കുമ്പളങ്ങിയിലെ സദാചാര നിലാവ്

ഇ.കെ.ദിനേശൻ.

കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാള സിനിമ പ്രമേയത്തിലും അവതരണത്തിലും നായികാ നായക സങ്കൽപ്പത്തിൽ അടിസ്ഥാനപരമായിത്തന്നെ പൊളിച്ചെഴുത്ത് നടത്തിക്കൊണ്ടിരിക്കുകയാണ്. സാമ്പ്രദായിക സിനിമാ നിർമ്മാണ വ്യവഹാരങ്ങളിൽ ഒരു ഇൻഡസ്ട്രി എന്ന നിലയിൽ അതിൽ പല വ്യവസ്ഥകളും നിലനിൽക്കുന്നുണ്ട്. അതാകട്ടെ വാണിജ്യ സിനിമാ സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്. അതിൽ നിന്നു വ്യത്യസ്തമായി ചില പുതിയ സിനിമകൾ കാഴ്ചക്കാരുമായി നേരിട്ട്, അവരുടേത് കൂടിയായ ജീവിതത്തെ അഭിസംബോധന ചെയ്തു തുടങ്ങിയിരിക്കുന്നു. കാലങ്ങളായി മലയാള സിനിമയിൽ തുടർന്നുവരുന്ന നായിക നായക സങ്കല്പത്തിനും സിനിമയുടെ പശ്ചാത്തല സൗന്ദര്യത്തെയും അത് പതുക്കെപ്പതുക്കെ പുതുക്കിപ്പണിതു കൊണ്ടിരിക്കുന്നു. ഇത്തരം സിനിമ മനുഷ്യരുടെ ഹൃദയത്തിലേക്ക് അവരറിയാതെ ഓടിക്കയറുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ സാക്ഷ്യപ്പെടുത്തലാണ് മധു സി .നാരായണൻ സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന അതിമനോഹരമായ ചലച്ചിത്ര കാവ്യം.

ഈ സിനിമ, കേവലം ആസ്വാദനത്തിന് അപ്പുറത്തേക്ക് കേരളത്തിലെ മധ്യ ഉപരിവർഗ്ഗ ജീവിതങ്ങളിൽ ഫ്രെയിം ചെയ്തുവച്ച പല സദാചാര ബോധത്തെയും ചോദ്യം ചെയ്യുന്നുണ്ട്-കുടുംബ ജീവിതത്തിന്റെ അടിയാധാരത്തെ അതിമനോഹരമായി അത് കീറിക്കളയുന്നു. സിനിമയിലെ 
പ്രമേയവും അതിനെ ജീവിപ്പിക്കുന്ന പരിസരവും തമ്മിലുള്ള രസതന്ത്രം ഈ സിനിമയുടെ നട്ടെല്ലാണ്. കാരണം, മനുഷ്യരുടെ ജീവിതം അവർ ജനിച്ചു വളരുന്ന ദേശവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. നഗര കേന്ദ്രീകൃത ജീവിതത്തിലെ അടയാളമല്ല ഗ്രാമ ജീവിതത്തിലേത്. ഗ്രാമത്തിൽ നിന്നും കുറച്ചുകൂടി ഉള്ളിലേക്ക് നടന്നാൽ നമുക്ക് കുമ്പളങ്ങിയിൽ എത്താം. ആ യാത്രയിൽ സുപരിചിതരായ (?) കുറെ പച്ചമനുഷ്യരുടെ ഹൃദയ വാതായനങ്ങൾ തുറന്ന് അകത്തു കയറിയാൽ ആദ്യം നമ്മൾ തട്ടി വീഴുന്നത് നമ്മുടെയുള്ളിൽ ഉറപ്പിച്ചിട്ടുള്ള സദാചാര ബോദ്ധ്യങ്ങളിലാണ്. കുടുംബത്തിൽ നിലനിൽക്കുന്ന പൂർവ്വകാല ശീലങ്ങൾക്ക് തുടർച്ചയുണ്ടാക്കുന്നത് അതിനെ താങ്ങി നിർത്താൻ ആളുകൾ ഉണ്ടാകുമ്പോഴാണ്‌. ഇവിടെ ആ കർത്തവ്യം ഷമ്മി (ഫഹദ് ഫാസിൽ) എന്ന കഥാപാത്രം അതി മനോഹരമായി നിർവ്വഹിക്കുന്നത്.

വിവാഹം കഴിഞ്ഞ് ഭാര്യവീട്ടിൽ താമസിക്കുന്നതിനിടയിലാണ് ഷമ്മിക്ക് ആ കുടുംബത്തിന്റെ ഉത്തരവാദിത്വത്തിലേക്ക് ഇടപെടാനുള്ള അവസരം ഉണ്ടായിത്തീരുന്നത്. ഭാര്യയുടെ അനുജത്തി ബേബി പ്രണയിക്കുന്നതാകട്ടെ ഒരപ്പന് പിറക്കാത്ത നാലു ചെറുപ്പക്കാരുടെ കൂട്ടത്തിലെ ഒരാളെ . കള്ളും കഞ്ചാവും നിറഞ്ഞാടുന്ന ബോബിയുടെ ലോകത്തിലേക്ക് ബേബിയെ പറഞ്ഞു വിടാൻ ഷമ്മി തയ്യാറല്ല.താടി വടിക്കാൻ പോലും സ്വന്തമായി 60 രൂപയില്ലാത്തവൻ. ഷമ്മിയാവാട്ടെ തന്റെ ബാർബർ ജോലിയെ ഒരു മികച്ച തൊഴിലായി നിർമ്മിച്ചെടുത്തിട്ടുണ്ട്. അതിന്റെ വിജയം തനിക്ക് താഴെയുള്ളവരുടെ ജീവിതത്തെ അളക്കാനുള്ള ഉപകരണമാക്കി മാറ്റുന്നുമുണ്ട്. ഇത് സാമുഹ്യ അസമത്വം പേറുന്ന ജീവിത പരിസരങ്ങളിൽ പുതിയ കാലത്ത് പരീക്ഷിക്കപ്പെടുന്നതാണ്. നിറവും സൗന്ദര്യവും വസ്ത്രവും ബൗദ്ധീക സാഹചര്യങ്ങളും ബഹുസ്വര ജീവിതത്തിലെ വേറിട്ട ജീവിതത്തിന്റെ അധമ വിചാരങ്ങളെ പ്രതിരോധിക്കാനുള്ള മരുന്നായി മാറുന്നു. ഇവിടെ ഷമ്മി അതാണ് തെളിയിക്കുന്നത്. പ്രധാനമായും അത് പ്രയോഗിക്കുന്നത് പുറമ്പോക്ക് ജീവിതത്തിലേക്കാണ്. സിനിമയുടെ ഒരു ഭാഗത്ത് ഷമ്മിയുടെ അടുക്കും ചിട്ടയുമുള്ള കുടുംബം. മറു ഭാഗത്ത് സജിയും മൂന്നു അനുജന്മാരുമുള്ള കുടുംബം. ആ നാല് ചെറുപ്പക്കാരുടെ അനാഥത്വത്തിൽ പൂത്തുനിൽക്കുന്നത് മാതാപിതാക്കളുടെ അസാന്നിധ്യമാണ്. ആ ജീവിതം തമ്പടിച്ചത് പുറമ്പോക്ക് മണ്ണിലാണ് എന്നത് സാന്ദർഭികമല്ല. ഭൂമിയുടെ അധികാരത്തിന് പുറത്തെ ജീവിതത്തിൽ പലപ്പോഴും കുടുംബം എന്നത് അസ്ഥിരതയുടെ ഭാരം പേറാറുണ്ട്’. കുമ്പളങ്ങിയിൽ അത് സജിയും ബോബിയും ബോണിയും ഫ്രാങ്കിയും അനുഭവിക്കുന്നുണ്ട്. ഏറ്റവും ഇളയവനായ ഫ്രാങ്കി തന്റെ സ്കോളർഷിപ്പ് കിട്ടിയ പണം കൊണ്ട് കക്കൂസ് നിർമ്മിക്കുമ്പോൾ അത് പലതിന്റെയും സൂചനയായി മാറുകയാണ്. കാരണം, ആ ദേശത്തെപ്പറ്റി നേരത്തെ ഷമ്മി വിശേഷിപ്പിച്ചത് തീട്ടം നിക്ഷേപിക്കുന്ന സ്ഥലം എന്നാണ്.പക്ഷെ ആ തീട്ട ദേശം സിനിമയുടെ രണ്ടാം ഭാഗത്ത് സൃഷ്ടിക്കുന്ന വിപ്ലവത്തിന് പകരം വെക്കാൻ അടുത്ത കാലത്തായി മറ്റൊരു സിനിമയും ഉണ്ടായിട്ടില്ല.(‘കമ്മട്ടിപ്പാടം’ മറക്കുന്നില്ല)
സജിയുടെ തേപ്പ് (ഇസ്തിരി)കടയിലെ തൊഴിലാളിയും സുഹൃത്തുമായ തമിഴ് യുവാവ് അയാളെ രക്ഷിക്കുന്നതിനിടയിൽ മരിക്കുന്നുണ്ട്. പിന്നീട് ഗർഭിണിയായ അയാളുടെ ഭാര്യയെ പ്രസവശേഷം തന്റെ അടുക്കും ചിട്ടയുമില്ലാത്ത വീട്ടിലേക്ക് വിളിച്ചു വരുത്തുന്നുണ്ട്. അതിന് മുമ്പേ ബോണി കളരി പടിക്കാൻ എത്തിയ ആഫ്രിക്കൻ യുവതിയെ ഒന്നിച്ച് കിടത്തുന്നുണ്ട്. ആ വീട്ടിൽ പെണ്ണനക്കങ്ങൾ ഉണ്ടാവുകയാണ്. ഒടുവിൽ തമിഴ്‌ യുവതിയും കൈക്കുഞ്ഞും താൻ എത്തുനിടം നശിക്കും എന്ന് പറഞ്ഞ് പോകാൻ ഒരുങ്ങുമ്പോൾ ബോബി പറയുന്നുണ്ട്, കരക്ട്ട് സ്ഥലത്താണ് നിങ്ങൾ എത്തിയത്. ആർക്കും വേണ്ടാത്തവരെ കൊണ്ടു വിടുന്ന സ്ഥലമാണിത്. ഇതു പോലെ നശിച്ച മറ്റൊരിടമില്ല . ആ സ്ഥലമാണ് പിന്നീട് പച്ചമനുഷ്യരുടെ സ്നേഹത്തുരുത്തായി മാറുന്നത്. അത് സാധ്യമാവുന്നത് ആ തുരുത്തിൽ എത്തുന്നവരിൽ സമൂഹം വെച്ചുകെട്ടുന്ന സദാചാര വിചാരങ്ങളില്ല എന്നതുകൊണ്ടാണ്. മനുഷ്യനെ മനുഷ്യത്വത്തിന്റെ കോളത്തിൽ എഴുതിവെക്കാൻ കഴിഞ്ഞതുകൊണ്ടാണ് അനാഥത്വത്തിന്റെ ആഴത്തിലേക്ക് ചെന്നവസാനിക്കേണ്ട ആ തമിഴ്‌ യുവതിയേയും കുഞ്ഞിനെയും സ്വീകരിക്കാൻ സജിക്ക് കഴിഞ്ഞത്. കാഴ്ചയിൽ അത്രയൊന്നും സൗന്ദര്യമില്ലാത്ത കറുത്ത നിറമുള്ള പ്രശാന്തിന് വെളുത്ത നിറമുള്ള സുനിതയെ ജീവിത പങ്കാളിയായി കിട്ടിയതും, ബേബിക്ക് ബോബിയെ സ്നേഹിക്കാൻ കഴിഞ്ഞതും മനുഷ്യൻ എന്ന പരിഗണനയിൽ മാത്രമാണ്‌. ചേച്ചിയുടെ ഭർത്താവ് ഷമ്മി ബോബിയുടെ സഹോദരങ്ങളെ ഒരു അപ്പന് പിറക്കാത്ത മക്കൾ എന്ന് പറഞ്ഞ് അക്ഷേപ്പിക്കുമ്പോൾ ഒരാൾക്ക്‌ ഒരു അപ്പനെ ഉണ്ടാവൂ എന്ന് ബേബി മറുപടി പറയുന്നുണ്ട്. ഇങ്ങനെ ആൺ അധികാര ഘടനയെ തകർത്തു കൊണ്ട് മുന്നേറുന്ന സിനിമ സദാചാരത്തിന്റെ നാഭിക്ക് ചവിട്ടുമ്പോൾ പുറത്തേക്ക് തെറിക്കുന്ന മൂത്രത്തിലൂടെ ഉപരി, മധ്യ വർഗ്ഗ മലയാളിയുടെ പാരമ്പര്യ സദാചാര ശാഠ്യങ്ങൾ ഒലിച്ചുപോവുകയാണ്. ജീവിതത്തിന്റെ സമത്വത്തെ നിർണ്ണയിക്കുന്നത് കുടുംബത്തിന്റെ സമത്വമാണ് എന്ന എക്കാലത്തെയും ധാരണകളെ ‘കുമ്പളങ്ങി’ തിരുത്തിയെഴുതുന്നു. അത്തരം ധാരണകളെ പുരുഷകേന്ദ്രീകൃതമായി വളർത്തിയെടുക്കുന്നതിൽ കുടുംബത്തിനുള്ളിലെ സ്ത്രീകൾക്കും പങ്കുണ്ട്. ഷമ്മിയാൽ നിയന്ത്രിക്കപ്പെട്ട കുടുംബത്തിലെ അമ്മയും നിർവ്വഹിച്ചത് അതുതന്നെ. ഒടുവിൽ ബേബി സ്വന്തം ഇഷ്ട്ടപ്രകാരം ഇറങ്ങിപ്പോകുമ്പോൾ ഷമ്മി മൂന്നു സ്ത്രീകളെയും വായ് മൂടിക്കെട്ടി മുറിയിൽ അടച്ചിടുകയാണ്.നിരന്തരമായ ഫോൺ വിളികൾക്ക് മറുപടിയില്ലാതെ നെപ്പൊളിയന്റെ നാലു മക്കളും അവിടെ എത്തുന്നു. ഏറ്റുമുട്ടലിൽ ഷമ്മിയെ വലയിട്ട് കീഴടക്കുന്നു. അപ്പോഴാണ് അമ്മ വിളിച്ചു പറയുന്നത്.അവന് ഭ്രാന്താണ് എന്ന്. അങ്ങിനെ ഏതോ ഒരു ഭ്രാന്തനാൽ നിയന്ത്രിക്കപ്പെടുന്ന മലയാളിയുടെ സദാചാര ബോധത്തിലേക്ക് കുമ്പളങ്ങിയിലെ നിലാവ് പരന്നൊഴുകുന്നു. സ്വബോധത്തിന് പുറത്താണ് സദാചാരത്തിന്റെ വാർപ്പ് മാതൃക എന്ന് രേഖപ്പെടുത്തുന്നുണ്ട് ഈ സിനിമ. അതിലുപരി സദാചാരത്തിന്റെ അണുവിസ്ഫോടനത്തിന്റെ സാധ്യതകൾ മധ്യ/ഉപരിവർഗ്ഗ സമതലങ്ങളിൽ മാത്രമൊതുങ്ങുന്നില്ല എന്നുകൂടി കാഴ്ചക്കാരോട് പറയുന്നു.
സിനിമയിലെ ഓരോ അഭിനേതാക്കളും പ്രകടിപ്പിച്ച അഭിനയപാടവം അതിന്റെ തന്മയീഭാവത്തിൽ ഏറ്റവും വലിയ ഉന്നതിയിലെത്തിയിട്ടുണ്ട്. സജിയെ അനശ്വരനാക്കിയ സൗബിന്റെ അഭിനയത്തെ എടുത്തു പറയാതെ വയ്യ.അഭിനയത്തോടൊപ്പം ഓരോ ഫ്രെയിമിലും കാണിച്ച് കയ്യടക്കം മികച്ചതാണ്. സംഭാഷണത്തിന് അനുസരിച്ചുള്ള ദൃശ്യ രൂപീകരണവും മിതത്വമായ സംഭാഷണത്തിലൂടെ മനസ്സിലുള്ളത് മുഴുവൻ കാഴ്ചകളിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ നൂറ് ശതമാനവും വിജയിച്ചിട്ടുണ്ട്. പ്രകൃതിയെ ഒപ്പിയെടുക്കുമ്പോൾ എങ്ങനെയാണ് മനുഷ്യാവസ്ഥയെ ഒപ്പം ചേർത്ത് പിടിക്കേണ്ടത് എന്ന് ഓരോ രംഗവും കാണിച്ചുതരുന്നുണ്ട്. ദേശത്തിന്റെ കാഴ്ച ജീവിതത്തിന്റെ നിർവചനമായി മാറുന്നു.നിലാവൊഴുകുന്ന രാത്രിയിലേക്കുള്ള ക്യാമറയുടെ കണ്ണുകൾ ആ രംഗത്ത് പ്രത്യക്ഷപ്പെടുന്ന അഭിനേതാക്കളുടെ മനസ്സിനെ കാണിച്ചുതരുന്നു. ഇങ്ങനെ ഒരു ഇൻഡസ്ട്രി എന്ന നിലയിൽ മലയാള സിനിമയിലെ പല മുൻധാരണകളെയും പൊളിച്ചടക്കിയിട്ടുണ്ട് ഈ സിനിമ.
വൻ മൂലധനകേന്ദ്രീകൃതമായ ഒരു ഇൻഡസ്ട്രിക്ക് പുറത്തേക്ക് മലയാളസിനിമയുടെ പുതുഭാവുകത്വം നിർമ്മിച്ചെടുക്കാൻ കഴിയുമെന്ന് ‘കുമ്പളങ്ങി നൈറ്റ്സിലെ’ മുഴുവൻ പ്രവർത്തകരും രേഖപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar