വിജയത്തിന്റെ സുവര്‍ണ്ണ ലിപികള്‍

അമ്മാര്‍ കിഴുപറമ്പ്.
മലയാളത്തിലെയും ലോകത്തിലേയും പ്രമുഖ എഴുത്തുകാരുടെ രണ്ടായിരത്തോളം ഗ്രന്ഥങ്ങള്‍ മലയാളിക്ക് സമ്മാനിച്ച ലിപിയുടെയും അതിന്റെ സാരഥി എം വി അക്ബറിന്റെയും പ്രസാധന രംഗത്തെ അനുഭവം വലിയൊരു ജീവിതാനുഭവകഥക്ക് മാത്രമുണ്ട്.തന്റെ ഇരുപത്തിനാലാമത്തെ വയസ്സില്‍ കോഴിക്കോട്ടെ ബുക്ക് ഷോപ്പുകളില്‍ നിന്നും പുസ്തകം ശേഖരിച്ച് തലച്ചുമടായി ആവശ്യക്കാരനു മുന്നിലെത്തിച്ചാണ് അക്ബറിന്റെ ജീവിതം ആരംഭിക്കുന്നത്.സര്‍ക്കാര്‍ സ്വകാര്യ ഒഫീസുകളിലും വീടുകളിലും ആളുകള്‍ കൂടിച്ചേരുന്നിടത്തുമെല്ലാം പുസ്തകങ്ങളുമായിനടന്നു ചെന്ന് അക്ഷരങ്ങളെ സ്‌നേഹിച്ച ,അക്ഷരങ്ങളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിച്ച് അക്ബറിന്റെ ജീവിതം വളരെപ്പെട്ടെന്നാണ് പ്രസാധന മേഖലയിലേക്ക് വഴിമാറിയത്. വായനക്കാരെത്തേടി സഞ്ചരിക്കുമ്പോള്‍ ലഭിച്ച ഏറ്റവും വലിയ അനുഭവം എന്തെന്ന് ചോദിച്ചാല്‍ അക്ബര്‍ ഇങ്ങനെ ഉത്തരം പറയും. ഓരോ വായനക്കാരന്റെയും അഭിരുചി അടുത്തറിയാന്‍ ഈ യാത്ര ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്. അമ്പതോ നൂറോ പുസ്തകമാണ് ബാഗില്‍ കൊള്ളുക.അതില്‍ എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന പുസ്തകം ഉള്‍പ്പെടുത്താന്‍ കഴിയില്ല.അതിനാല്‍ തന്നെ പുസ്തകങ്ങളുടെ സെലക്ഷന്‍ ഏറെ പ്രധാനമാണ്. അന്ന് ലഭിച്ച അനുഭവമാണ് ഇന്നും പുസ്തകങ്ങള്‍ അച്ചടിക്കാന്‍ തിരഞ്ഞെടുക്കുമ്പോള്‍ പുലര്‍ത്തുന്നത്. വായനക്കാരടെ ആവശ്യങ്ങള്‍ കണ്‍റിഞ്ഞ് പുസ്തകമിറക്കുമ്പോള്‍ പെട്ടെന്ന് വിറ്റഴിക്കാന്‍ കഴിയുമെന്നും എഴുത്തുകാരും പ്രസാധകരും ചേര്‍ന്ന് അത്തരം രചനകള്‍ ഉണ്ടാക്കുക എന്നതാണ് വായന പ്രോത്സാഹിപ്പിക്കാന്‍ ഉള്ള വഴിയെന്നും അക്ബര്‍ പറഞ്ഞു. പണ്ട്കാലത്ത് തകഴിയും വൈക്കവും ഉറൂബും എസ്.കെയും എല്ലാം ഇത്തരം ഒരു ബന്ധം പ്രസാധകരുമായി ഉണ്ടാക്കിയിരുന്നെന്നും ആ കാലഘട്ടത്തില്‍ സൂപ്പര്‍ ഹിറ്റുകളായ രചനകള്‍ ഇക്കാരണത്താള്‍ തന്നെ പിറവികൊണ്ടിരുന്നെന്നും അക്ബര്‍ പറഞ്ഞു.വായനാ ലോകത്തിന്റെ മനസ്സറിഞ്ഞുകൊണ്ട് രൂപപ്പെടുന്ന ഗ്രന്ഥങ്ങള്‍ കാലാതിവര്‍ത്തിയായി ജീവിക്കുമെന്നും നിരവധി എഴുത്തുകാരേയും അവരുടെ പുസ്തകങ്ങളേയും ഉദാഹരിച്ച് അക്ബര്‍ വിശദീകരിച്ചു.
പുസ്തകങ്ങളുമായുള്ള സഞ്ചാരത്തില്‍ പലപ്പോഴും ചെന്നെത്താറുള്ളത് കോളേജുകളിലും ഹൈസ്‌ക്കൂളുകളിലുമൊക്കെയാണ്. അന്ന് ഡിഗ്രിക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് പല പ്രമുഖ എഴുത്തുകാരുടേയും പുസ്തകങ്ങളില്‍ നിന്നുള്ള കഥകള്‍ പഠിക്കാനുണ്ടാവും. പല കഥകളും പല പുസ്തകത്തിലുമായതിനാല്‍ കുട്ടികള്‍ ഈ പുസ്തകങ്ങള്‍ എല്ലാം വാങ്ങണം. ഈ ദുരിതത്തിന് അറുതി വരുത്തുന്നതെങ്ങെിനെ എന്ന ചിന്തയില്‍ നിന്നാണ് പതിനഞ്ച് കഥകള്‍ സമാഹരിച്ച് ഒറ്റ പുസ്തകമാക്കാനുള്ള പദ്ധതി ഉരുത്തിരിഞ്ഞത്. എഴുത്തുകാരെ കണ്ട് അനുവാദം വാങ്ങി അക്ബര്‍ തന്നെ എഡിറ്ററായി പതിനഞ്ച് കഥകള്‍ എന്ന പുസ്തകം പിറന്നു.വിദ്യാര്‍ത്ഥികള്‍ക്ക് ഇതൊരു വലിയ ആശ്വാസമായിരുന്നു. പിന്നീട് ഇതേ രീതിയില്‍ പത്ത് കഥകളും സമാഹരിച്ച് പുറത്തിറക്കിയ അക്ബര്‍ പതിയെ പ്രസാധനാലയം എന്ന ചിന്തയിലേക്ക് നടന്നടുത്തു. അന്നത്തെ കോഴിക്കട്ടെ എഴുത്തുകാരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതിനാല്‍ ആഗ്രഹം അവരോട് പറഞ്ഞു. ഡോ.എം എം ബഷീറും എം ടി യും ചേര്‍ന്ന് പ്രസാധനാലയം ആരംഭിക്കാന്‍ അക്കാലത്ത് പദ്ധതിയിട്ടിരുന്നു.അതിന്നു വേണ്ടി അവര്‍ കണ്ടുവെച്ച പേരാണ് ലിപി എന്നത്. ഇരുവരും ആ പേര് സ്‌നേഹത്തോടെ അക്ബറിനു സമ്മാനിച്ചു.മാത്രമല്ല എം ടി അദ്ദേഹത്തിന്റെ സുകൃതവും,ഡോ.എം എം ബഷീര്‍ വിവര്‍ത്തനം ചെയ്ത ജിബ്രാന്റെ പ്രതിഷേധിക്കുന്ന ആത്മാവും,എം എന്‍ കാരശ്ശോരി മുല്ലാ നാസറുദ്ദീന്റെ പൊടിക്കൈകളും ടി.പി രാജീവന്റെ രാഷ്ട്ര തന്ത്രവും,ഡോ.എം എം ജി എസ് നാരായണന്‍ അദ്ദേഹത്തിന്റെ പുസ്തകവും നല്‍കി. ഈ അഞ്ച് ഗ്രന്ഥങ്ങളുമായാണ് ലിപി മലയാളിയുടെ വായനാലോകത്തേക്ക് കാലെടുത്തു വെച്ചത്.പ്രധാനമന്ത്രിയുടെ (പി,എം,ആര്‍,വൈ)സ്വയം തൊഴില്‍ പദ്ധതിയുടെ ലോണെടുത്താണ് അഞ്ച് പുസ്തകങ്ങള്‍ അച്ചടിച്ചത്. ഇന്ന് സ്വന്തമായി അച്ചടി ശാലയടക്കം സ്ഥാപിച്ച് മുന്നിട്ടു നില്‍ക്കുന്നലിപിക്ക് പിറകിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ആവേശവും ആനന്ദും നല്‍കുന്ന വലിയൊരു ചരിത്രമുണ്ട്. ആ ജീവിതാനുഭവങ്ങളുടെ വെളിച്ചമാണ് ഇന്നും ആ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്.
പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ അക്ബര്‍ കാണിക്കുന്ന സ്‌നേഹം ചെറുതല്ല. വലിയ പ്രസാധകര്‍ പ്രമുഖര്‍ക്ക് മാത്രം അവസരം നല്‍കി മാറിനിന്നപ്പോള്‍ പ്രസാധന മേഖലയുടെ പടിക്കുപുറത്തു നിര്‍ത്തപ്പെട്ട് എഴുത്തുകാര്‍ക്ക് നിരവധി അവസരങ്ങള്‍ അക്ബര്‍ നല്‍കി. അങ്ങിനെ വളര്‍ന്നു വന്ന നിരവധി പേരില്‍ നിന്നും കനപ്പെട്ട ഗ്രന്ഥങ്ങള്‍ മലയാള സാഹിത്യത്തിനു ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. ലോകത്തിലെ മൂന്നാമത്ത വലിയ പുസ്തകമേളയായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ലിപി പങ്കെടുക്കുന്നുണ്ട്. 2018 ല്‍ അമ്പത്തഞ്ചോളം പുതിയ പുസ്തകങ്ങള്‍ ലിപി മാത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ മറ്റൊരു പ്രസാധകനും നേടാന്‍ കഴിയാത്ത ഈ അംഗീകാരം ലിപിക്ക് ലഭിച്ചത് അച്ചടിയിലും മറ്റും ലിപി പുലര്‍ത്തുന്ന വൈവിധ്യം കാരണമാണ.

ഷാര്‍ജ ഷൈഖിനെക്കുറിച്ച് ലിപി പുറത്തിറക്കിയ മലയാളം ഇംഗ്ലീഷ് പുസ്തകം വലിയ ശ്രദ്ധ നേടിയിരുന്നു. ഷാര്‍ജ ഭരണാധികാരി ഡോ.സുല്‍ത്താന്‍ കാസിമി തന്നെ നേരിട്ടെത്തി പുസ്തകം പ്രകാശിപ്പിച്ചു എന്നത് മലയാളത്തിനും ലിപിക്കും ലഭിച്ച വലിയ അനുഗ്രഹമായിരുന്നു. പുസ്തക പ്രകാശനം വലിയ രീതിയില്‍ നടത്തുക എന്നത് ലിപിയുടെ മറ്റൊരു സവിശേഷതയാണ്. എഴുത്തുകാരനേയും അദ്ദേഹത്തിന്റെ സൃഷ്ടിയേയും പൊതു സഹൂഹത്തിനു മുന്നില്‍ പരിചയപ്പെടുത്തുക എന്നതാണ് ഈ പ്രകാശന ചടങ്ങുകൊണ്ട് ലക്ഷ്യമിടുന്നത്. പുസ്തകങ്ങള്‍ വായനക്കാരന്റെ മുന്നില്‍ വേഗത്തില്‍ എത്തണമെങ്കില്‍ അവയുടെ പ്രമോഷന്‍ വര്‍ക്ക് കാര്യക്ഷമമായി നടക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രസാധകനാണ് ലിപി അക്ബര്‍.
മലയാളിക്ക് മുന്നില്‍ പ്രസാധന രംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടു വന്നു അക്ബര്‍. തിരക്കഥകള്‍ പുസ്തക രൂപത്തില്‍ അച്ചടിക്കാന്‍ തുടക്കമിട്ടതും സിനിമാ പാട്ടെഴുത്തുകാരുടെ സമ്പൂര്‍ണ്ണ കൃതികള്‍ പുറത്തിറക്കിയതും ലിപിയാണ്.ഏറ്റവും കൂടുതല്‍ സിനിമാ പ്രവര്‍ത്തകരുടെ ജീവ ചരിത്ര ഗ്രന്ഥങ്ങളും ലിപി പുറത്തിറക്കിയിട്ടുണ്ട്. പുസ്തകത്തിന്റെ നിര്‍മ്മിതിയുടെ മികവിന് 2011 കോട്ടയത്തു വെച്ച് മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി പുരസ്‌കാരം,2005 ല്‍ ബാലാമമി അമ്മ പുരസ്‌ക്കാരം.അല വീഡിയോ ഫിലിം അവാര്‍ഡ്. ദര്‍ശന ഇന്റര്‍ നാഷ്മല്‍ അവാര്‍ഡ്, എന്നിവയടക്കം നിരവധി അംഗീകാരങ്ങള്‍ ലിപിക്ക് ലഭിച്ചിട്ടുണ്ട്.മലബാറിലെ പ്രസാധനാലയത്തിനുള്ള പ്രഥമ ഐ.എസ്.ഒ 9001 2015 അംഗീകാരം ലിപിയെത്തേടിയെത്തിയ സന്തോഷത്തിലാണ് ഇപ്പോള്‍.
സ്വന്തം പരിശ്രമത്തിലൂടെ ലിപി എന്ന സ്ഥാപനം പടുത്തുയര്‍ത്തിയ അക്ബര്‍ കോഴിക്കോട്ടെ സാമൂഹ്യ സാംസ്‌ക്കാരിക കലാ രംഗത്ത് സജീവ സാന്നിദ്ധ്യമാണ്. നിരവധി സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടുന്ന അക്ബര്‍ എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും വലിയ പ്രചോദനവും പ്രോത്സാഹനവുമാണ് നല്‍കാറുള്ളത്.ചങ്ങാതിമരാണ് അക്ബറിന്റെ മുതല്‍ക്കൂട്ട്. സൗഹൃദത്തില്‍ വലിപ്പ ചെറുപ്പങ്ങള്‍ക്ക് സ്ഥാനമില്ല. പാടിയും പറഞ്ഞും പകുത്ത് നല്‍കിയും ചങ്ങാത്ത സദസ്സുകളില്‍ ആവേശമാകുന്ന അക്ബറിന്റെ കഥകളില്‍ കണ്ണീരിന്റെ ഉപ്പും കിനാവിന്റെ പതിനാലാം രാവുമുണ്ട്.
വിജയത്തിന്റെ സുവര്‍ണ്ണ ലിപികള്‍ കൊണ്ട് ജീവിതം അടയാളപ്പെടുത്തിയ കോഴിക്കോടിന്റെ നന്മയാണ് ലിപിയുടെ വിജയകഥയുടെ പിമ്പലം.അക്ഷരങ്ങള്‍ കൊണ്ട് അതിരുകള്‍ ഭേദിച്ചു മുന്നേറുന്ന ലിപിയില്‍ നിന്ന് മലയാളത്തിനു ഇനിയും പുസ്തകങ്ങള്‍ ലഭിക്കാനുണ്ട്. പ്രസാധന മേഖലയുടെ കോഴിക്കോടന്‍ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ അടയാളപ്പെടുത്തിയ ജീവിതത്തിന്ന് കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ.

0 Comments