മുക്കത്തെ മക്കാനി സ്‌നേഹ സൗഹൃദങ്ങളില്‍ പുതു രുചി നിറയ്ക്കുന്നു

അജ്മാന്‍:ചായക്കടയില്‍ രാഷ്ട്രീയം പറയാന്‍ പാടില്ല എന്നൊരു ബോര്‍ഡ് പണ്ടുകാലത്ത് കേരളത്തില്‍ കാണാറുണ്ടായിരുന്നു. എന്നാല്‍ ഒരു ദേശത്തിന്റെ പ്രേമവും രാഷ്ട്രീയവും കലയും സാഹിത്യവും എല്ലാം അപ്പാടെ പകര്‍ത്തി വെച്ച് അറബ് നാട്ടില്‍ കാഞ്ചനമാലയുടെയും മൊയ്ദീന്റെയും സ്വപ്‌ന ഗ്രാമം ഉണര്‍ന്നു കഴിഞ്ഞു. ചുട് പാറും രുചി വിഭവങ്ങള്‍ക്കൊപ്പം മുക്കത്തിന്റെ പ്രണയ കാല നൊമ്പരവും നോവും അനുഭവിച്ചറിയാനൊരിടമാണ് അജ്മാനിലെ മുക്കത്തെ ചായമക്കാനി സൗകര്യമൊരുക്കുന്നത്.മലയാളത്തനിമയില്‍ കടകല്‍ക്ക് പേരിടുന്നതില്‍ പേരു കേട്ടവരാണ് മുക്കത്തകാര്‍. എസ് കെ പൊറ്റക്കാടിന്റെ നാടന്‍ പ്രേമത്തിനു അരങ്ങൊരുക്കിയ ഇരുവഴിഞ്ഞിപ്പുഴയുടെ വരദാനമാണ് മുക്കം.അവിടെ മലയാള തനിമ എപ്പോഴും നിറഞ്ഞു നില്‍ക്കും. കോളേജിന് കലാലയം എന്നേ പേരിട്ടതും ബേക്കറിക്ക് രുചി എന്നും റെസ്റ്റാറ്റാന്റിന് മക്കാനിയെന്നും പന്തിയെന്നുമൊക്കെ പേരിട്ടതും വീടിനു അത്താണിയെന്നും വസതിയെന്നും മരസാധനങ്ങളുടെ കടയ്ക്ക് മരവുരി എന്നു പേരിട്ടതുമെല്ലാം ഇന്നോ ഇ്‌നലെയോ അല്ല. മൂന്നും നാലും പതിറ്റാണ്ട് മുമ്പ് തന്നെ കേരളത്തെ വിസ്മയിപ്പിച്ച ഗ്രാമമാണിത്.
കേരളം ആഘോഷിച്ച ബി.പി മൊയ്തീന്റയും കാഞ്ചനമാലയുടെയും പ്രണയത്തിന്റെ സ്മാരകമായും നിലകൊള്ളുന്ന മുക്കം.
സലാം കാരശ്ശേരിയുടെയും എം എന്‍ കാരശ്ശേരിയുടെയും സുരാസുവിന്റേയും തട്ടകമായ മുക്കം ഒരു സാംസ്‌കാരിക കേന്ദ്രമെന്ന നിലയ്ക്കും വാണിജ്യകേന്ദ്രമെന്ന നിലക്കും പണ്ട് കാലംതൊട്ടേ പ്രസിദ്ധമാണ്.ആ മുക്കത്ത് നിന്നും വളര്‍ന്ന് വന്ന് ജീവിത വഴികളില്‍ പലവഴിക്കും പിരിഞ്ഞുപോയവര്‍ സ്‌നേഹ സൗഹൃദത്തിന്റെ പുതു ഗാഥയെഴുതുകയാണ് അറബ് നാട്ടില്‍.
പതിനഞ്ചു ചെറുപ്പക്കാര്‍ അവരുടെ സ്‌നേഹ വഴിയില്‍ ഒന്നിക്കുമ്പോള്‍ ആ നന്മക്ക് സാന്നിദ്ധ്യമാവുന്നതാവട്ടെ മുക്കത്തിന്റെ സ്‌നേഹ താരകം കാഞ്ചനമാലയുമാണ്.
1979 – 85 കാലഘട്ടത്തില്‍ സ്‌കൂളിലും കോളേജിലും ഒന്നിച്ചു പഠിച്ചവര്‍. പിന്നീട് പലരും പലവഴിക്ക് പിരിഞ്ഞുപോയി. പക്ഷെ അവരുടെ സ്‌നേഹബന്ധം മാത്രം കൂടിവന്നു. കലാലയ കാലത്തെപോലെ വീണ്ടും ഒന്നിക്കണം. അവര്‍ ആലോചിച്ചു തുടങ്ങി. എന്ത് ചെയ്യും. ചിലരൊക്കെ ഗ്രാമത്തില്‍ തന്നെയുണ്ട്. മറ്റുചിലര്‍ വിവിധ ഗള്‍ഫ് നാടുകളില്‍. വേറെ ചിലര്‍ ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങളില്‍. ചിലര്‍ വലിയ പണക്കാരെങ്കില്‍ മറ്റുചിലര്‍ പാവപ്പെട്ടവര്‍. പഴയപോലെ കളിയും ചിരിയുമായി ഇനിയും ഒന്നിക്കണം അതായിരുന്നു അവരുടെ മോഹം.
അജ്മാനിലെ ഹാബിറ്റാറ്റ് വിദ്യാലയങ്ങളുടെ അമരക്കാരന്‍ ഷംസു സമാനും ഖത്തറിലുള്ള മുര്‍ഷിദും ബഹ്റൈനിലുള്ള ബിന്യാമീനും മറ്റു സുഹൃത്തുക്കളുമായി ബന്ധപെട്ടു ഈ ആശയത്തിനു ജീവന്‍ നല്‍കാന്‍ തുടങ്ങി. ഒടുവില്‍ വിവിധ രാജ്യങ്ങളിലായി ചിതറിക്കിടന്ന പഴയ സുഹ്രുത്തുക്കളെയെല്ലാം കുടുംബ സമേതം അജ്മാനിലെത്തിച്ചു. സ്‌നേഹത്തിന്റെ ഓര്‍മകള്‍ രുചികളായി പകരാന്‍ അവര്‍ തീരുമാനിച്ചു.
പഴയ മുക്കവും അന്നത്തെ മക്കാനിയുമൊക്കെ അവര്‍ അജ്മാനിലെ കോര്‍ണിഷിലേക്ക് പറിച്ചുനട്ടു. കുട്ടിക്കാലത്തു അവര്‍ മുക്കത്തു കണ്ടപോലെ ഒരു മക്കാനി. നാട്ടുകാര്‍ക്ക് നല്ല ഭക്ഷണം കൊടുക്കാം. എല്ലാവര്‍ക്കും എന്നും പരസ്പരം കാണുകയും ചെയ്യാം. ഗ്രാമീണത അതേപടി നില നിര്‍ത്താന്‍ അജ്മാന്‍ കോര്‍ണിഷിലുള്ള ഒരു വില്ല രൂപാന്തരപ്പെടുത്തി ഭക്ഷണശാലയാക്കി മാറ്റുകയായിരുന്നു.
മുക്കത്തെ മക്കാനിഎന്ന ഭക്ഷണശാല ഉത്ഘാടനം ചെയ്യാന്‍ മുക്കത്തിന്റെ അനശ്വരപ്രണയഗാഥയിലെ നായിക കാഞ്ചനമാലയെ തന്നെ അവര്‍ കൊണ്ടുവന്നു. മക്കാനിയുടെ ചുവരുകളില്‍ കാഞ്ചനമാലയും ബി.പി. മൊയ്തീനും മുക്കത്തെ അങ്ങാടിയും കോളേജും ബസ്സ്റ്റാന്‍ഡും എസ്.കെ പൊറ്റെക്കാടും വൈക്കം ബഷീറുമൊക്കെ ജീവന്‍ തുടിക്കുന്ന ചിത്രമാക്കി ആര്‍ട്ടിസ്റ്റ് ഹനീഫ പകര്‍ത്തി വെച്ചു.
പേരു സൂചിപ്പിക്കുന്ന പോലെ മുക്കമെന്ന നാടിന്റെയും മലബാറിന്റെയും തനതു രുചികളും ആതിഥേയത്വവും തന്നെയാണ് മുക്കത്തെ മക്കാനിയുടെ സവിശേഷത. പഴയ കാലത്തെ ആരോഗ്യകരമായ ഭക്ഷണരീതികള്‍ വീണ്ടെടുക്കുകയെന്നതോടൊപ്പം അതു യുഎഇയിലെ ലോകജനതയ്ക്ക് പരിചയപ്പെടുത്തുകയും ലക്ഷ്യമാണ് ഇവരുടെ ലക്ഷ്യം .
ഇവിടെ നാട്ടു കളികളില്‍ ഏര്‍പ്പെടാനും നാട്ടു ചന്തയില്‍ നിന്ന് വയനാടന്‍ കാട്ടുതേനും തുറമാങ്ങാ അച്ചാറും പാലും പാലുല്‍പ്പന്നങ്ങളും ജൈവ പച്ചക്കറികളും വാങ്ങാനുമുള്ള സൗകര്യങ്ങളുമുണ്ട് .
എന്നു നിന്റെ മൊയ്തീനിലൂടെ കേരളം ആഘോഷിച്ച കാഞ്ചനമാലയെ യു.എ. യിലുള്ള മലയാളികള്‍ക്ക് കാണാനും പരിചയപ്പെടാനും കഥ പറയാനും കഥ കേള്‍ക്കാനുമുള്ള അവസരവും ഈ കൂട്ടായ്മ ഇവിടെ ഒരുക്കി. അങ്ങനെ നാടന്‍പ്രേമത്തിലൂടെയും എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെയും ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച ഈ മലയോരഗ്രാമം അജ്മാനിന്റെ ആത്മാവിലേക്കും അലിഞ്ഞിറങ്ങുകയാണ്.
കാഞ്ചനമാലയുടെ ആദ്യ ഗള്‍ഫ് യാത്രക്ക് അവസരമൊരുക്കി മുക്കത്തെ മക്കാനി അജ്മാനില്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ കളിക്കൂട്ടുകാരുടെ സ്‌നേഹ ബന്ധത്തിന് ഗ്രാമീണ വിശുദ്ധി കൈവരുന്നു.



0 Comments