരോഗ്യമന്ത്രാലായം. കൊറോണ വൈറസ് തടയാനായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി സൗദി ആരോഗ്യമന്ത്രി തവ്ഫിക് അല്‍ റബിയ വ്യക്തമാക്കി. ചൈനയില്‍ നിന്ന് നേരിട്ട് വരുന്ന വിമാനങ്ങളുടെ നിരീക്ഷണ, നിയന്ത്രണ നടപടിക്രമങ്ങള്‍ മന്ത്രാലയം വര്‍ദ്ധിപ്പിച്ചു.
ചൈനയില്‍ നിന്ന് എത്തുന്ന യാത്രക്കാരെ പരിശോധിക്കാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി ഏകോപിപ്പിച്ച് സംവിധാനം ഒരുക്കിയിട്ടുണ്ട്. പുതിയ കൊറോണ വൈറസ് കേസുകളൊന്നും ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചിട്ടില്ലെന്നും സൗദി ആരോഗ്യമന്ത്രി വ്യക്തമാക്കി.
സംശയാസ്പദമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ (എന്‍സിഡിസി) ആരോഗ്യ ഗൈഡ് തയ്യാറാക്കിയിട്ടുണ്ട്. എന്‍സിഡിസി ലബോറട്ടറി പരിശോധനകളിലൂടെ ദേശീയ ലബോറട്ടറിയിലേക്ക് സാമ്പിള്‍ ശേഖരിക്കുന്നതിനും കൈമാറുന്നതിനുമുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്കും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ചൈനയില്‍ വൈറസ് കണ്ടെത്തിയ ഉടന്‍ മന്ത്രാലയത്തിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങള്‍ നടപ്പാക്കാനും വിവിധ രാജ്യങ്ങളുമായി ഏകോപിച്ച് പ്രവര്‍ത്തിക്കാനും മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുമായും (ലഭ്യമായ മറ്റ് സ്രോതസ്സുകളുമായും) പകര്‍ച്ചവ്യാധി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി ഏകോപിപ്പിക്കുന്നതും മുന്‍കരുതല്‍ നടപടികളില്‍ ഉള്‍പ്പെടുന്നു.
0 Comments