നിപ വൈറസ് ബാധിച്ച് കോഴിക്കോട് രണ്ടു പേര്‍ കൂടി മരിച്ചു.

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് കോഴിക്കോട് രണ്ടു പേര്‍ കൂടി മരിച്ചു. കൂരാച്ചുണ്ട് വട്ടച്ചിറ മാടമ്പിലുമീത്തല്‍ രാജന്‍(45), ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂര്‍ അറബി കോളജ് പരിസരത്തെ തട്ടാന്റവിടെ അശോകന്‍ (52) എന്നിവരാണ് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കുടുംബാംഗങ്ങള്‍ക്കു വിട്ടുകൊടുക്കാതെ ആരോഗ്യവകുപ്പ് നേരിട്ടു സംസ്‌കരിച്ചു.കോഴിക്കോട് എട്ടു പേരും മലപ്പുറത്ത് മൂന്നു പേരുമാണു മരിച്ചത്. ഇതില്‍ കോഴിക്കോട് ഏഴു പേരും മലപ്പുറത്തു രണ്ടു പേരും മരിച്ചത് നിപ വൈറസ് ബാധിച്ചാണെന്നു സ്‌ഥിരീകരിച്ചു. നേരത്തേ മരിച്ച പന്തിരിക്കര സൂപ്പിക്കട വളച്ചുകെട്ടി സാബിത്തും സ്വാലിഹും പേരാമ്പ്ര ഇ.എം.എസ്. സഹകരണ ആശുപത്രിയിലായിരിക്കെ രാജനും അവിടെ ചികിത്സയിലായിരുന്നു. രോഗം മൂര്‍ഛിച്ചതോടെയാണു മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്. കര്‍ഷകത്തൊഴിലാളിയായിരുന്നു. ഭാര്യ: സിന്ധു. മക്കള്‍: സാന്ദ്ര, സ്വാതി. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.കഴിഞ്ഞ നാലിനു പനി ബാധിച്ച അശോകനെ വിവിധ ആശുപത്രികളിലെ ചികിത്സയ്‌ക്കു ശേഷമാണു മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. പുനെ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍നിന്നു രക്‌തസാമ്പിള്‍ പരിശോധനാഫലം വരാനിരിക്കെയാണ് ഇന്നലെ രാവിലെ മരിച്ചത്. പിക്കപ്പ് വാന്‍ ഡ്രൈവറാണ്. ഉമ്മത്തൂര്‍ തട്ടാന്റവിടെ ചാത്തുവിന്റെയും മാണിക്യത്തിന്റെയും മകനാണ്. ഭാര്യ: അനിത. മക്കള്‍: അഖില്‍ (ആര്‍മി), അശ്വതി,ആദിത്യ (വിദ്യാര്‍ഥികള്‍).കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച തിരൂരങ്ങാടി തെന്നല കൊടേക്കല്‍ മണ്ണത്തനാത്തുപടിക്കല്‍ ഷിജിത(23), മൂന്നിയൂര്‍ പാലക്കത്തൊടി മേച്ചേരി മണികണ്‌ഠന്റെ ഭാര്യ സിന്ധു(36), മൂര്‍ക്കനാട് കൊളത്തൂര്‍ വേലായുധന്‍ എന്ന സുന്ദരന്‍ (48) എന്നിവരുടെ മരണം നിപ മൂലമാണെന്നു സ്‌ഥിരീകരിച്ചു. ചട്ടിപറമ്പ് പാലയില്‍ മുഹമ്മദ് ഷിബിലി മരിച്ചതു നിപ ബാധിച്ചല്ലെന്നും വ്യക്‌തമായി. മലപ്പുറത്തു മൂന്നു മരണം സ്‌ഥിരീകരിച്ച നിലയ്‌ക്ക് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ കലക്‌ടറേറ്റില്‍ അടിയന്തര യോഗം ചേര്‍ന്നു. രോഗം സ്‌ഥിരീകരിച്ച മൂന്നിയൂര്‍, തെന്നല, മൂര്‍ക്കനാട് പഞ്ചായത്തുകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. മരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തിലാണ്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഉടന്‍ ഐസൊലേഷന്‍ വാര്‍ഡ് സ്‌ഥാപിക്കും. കേന്ദ്ര ആരോഗ്യവകുപ്പ് സംഘവും മലപ്പുറത്തുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ സൗകര്യമൊരുക്കി. സംശയകരമായ സാമ്പിളുകള്‍ മണിപ്പാലിലേക്ക് അയയ്‌ക്കാന്‍ പ്രത്യേക സംവിധാനം സജ്‌ജമാക്കി. മലപ്പുറത്ത് പ്രത്യേക കര്‍മസേന രൂപീകരിച്ചു. മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍. 0483 2737857. ടോള്‍ ഫ്രീ നമ്പറായ 1056-ല്‍ നിന്നും സഹായങ്ങള്‍ ലഭിക്കും
0 Comments