ഇന്ത്യ,ലോഹ്യയെ തിരിച്ചറിയുമ്പോള്‍

: ഇ.കെ.ദിനേശന്‍ :
ഇന്ത്യയിലെ അസമത്വങ്ങളുടെ പ്രധാന കാരണം ജാതിയായിരുന്നു. ജാതിയെ കുറിച്ചുള്ള ലോഹ്യയുടെ നിരീക്ഷണമാണ് ഇന്ന് ഇന്ത്യയെ ലോഹ്യയിലേക്ക് നോക്കാന്‍ കാരണമാക്കിയത്…………………………………………….
മാര്‍ച്ച് 23 ഡോ:ലോഹ്യയുടെ 109മത് ജന്മദിനമാണ്. ഓരോ വര്‍ഷം കഴിയുന്തോറും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ലോഹ്യയുടെ പ്രസക്തി കൂടി വരികയാണ്.അത് ആരുടെയെങ്കിലും ഇടപെടലിന്റെ ഭാഗമായല്ല ഉണ്ടാവുന്നത്.മറിച്ച് ഇന്ത്യയിലെ സവിശേഷമായ രാഷ്ട്രീയ,സാമൂഹ്യ സാഹചര്യത്തില്‍ ഉരുത്തിരിഞ്ഞു വരുന്നതാണ്. അത് കേവലം ജനാധിപത്യത്തിനകത്തെ രാഷ്ട്രീയ ശാക്തീകരണത്തിന്റെയോ,അധികാര രാഷ്ട്രീയത്തിന്റെയോ ഭാഗമല്ല. മറിച്ച് ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന വിവിധ സാമൂഹികവും രാഷ്ട്രീയവുമായ പ്രതിസന്ധികള്‍ക്കുള്ള പരിഹാരമായി എത്തിച്ചേര്‍ന്നതാണ്.
സ്വതന്ത്ര്യ ഇന്ത്യയുടെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ നിരന്തരം പാര്‍ശ്വവല്‍ക്കരണത്തിനും തിരസ്‌ക്കരണത്തിനും വിധേയമായത് ചില പ്രത്യേക വിഭാഗങ്ങള്‍ ആണെന്ന് കാണാം. അതിന് കാരണമായത് സമ്പത്തും ജാതിയുമാണ്. ഈ രണ്ട് കാരണങ്ങളെ ഇന്ത്യന്‍ സാഹചര്യത്തില്‍ ആഴത്തില്‍ പഠിച്ച മഹാപ്രതിഭയായിരുന്നു ഡോ:ലോഹ്യ. എന്നാല്‍ അത് തിരിച്ചറിയാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. അതേ ഇന്ത്യ ഇന്ന് ലോഹ്യയെ ഗൗരവത്തോടെ പഠിക്കുകയാണ്.
ഡോ:ലോഹ്യയുടെ വളരെ ലളിതമായ ഒരു നിരീക്ഷണം ഉണ്ട്.ഒരു സമൂഹത്തിന്റെ മൊത്തം വളര്‍ച്ച അതിലെ മുഴുവന്‍ അംഗങ്ങളുടേയും പങ്കാളിത്തമുറപ്പാക്കിക്കൊണ്ടുള്ള വികസന സങ്കല്പം സ്വീകരിച്ചാലേ സാധ്യമാകൂവെന്നതാണത്. ഇവിടെ പങ്കാളിത്തം എന്നത് അധികാര വികേന്ദ്രീകരണത്തിന്റെ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അധികാരത്തിന്റെ കേന്ദ്രീകണം അസമത്വങ്ങള്‍ വളര്‍ത്തിക്കൊണ്ട് അടിസ്ഥാന വര്‍ഗ്ഗത്തെ അടിച്ചമര്‍ത്തിയതിന്റെ ദുരന്തങ്ങള്‍ ഇന്ന് നാം അനുഭവിക്കുന്നുണ്ട്. ഇത് ഇന്ത്യക്ക് ഉള്ളില്‍ മാത്രം സംഭവിക്കുന്നതല്ലെന്നും ലോകത്തിന്റെ മുന്നേറ്റം തന്നെ അസമത്വങ്ങളിലൂടെയാണെന്നും ലോഹ്യ വ്യക്തമാക്കിയിട്ടുണ്ട്. അവിടെയാണ് വര്‍ഗ്ഗരാഷ്ട്രീയത്തോടുള്ള ലോഹ്യയുടെ വിയോജിപ്പുകള്‍ ആരംഭിക്കുന്നത്.
യുറോപ്യന്‍ നാഗരിക സംസ്‌കൃതി വെള്ളക്കാരന്റെ അധികാരത്തെ അരക്കിട്ട് ഉറപ്പിച്ചിട്ടുണ്ട്. അത്തരം അധിനിവേശത്തിന്റെ രാഷ്ട്രിയത്തെ ലോഹ്യ സാമ്രാജ്യത്തിന്റെ കടന്നേറ്റമായി തന്നെ കാണുന്നു. അവര്‍ സൃഷ്ടിച്ച കോളനി രാഷ്ട്രങ്ങളില്‍ ഇന്നും അസമത്വം നിലനില്‍ക്കുകയാണ്. അവരുടെ അധിനിവേശാനന്തര ദേശങ്ങളില്‍ ദാരിദ്രം പടര്‍ന്നു പന്തലിച്ചു.
ഇന്ത്യയിലെ അസമത്വങ്ങളുടെ പ്രധാന കാരണം ജാതിയായിരുന്നു. ജാതിയെ കുറിച്ചുള്ള ലോഹ്യയുടെ നിരീക്ഷണമാണ് ഇന്ന് ഇന്ത്യയെ ലോഹ്യയിലേക്ക് നോക്കാന്‍ കാരണമാക്കിയത്. അവസാന കാലത്ത് ഡോ:ബി.ആര്‍.അംബേദ്ക്കറുമായുള്ള സംവാദങ്ങളിലൂടെ ജാതിയെ കുറിച്ചും അതിന്റെ രാഷ്ട്രീയത്തെ കുറിച്ചും ലോഹ്യ പുതിയ അറിവുകള്‍ നല്‍ക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജാതി ചലനം നഷ്ടമായ വര്‍ഗ്ഗമാണ് എന്ന നിരീക്ഷണമാണ്. അതിന് ലോഹ്യ നല്‍ക്കുന്ന വിശദീകരണം ശ്രദ്ധേയമാണ്.കര്‍ഷകര്‍, വ്യാവസായിക തൊഴിലാളികള്‍, ഭൂരഹിത തൊഴിലാളികള്‍,പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ വര്‍ഗ്ഗമാണ് ജാതി. സാമ്പത്തികമായ ഉയര്‍ച്ച നേടുമ്പോഴും അയിത്തജാതി സാമൂഹ്യമായ ബഹിഷ്‌ക്കരണം നേരിടുന്നത് ജാതി രാഷ്ട്രീയത്തിന്റെ പ്രത്യേകതയാണ്.മനുഷ്യന്റെ സാമൂഹ്യാവസ്ഥയെ ജാതി എങ്ങനെയൊക്കെ നിര്‍ണ്ണയിക്കുന്നുണ്ട് എന്ന് സ്വാതന്ത്ര്യാനന്തര ഇന്ത്യ തന്നെ നമുക്ക് മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്. ജാതി തണുത്തുറഞ്ഞ്,ഒഴുക്ക് നിലച്ചുപോയ ഒരു അവസ്ഥയാണ് എന്ന ലോഹ്യയുടെ കാഴ്ചപ്പാടിലേക്കാണ് ഇത്തരം വസ്തുകള്‍ നമ്മളെ എത്തിക്കുന്നത്.എന്നിട്ടും എന്ത് കൊണ്ട് ലോഹ്യന്‍ നിരീക്ഷണങ്ങള്‍ക്ക് പ്രായോഗീക രാഷ്ട്രീയത്തില്‍ വേണ്ടത്ര ഇടം കിട്ടിയില്ല എന്ന ചോദ്യം പ്രസക്തമാണ്.
ഡോ: ലോഹ്യ, ഗാന്ധിയന്‍ ദര്‍ശനങ്ങളെ അതേപടി അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. പലതിലും തന്റെതായ കാഴ്ചപ്പാട് വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ പല നിലപാടിലും വിയോജിച്ചു.അങ്ങനെയാണ് തന്റെതായ വിപ്ലവ ദര്‍ശനങ്ങള്‍ ലോഹ്യ ഇന്ത്യക്ക് സമര്‍പ്പിച്ചത്.സപ്ത വിപ്ലവങ്ങള്‍ എന്ന് അറിയപ്പെടുന്ന ആ ഏഴ് ചിന്തകളും ഇന്ത്യന്‍ വര്‍ത്തമാന രാഷ്ട്രീയത്തിന്റെ ചാലക ശക്തിയായി തീര്‍ന്നിരിക്കുകയാണ്. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഒട്ടനവധി പ്രശ്‌നങ്ങള്‍ ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
ഒന്ന് :സാമ്പത്തിക സമത്വത്തിനു വേണ്ടിയും ഉല്‍പാദനശക്തികളുടെ സ്വകാര്യവല്‍ക്കരണത്തിന് എതിരെയും.
രണ്ട്: സാമ്രാജ്യത്വത്തിനെതിരെയും സ്വാതന്ത്ര്യത്തിനും ലാകസമാധാനത്തിനും വേണ്ടിയും.
മൂന്ന്: ജാതി വ്യവസ്ഥക്കെതിരെയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് മുന്‍ഗണനാപരമായ അവസരത്തിനു വേണ്ടിയും.
നാല്: സ്ത്രീപുരുഷ സമത്വനു വേണ്ടി.
അഞ്ച് :തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിനും സാമ്പത്തികവും മാനസികവുമായ അസമത്വത്തിനുമെതിരെ .
ആറ് :ജനാധിപത്യത്തിനു വേണ്ടിയും സ്വകാര്യത സംരക്ഷികുന്നതിനു വേണ്ടിയും.
ഏഴ്: ആയുധങ്ങള്‍ക്കും യുദ്ധത്തിനും എതിരെയും സിവില്‍ നിയമലംഘനത്തിനു വേണ്ടിയും.
ഇതില്‍ ഓരോന്നും ഇന്ത്യന്‍ സാഹചര്യത്തിലും ലോക സാഹചര്യത്തിലും വര്‍ത്തമാനകാലത്തോട് സംവദിക്കുന്നുണ്ട്. അത് തന്നെയാണ് ലോഹ്യന്‍ ദര്‍ശനങ്ങളുടെ പ്രസക്തിയും.
0 Comments