ലോക കേരള സഭയും ആഗോളനിക്ഷേപ സംഗമവും പ്രവാസി സമൂഹത്തിന് നല്‍കുന്നതെന്ത്.

………………. മഹമൂദ് മാട്ടൂല്‍ ……………..
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമാപിച്ച ലോക കേരള സഭയും ആഗോള നിക്ഷേപ സംഗമവും മുന്‍നിര്‍ത്തി ഒരു വിശകലനം.


കേരളത്തിന്റെ സാമൂഹ്യ,രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ നിര്‍ണായക സ്ഥാനമാണ് പ്രവാസി മലയാളികള്‍ക്ക് ഉള്ളത്.വിദേശ രാജ്യങ്ങളില്‍ ഗള്‍ഫ് നാടുകളടക്കം മുപ്പതു ലക്ഷം മലയാളികള്‍ ജീവിക്കുന്നു എന്നാണ് അനൗദ്യോഗിക കണക്ക്. തൊഴിലും ബിസിനസ് സംരംഭങ്ങളിലും ഏര്‍പ്പെട്ടിട്ടുള്ള ഇവരില്‍ ഭൂരിപക്ഷം പേരും വ്യക്തമായ രാഷ്ട്രീയ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഉള്ളവരാണ്. എന്നാല്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന കേരളത്തിലെ രാഷ്ട്രീയ നേതാക്കളടക്കം സന്ദര്‍ശകരെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ആദരിക്കാനും ആതിഥ്യമരുളാനുമുള്ള ഉയര്‍ന്ന സാംസ്‌കാരിക ബോധം പ്രവാസി മലയാളികളുടെ പ്രത്യേകതയാണ്. സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഉപരി നാടിന്റെ പൊതു താല്‍പര്യമാണ് അവരുടെ മുഖമുദ്ര .പ്രവാസികളുടെ അധ്വാനത്തിന്റെ ഫലം കേരളത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്കും വികസനത്തിനുമായി വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ നമുക്കായിട്ടില്ല. ആസൂത്രിത വികസന കാഴ്ചപ്പാടിന്റെ അഭാവത്തില്‍ പ്രവാസികളില്‍ നിന്നുള്ള വരുമാനം അവരുടെയും നാടിന്റെയും സുരക്ഷിത ഭാവിക്കായി വിനിയോഗിക്കാനും വേണ്ടത്ര കഴിഞ്ഞിട്ടില്ല. പ്രവാസികളുടെ കാര്യത്തില്‍ കഴിഞ്ഞ അര നൂറ്റാണ്ടു കാലമായി സര്‍ക്കാര്‍ വേദികളില്‍ സ്ഥിരമായി കേള്‍ക്കുന്ന ഒരു സ്ഥിരം പല്ലവിയാണിത്.
എന്നാല്‍ അന്നന്നത്തെ നിലയവിദ്യാന്മാരുടെ നാഗസ്വര കച്ചേരിയില്‍ നിന്ന് വിഭിന്നമായി എന്ത് നടപടിയാണ് ഈ ലോക കേരള സഭ മുന്നോട്ട് വെച്ചതെന്ന് വെറുതെ ചോദിക്കുന്നതില്‍ കാര്യമില്ല. അംഗുലീ പരിമിതമായ ചില ഉന്നതമാര്‍ക്ക് ഹിതമായും അവിഹിതമായും ചിലത് ചെയ്തു കൊടുക്കും എന്നതില്‍ കവിഞ്ഞു സാധാരണക്കാര്‍ക്ക് എന്താണ് സര്‍ക്കാരിനു ചെയ്തു കൊടുക്കാന്‍ സാധിക്കുക .
പ്രവാസി മലയാളികള്‍ അയച്ചുനല്‍കുന്ന പണത്തിന്റെ സിംഹഭാഗവും ഉല്‍പാദനക്ഷമമോ, സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതോ ആയ മേഖലകളിലല്ല വിന്യസിക്കപ്പെടുന്നത് എന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചുകൂട എന്നതാണ് മറ്റൊരു സ്ഥിരം പല്ലവി. അത് കൊണ്ട് തന്നെ മണലാരണ്യത്തില്‍ അധ്യാനിച്ചു ഉണ്ടാക്കുന്ന പണം എങ്ങിനെ ചിലവഴിക്കാന്‍ എന്നതിനെക്കുറിച്ച് കുറിച്ച് പഠിക്കാന്‍ ആദ്യമായി ഗള്‍ഫില്‍ എത്തിയ സി എച്ച് മുഹമ്മദ് കോയ, ബേബി ജോണ്‍ എന്നീ മന്ത്രിമാരില്‍ നിന്ന് തുടങ്ങി ഇന്നും തുടരുന്ന മന്ത്രിമാരുടെ കേരള വികസനത്തിന് വേണ്ടിയുള്ള തീര്‍ത്ഥ്യയാത്രക്ക് പകരം ഒരു ലോക നിയമ സഭ എന്ന് പേരിട്ട് വിളിക്കുന്ന ഒരു പരിപാടി എന്നതില്‍ കവിഞ്ഞു എന്ത് പ്രത്യകതയാണിതിനുള്ളത്.?
പ്രവാസികള്‍ അയയ്ക്കുന്ന പണത്താല്‍ നിയന്ത്രിക്കപ്പെടുന്ന സമ്പദ്ഘടനയാണ് കേരളത്തിന്റേതെന്ന് നിസംശയം പറയാനാവും. കണക്കുകള്‍ കടം എടുത്താല്‍ 2017 ല്‍ 90,000 കോടി രൂപ പ്രവാസികളില്‍ നിന്നും കേരളത്തില്‍ എത്തിച്ചേര്‍ന്നതായി കണക്കാക്കുന്നു. അത് സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തിന്റെ 35 ശതമാനമാണ്. 2012 ലെ കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ സമ്പദ്ഘടനയിലേക്ക് ഏറ്റവുമധികം വരുമാനം നല്‍കുന്ന പ്രവാസി സമൂഹമാണ് കേരളത്തിന്റേത്. അക്കൊല്ലം 49,965 കോടി രൂപയായിരുന്നു രാജ്യത്തേക്ക് പ്രവാസി മലയാളികള്‍ അയച്ചത്. എന്നൊക്കെ കണക്കുകള്‍ നിരത്തിവെച്ചു എല്ലാ കൊല്ലവും അല്ലറ ചില്ലറ മാറ്റങ്ങളോടെ നമ്മുക്ക് പറയാം . ഇതു കൊല്ലങ്ങളായി നാം കേള്‍ക്കുന്നതാണ്.
എന്നാല്‍ തന്റെയും കുടുംബത്തിന്റെയും അന്നന്നത്തെ അപ്പത്തിനു വേണ്ടി കെട്ടിയോളുടെ കെട്ടുതാലിവരെ പണയംവച്ചു വഴിമുട്ടിനില്‍ക്കുന്ന ഭൂരിപക്ഷത്തിനും മിച്ചം വെക്കാന്‍ അവിടെ പണം എന്ന് ആരുംതന്നെ ചോദിക്കാറില്ല . കേരള ബാങ്കായി രൂപപ്പെട്ട കേരളത്തിലെ സഹകരണ ബാങ്കുകളില്‍ വീടും പറമ്പും കേട്ട് താലിയും പണയം വെച്ച് നട്ടം തിരിയുന്നതില്‍ എണ്‍പത്തിഅഞ്ചു ശതമാനവും പ്രവാസികളും അവരുടെ കുടുംബാഗങ്ങളുമാണ്.
അത് കൊണ്ട് തന്നെ കേരളത്തില്‍ നിക്ഷേപം നടത്തുമെന്ന പേരില്‍ സ്വന്തം പ്രൊജക്റ്റ്കള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ എത്തുന്ന കുറെ വ്യവസായികളും , ഇതൊന്നുമില്ലെങ്കില്‍ മന്ത്രിമാരുടെ കൂടെ ഒരു സെല്‍ഫിയെന്ന മിനിമം പരിപാടിയുമായി എത്തുന്ന ചില രാഷ്ട്രീയ കക്ഷി പ്രതിനിധികളും വിളിച്ചു വരുത്തി സര്‍ക്കാര്‍ നല്‍കുന്ന ഒരു മാമാങ്കം മാത്രമാണ് ഈ പരിപാടിയെന്ന് സാധാരണക്കാരായ പ്രവാസികള്‍ ഉറച്ചു വിശ്വസിക്കുന്നു . അല്ലാതെ സാധാരണക്കാര്‍ക്കു വേണ്ടിയുള്ള എന്ത് പരിപാടിയാണ് നമ്മുടെ ഇതുവരെ ഭരിച്ച സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. ? പല പ്രവാസി സംഘടനകളും നടത്തുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ മാത്രമാണ് സാധാരണക്കാരുടെ ഏക ആശ്രയം .
പ്രവാസികളുടെ പേരിലുള്ള മേളകള്‍ കൊല്ലങ്ങളായി തുടരുകയാണ് . നടത്തിപ്പുകാരും പേരും മാറുമെന്നു മാത്രം . സ്വന്തം പ്രൊജക്റ്റ് മാര്‍ക്കറ്റ് ചെയ്യാന്‍ എത്തിയ ഒരു പ്രവാസി വ്യാവസായിയെ മുഖ്യമന്ത്രി നിയന്ത്രിക്കുന്നത്തിനും വേദി സാക്ഷിയായി. ഖജനാവിലെ ഒരു ചില്ലികാശു ചിലവഴിക്കാതെ വിമാനത്തില്‍ വിലയേറിയ സമയം ചിലവഴിച്ചു എത്തിയ തനിക്കു എന്ത് പറയണം എങ്ങനെ പറയണമെന്ന സ്വത്ന്ത്യപോലും ഇല്ലാത്ത ബ്രാണ്ടിഗ് ചടങ്ങുകള്‍ എന്ന ഹോളിവുഡ് സംവിധായകനും പ്രവാസി വ്യവസയായിയുമായ സോഹന്‍ റോയിയുടെ രോദനം നാം കേട്ടു. ഇത്തരം എല്ലാ സദസ്സിലും സാധാരണയായി കാണുന്ന ഒരു വലിയ കാര്യം സോഹന്‍ റോയി തുറന്നു പറഞ്ഞു എന്നതും ഇക്കൊല്ലത്തെ സഭയുടെ ഒരു പ്രത്യേകതയാണ്. മാത്രമല്ല രണ്ടാം ലോക കേരള സഭ ആറു പ്രമേയങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്രെ.
ഇതില്‍ ,സുസ്ഥിര വികസനത്തിന് അന്താരാഷ്ട്ര കുടിയേറ്റ നയരേഖയില്‍ പ്രവാസികളും പ്രവാസവും ആതിഥേയ രാജ്യത്തിന്റെയും മാത്രരാജ്യത്തിന്റെയും വികസനത്തില്‍ നിര്‍ണായക ചാലക ശക്തിയാണെന്ന വസ്തുത വിശദമാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഇമിഗ്രേഷന്‍ ബില്‍ 2019(കരട്) കൂടുതല്‍ ജനകീയ ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നു. കേരള പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാകുക എന്ന പ്രമേയത്തില്‍ നാടിന്റെ സുസ്ഥിര അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പാക്കുന്ന റീ ബില്‍ഡ്കേരളയില്‍ പ്രവാസികള്‍ക്ക് വഹിക്കാവുന്ന പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നു.
സാംസ്‌കാരിക അടിത്തറ വിപുലപ്പെടുത്തി പ്രവാസി ലോകത്തെ കേരളസമൂഹത്തില്‍ ആഴത്തിലുള്ള ഉള്‍ചേര്‍ക്കുക എന്ന പ്രമേയത്തില്‍ സ്നേഹ സഹോദര്യങ്ങളില്‍ അധിഷ്ഠിതമായതും വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ നമ്മുടെ സംസ്‌കാരം വരും തലമുറയിലടക്കം ഊട്ടിയുറപ്പിക്കാന്‍ ഉതകുന്ന ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു.
സമഗ്ര പുനരധിവാസ – പുനസംയോജന നയം നടപ്പില്‍ വരുത്തണമെന്ന് നിര്‍ദ്ദേശിക്കുന്നു. പ്രവാസി പുനരധിവാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സജീവമായി ഇടപെടലുകള്‍ നടത്തണമെന്നും ഇതിനായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ആഭ്യന്തര പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ടപെടണമെന്നാവശ്യപ്പെടുന്നതാണ് മറ്റൊരു പ്രമേയം. ഇത്തരം ഒരു പ്രമേയം പാസാക്കാന്‍ മാത്രം ഒരു സഭ വേണോ ?
മുമ്പൊരു മുഖ്യന്‍ മലയാളികള്‍ക്കായി അടുത്ത തിരുവോണത്തിന് ഒരു കേരള എയര്‍ലൈന്‍സ് പ്രഖ്യാപിച്ചതാണ് . ഓണം എല്ലാ കൊല്ലവും ഉണ്ടെന്നു അദ്ദേഹത്തിന്നു ആശ്വസിക്കാം എന്നാല്‍ അന്ന് തന്നെ അദ്ദേഹത്തോട് ഗള്‍ഫിലെ വിമാനത്താവളത്തില്‍ നിന്നും കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് ബസ്സ് സര്‍വീസുകള്‍ ഏര്‍പ്പെടുന്ന കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്ന്മാത്രമല്ല കഴിഞ്ഞ പത്തു കൊല്ലമായി കേരളത്തിലെ എല്ലാ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയിട്ടും ഒരു മറുപടി പോലും ലഭിച്ചിട്ടില്ല. ഇതു നടപ്പിലാക്കുകയാന്നെങ്കില്‍ ആയിരക്കണക്കിനു സാധാരണക്കാരില്‍ ഓരോ യാത്രക്കാരനും ഒരു യാത്രയില്‍ ശരാശരി 2000 മുതല്‍ 5000 വരെ മിച്ചമുണ്ടാക്കാന്‍ സാധിക്കും . പക്ഷെ ഗള്‍ഫ് കാരനല്ലേ കുറച്ചു ചിലവഴിച്ചാല്‍ എന്താണ് ചേതം എന്ന ഒരു നയമാണ് അധികൃതര്‍ ഇന്നും തുടരുന്നത്. ഈ നിലപാട് മാറ്റണം.
നാടിലെത്താന്‍ മോഹിക്കുന്ന , ഗള്‍ഫിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടി കേരളത്തിലെ പി എസ് പരീക്ഷയില്‍ പങ്കെടുക്കുവാന്‍വേണ്ടി ഗള്‍ഫില്‍ പരീക്ഷ സെന്റര് അനുവദിക്കുകഎന്നത് സാധാരണക്കാരുടെ മറ്റൊരു ആവശ്യമാണ്.
ഇതൊക്കെ കേരള മുഖ്യമന്ത്രിയും ഭരിക്കുന്ന പാര്‍ട്ടികളും മനസ്സുവെച്ചാല്‍ നാളെത്തന്നെ അനുവദിക്കുന്ന കാര്യങ്ങളാണ്. മൂന്നാം ലോക സഭ ചേരുന്നതിനു മുമ്പ് ഇതിനൊരു പരിഹാരം കാണണമെന്ന് സാധാരണക്കാരായ പ്രവാസി മലയാളികള്‍ ആഗ്രഹിക്കുന്നു ; പ്രതീക്ഷിക്കുന്നു.
നിക്ഷേപിക്കാന്‍ കാശില്ലാത്തവനു അല്പം ആശ്വാസമാവുന്ന ഈ കാര്യത്തില്‍ ബഹുമാനപ്പെട്ട മുഖ്യ മന്ത്രി കനിയണം. ഗള്‍ഫ് രാഷ്ട്രങ്ങളിലെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക മാറ്റങ്ങള്‍ക്ക് വിധേയമാവുത്തിന്റെ ആശങ്കാജനകമായ അനിശ്ചിതത്വത്തില്‍ കഴിയുന്ന കേരളത്തിന്റെ ദൈനംദിന സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, സാമ്പത്തിക ജീവിതത്തില്‍ നിന്നും അകന്നു കഴിയേണ്ടിവരുന്ന ഗണ്യമായ ഒരു വിഭാഗത്തിന്റെ വികാരം ഉള്‍ക്കൊള്ളാന്‍ നമ്മുടെ ഭരണാധികാരികള്‍ തയ്യാറാവണം

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar