ഈ ആപത്ഘട്ടവും ഇന്ത്യന്‍ ജനത അതിജീവിച്ച് കടന്നുപോകും.എം ജി രാധാകൃഷ്ണന്‍

ദുബായ്: അച്ചടിമാധ്യമങ്ങളും ടെലിവിഷനും അതിന്റെ നല്ലകാലം പിന്നിട്ടിരിക്കുന്നുവെന്നും സോഷ്യല്‍ മീഡിയയാണ് ഇക്കാലത്തെ പ്രധാന വാര്‍ത്താമാധ്യമമായി മാറിയിരിക്കുന്നതെന്നും, എന്നാല്‍ സത്യസന്ധത നഷ്ടപ്പെട്ട് ഈ രംഗം കൂടുതല്‍ അപകടമാണ് വരുത്തിവെക്കുന്നതെന്നും എം.ജി രാധാകൃഷ്ണന്‍ പറഞ്ഞു.മുഖ്യധാരാ മാധ്യമങ്ങള്‍ ഭയത്തിന്റെ നിഴലിലാണെന്നും ഭരണവര്‍ഗ്ഗം മുട്ടിലിഴയാന്‍ പറയുമ്പോള്‍ നിലത്ത്കിടന്നു ഇഴയുകയാണ് അവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകളുടെ പ്രചാരകരായി മാറിയെന്നും സത്യമല്ലെന്നറിഞ്ഞിട്ടും ആ പ്രിയപ്പെട്ട അസത്യത്തെ വിശ്വസിക്കാനാണ് പൊതുസമൂഹം മത്സരിക്കുന്നതെന്നും എംജിആര്‍ പറഞ്ഞു. സത്യാനന്തര യുഗമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇക്കാലത്ത് മാധ്യമങ്ങളുടെ ഭരണവര്‍ഗ്ഗ ദാസ്യം വലിയ സാമൂഹ്യ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അസത്യങ്ങളോട് ഉന്മാദപൂര്‍വ്വം സന്ധിയാകുന്ന സമൂഹം ഫാഷിസ്റ്റ് നേതാക്കള്‍ക്കു വരെ കീഴ്‌പ്പെടുന്നത് ശുഭലക്ഷണമല്ലെന്നും പ്രമുഖ മാധ്യമകാരനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുമായ എം.ജി. രാധാകൃഷ്ണന്‍ പറഞ്ഞു. വൈകാരിക വിഷയങ്ങളില്‍ ജനങ്ങളെ കുരുക്കിയിട്ട് ജീവത്പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ച് ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിക്രമങ്ങളിലൂടെ മുന്നോട്ടു പോകുന്ന ഭരണസംവിധാനങ്ങളുടെ കുഴലൂത്തുകാരാവുന്ന മാധ്യമങ്ങള്‍ക്ക് കനത്ത കൈയടി കിട്ടുന്നത് സത്യാന്വേഷണ പത്രപ്രവര്‍ത്തകര്‍ക്ക് ഞെട്ടലുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. യു.എ.ഇ എക്‌സ്‌ചേഞ്ച് – ചിരന്തന പി.വി. വിവേകാനന്ദ് സ്മാരക അന്താരാഷ്ട്ര മാധ്യമ വ്യക്തിത്വ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു എം.ജി. രാധാകൃഷ്ണന്‍. യാതൊരു എഡിറ്റിംഗിനും സാധ്യതയില്ലാത്ത നവ സാമൂഹ്യ മാധ്യമങ്ങളില്‍ പോകപ്പോകെ നന്മയേക്കാള്‍ തിന്മകള്‍ ആധിപത്യം നേടുന്നത് ആസൂത്രിതമായ ഫാഷിസ്റ്റ് നീക്കങ്ങളുടെ ഭാഗമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബായ് ഫ്‌ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ നടന്ന പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ യുഎഇ എക്സ്ചേഞ്ച് കണ്‍ട്രി ഹെഡ് അബ്ദുല്‍ കരീം അല്‍ കായേദ് അവാര്‍ഡ് ശില്പവും അറബ് നിയമജ്ഞന്‍ റാഷിദ് അല്‍ സുവൈദി പ്രശംസാപത്രവും അറ്റ്ലസ് രാമചന്ദ്രന്‍ പൊന്നാടയും യുഎഇ എക്‌സ്‌ചേഞ്ച് മീഡിയ റിലേഷന്‍സ് ഡയറക്ടര്‍ കെ.കെ. മൊയ്തീന്‍ കോയ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും എം.ജി.ആറിന് സമ്മാനിച്ചു. യശ്ശശരീരനായ പി.വി. വിവേകാനന്ദിന്റെ പത്‌നി ചിത്ര, മക്കളായ അനൂപ്, വിസ്മയ, യുഎഇ എക്‌സ്‌ചേഞ്ച് കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് മാനേജര്‍ വിനോദ് നമ്പ്യാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരം നല്‍കിയത്. അബ്ദുല്‍ കരീം അല്‍ കായേദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് മാധ്യമങ്ങളിലെ മികച്ച ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിനുള്ള വി.എം. സതീഷ് അവാര്‍ഡ് ഖലീജ് ടൈംസ് അസിസ്റ്റന്റ് എഡിറ്റര്‍ അഞ്ജന ശങ്കറും റേഡിയോ അവതരണ മികവിനുള്ള രാജീവ് ചെറായി അവാര്‍ഡ് ഗോള്‍ഡ് എഫ്.എം പ്രോഗ്രാം ഡയറക്ടര്‍ വൈശാഖ് സോമരാജനും ഏറ്റുവാങ്ങി.
വിവിധ മാധ്യമ ധാരകളിലെ മികവിനുള്ള പതിനെട്ടാമത് യുഎഇ എക്‌സ്‌ചേഞ്ച് – ചിരന്തന മീഡിയ അവാര്‍ഡുകള്‍ക്ക് അര്‍ഹരായ സവാദ് റഹ്മാന്‍, ബ്യുറോ ചീഫ്, ഗള്‍ഫ് മാധ്യമം (അച്ചടി), നിഷ് മേലാറ്റൂര്‍, ബ്യുറോ ചീഫ്, അമൃത ന്യൂസ് (ടെലിവിഷന്‍), ഫസ്ലു, ന്യൂസ് എഡിറ്റര്‍, ഹിറ്റ് എഫ്.എം (റേഡിയോ), അമ്മാര്‍ കിഴുപറമ്പ, എഡിറ്റര്‍, പ്രവാസലോകം ഡോട്ട് കോം (ഓണ്‍ലൈന്‍), ഷിഹാബ്, പ്രസ് ഫോട്ടോഗ്രാഫര്‍, ഖലീജ് ടൈംസ് (പ്രസ് ഫോട്ടോ), മുജീബ് അഞ്ഞൂര് , ക്യാമറാമാന്‍, ജയ്ഹിന്ദ് ന്യൂസ് (ന്യൂസ് വിഡിയോഗ്രഫി) എന്നിവര്‍ക്കും അവാര്‍ഡുകള്‍ സമ്മാനിച്ചു.
കവയിത്രി ഷീലാ പോള്‍, ഇറാം ഗ്രൂപ്പ് ഡയരക്ടര്‍ രാജേന്ദ്രന്‍, മാധ്യമ പ്രവര്‍ത്തകരായ ഭാസ്‌ക്കര്‍ രാജ്, എം.സി.എ.നാസര്‍, കണ്ണൂര്‍ ജില്ല മുസ്ലിം ലീഗ് സിക്രട്ടറി കെ.ടി. സഹദുല്ല, ഇന്‍ക്കാസ് നേതാവ് നദീര്‍ കപ്പാട്, കെ.എം.സി.സി.നേതാവ് റഹീസ് തലശ്ശേരി, എം.എസ്.എസ് പ്രതിനിധി അബ്ദുല്‍ അസീസ് ദീവ, സലാം പാപ്പിനിശ്ശേരി തുടങ്ങിയവരും പങ്കെടുത്തു. ചിരന്തന ഭാരവാഹികളായ ടി.പി.അശറഫ് സ്വാഗതവും, സി.പി.ജലീല്‍ നന്ദിയും പറഞ്ഞു. അന്തരിച്ച ചിരന്തന സിക്രട്ടറി നാസര്‍ പരദേശിയെ സ്മരിച്ചു കൊണ്ടായിരുന്നു അവാര്‍ഡ് ദാനചടങ്ങ് ആരംഭിച്ചത്.

0 Comments