പത്തനംതിട്ടയില്‍ അഞ്ചുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.ജാഗ്രതയില്‍ സംസ്ഥാനം

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്കാണ് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്ന ശേഷമാണ് മന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്. ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ച അഞ്ചുപേരില്‍ മൂന്നുപേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരാണ്. രണ്ടുപേര്‍ അവരുടെ അടുത്ത ബന്ധുക്കളുമാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് ഇവരിപ്പോള്‍ ഉള്ളത്.
ഫെബ്രുവരി 29 നാണ് ഇവര്‍ ഇറ്റലിയില്‍ നിന്ന് എത്തിയത്. എയര്‍പോര്‍ട്ടില്‍ രോഗ പരിശോധനക്ക് വിധേയരായിരുന്നില്ല. കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന നിബന്ധനയും പാലിച്ചില്ല. അച്ഛനും അമ്മയും കുട്ടിയും അടക്കമുള്ളവരാണ് ഇറ്റലിയില്‍ നിന്ന് എത്തിയത്. അവര്‍ സന്ദര്‍ശിച്ച ബന്ധുവീട്ടിലെ രണ്ട് പേര്‍ക്ക് കൂടിയാണ് രോഗ ബാധ ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. രോഗ ലക്ഷണങ്ങളോടെ കണ്ടെത്തിയിട്ടും ആശുപത്രിയിലേക്ക് മാറാന്‍ പറഞ്ഞപ്പോള്‍ പോലും അവര്‍ തയ്യാറായിരുന്നില്ല. നിര്‍ബന്ധിച്ചാണ് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. മുന്‍കരുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പഴുതടച്ച് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും മന്ത്രി പറഞ്ഞു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar