വിശപ്പിന്റെ നിലവിളി അവസാനിച്ചിട്ട് ഒരു വര്‍ഷം.


അനൂപ് കുമ്പനാട്
2019 ഫെബ്രുവരി 22. നൂറു ശതമാനം സാക്ഷരത നേടിയ നാട്ടിലേക്ക് വിശപ്പ് സഹിക്കവയ്യാതെ ഇറങ്ങിയ മധു എന്ന ചെറുപ്പക്കാരനെ കെട്ടിയിട്ട് സെൽഫി എടുത്ത് ആഘോഷിച്ചതിന് ശേഷം ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഒന്നാം വാർഷികം. കഴിഞ്ഞവർഷം തന്നെ ഏഴോളം ഇത്തരം സംഭവങ്ങളാണ് കേരളത്തിൽ നടന്നത്.
ഒരു അന്യസംസ്ഥാന തൊഴിലാളിയെ കോഴിയെ കട്ടു എന്ന കുറ്റമാരോപിച്ച് അതിക്രൂരമായി കൊലപ്പെടുത്തി. ഗർഭിണിയായ നാടോടി സ്ത്രീയെ മോഷണക്കുറ്റം ആരോപിച്ച് കൂട്ടം ചേർന്ന് മർദ്ദിച്ചു. മർദ്ദനത്തിൽ അവർക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടു. ഇങ്ങനെ നിരവധി സംഭവങ്ങൾ.
ലുലു മാളിലും മറ്റും ക്ലബ്ബും ഡോഗ് ഷോയുമായി നടക്കുന്ന കൊച്ചമ്മമാർ വിലകൂടിയ സാധനങ്ങൾ മോഷ്ടിക്കും. അത് കണ്ടുപിടിക്കപ്പെട്ടാൽ അവരോട് ദയവായി കൗണ്ടറിൽ പണം നൽകാൻ അപേക്ഷിക്കാറാണ് പതിവ്. അവരെ ആരും കൂട്ടംകൂടി തല്ലിക്കൊല്ലാറില്ല.
തല്ലിക്കൊല്ലുന്നത് മുഴുവൻ ഒരു നേരത്തെ ആഹാരത്തിനുവേണ്ടി അരി മോഷ്ടിക്കുന്ന മധുവിനെ പോലുള്ള പാവങ്ങളെയാണ്. അന്യസംസ്ഥാന തൊഴിലാളികളെയാണ്.നാടോടി സ്ത്രീകളെയാണ്.
പാടത്തും പറമ്പിലും പണിയെടുത്ത് കിട്ടുന്ന പണംകൊണ്ട് അരി മേടിച്ചവരായിരുന്നു നമ്മൾ, പണ്ട്. പിന്നീട് ഗൾഫ് കുടിയേറ്റം കൊണ്ട് കേരളം സമൃദ്ധിയിലേക്ക് നയിക്കപ്പെട്ടു. പട്ടിണി എന്താണെന്ന് നമ്മൾ മറന്നു.
പണ്ട് മലയാളസാഹിത്യത്തിലെ മുഖ്യകഥാ വിഷയം ദാരിദ്ര്യമായിരുന്നു.
കാരൂർ നീലകണ്ഠപിള്ള വിശപ്പിൻറെ തീവ്രത വരച്ചുകാട്ടുന്ന നിരവധി കഥകൾ എഴുതിയിട്ടുണ്ട്. ഇതിനുകാരണം കാരൂരിന്റെ ഇല്ലായ്മകൾ തന്നെയായിരുന്നു. അധ്യാപകനായിരുന്ന കാരൂർ വിശപ്പ് സഹിക്കവയ്യാതെ രണ്ടാം ക്ലാസിലെ കുട്ടിയുടെ ‘പൊതിച്ചോറ്’ മോഷ്ടിച്ചു കഴിച്ച കാര്യം എഴുതിയിട്ടുണ്ട്. അദ്ദേഹത്തിൻറെ ഭാഷയിൽ ‘പട്ടി പോലും ചെയ്യാത്ത ഹീനകൃത്യം’. ‘വിശക്കുന്ന കുഞ്ഞുങ്ങളുടെ തന്ത ആകുന്നതിനേക്കാൾ എത്രയോ ഭേദമാണ് മച്ചിയുടെ ഭർത്താവാകുന്നത് ‘ എന്ന് പ്രസ്താവിക്കുന്ന എക്സ്ചേഞ്ചിലെ പോസ്റ്റുമാൻ എന്ന കഥാപാത്രവും നമ്മുടെ കണ്ണുകളെ ഈറനണിയിച്ചു.
പൊൻകുന്നം വർക്കിയുടെ ശബ്ദിക്കുന്ന കലപ്പയിൽ നോമ്പ് പിടി ദിവസത്തിൽ പോലും പട്ടിണിയിൽ കഴിയേണ്ടിവരുന്ന ഔസേപ്പ് ചേട്ടനും കുടുംബത്തിനും കഥ വായനക്കാരുടെ ഹൃദയത്തിൽ ഒരു വേദന സമ്മാനിക്കുമെന്ന് ഉറപ്പാണ്.
അകാലത്തിൽ തകഴിയും കേശവദേവും ബഷീറും എല്ലാം ഇല്ലായ്മകളെ പറ്റി എഴുതി.
കാലം മാറി. കേരളം സമൃദ്ധിയിലേക്ക് നയിക്കപ്പെട്ടപ്പോൾ എഴുത്തുകാരും പട്ടിണി വിഷയം വിട്ടു
ആധുനികകാലത്ത് സന്തോഷ് എച്ചിക്കാനം ‘ബിരിയാണി’ എന്ന കഥ എഴുതിയപ്പോൾ അത് വലിയ ചർച്ചാവിഷയമായി. അന്യസംസ്ഥാന തൊഴിലാളിയുടെ പട്ടിണിയുടെ കഥ. നമ്മൾ മലയാളികൾ മറന്നുപോയ കാര്യം -പട്ടിണി.
‘മനതാരിലാശകൾപോലതിലോരോരോ മരതകക്കൂമ്പു പൊടിച്ചുവന്നു’
ഒരു വാഴക്കുലയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു അടിയാളന്റെ പ്രതീക്ഷകളെ പറ്റിയാണ് ചങ്ങമ്പുഴ ഇങ്ങനെ എഴുതിയത്.
ബിരിയാണി തിന്ന് എല്ലിനിടയിൽ കയറിയ നമ്മൾ മലയാളികൾ ഇതെല്ലാം മറന്നു.
ഇനിയൊരു മധുവിനെ കൂട്ടംകൂടി കൊലപ്പെടുത്തുന്നതിന് മുമ്പ് നമ്മൾക്ക് നമ്മുടെ പഴയ കാലത്തെ പറ്റി ഓർക്കാം. പട്ടിണി ഉണ്ടായിരുന്ന ആ പഴയ കാലത്തെ പറ്റി.
0 Comments