ദുബായില്‍ ഫുട്‌ബോള്‍ കോര്‍ട്ട് വാടകക്ക് ഒരുക്കി അറബ് പൗരന്‍

ദുബൈ.യു.എ.ഇയുടെ കായിക രംഗത്തെ ഉന്നമനം ലക്ഷ്യം വെച്ച് സ്വദേശി പൗരന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ ശ്രദ്ധിക്കപ്പെടുന്നു. നിരവധി വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ഉടമയായ മുഹമ്മദ് യൂസുഫ് എന്ന അറബി പൗരനാണ് കളിസ്ഥലങ്ങളൊരുക്കി സ്വദേശികളെയും വിദേശികളെയും കായിക പ്രേമികളാക്കുന്നത്. ദുബൈയിലെ സ്റ്റേഡിയം മെട്രോക്കടുത്തുള്ള അല്‍ അഹ്‌ലി സ്റ്റേഡിയത്തിനുള്ളിലെ സൗകര്യങ്ങളാണ് സ്റ്റേഡിയങ്ങളാക്കി് മുഹമ്മദ് യൂസുഫ് വാടകക്ക് നല്‍കുന്നത്. മൂന്ന് ചെറുതും രണ്ടു വലുതുമടക്കം അഞ്ച് സ്റ്റേഡിയങ്ങളാണ് കായിക പ്രേമികള്‍ക്ക് വേണ്ടി സജ്ജമായിരിക്കുന്നത്. സിന്തറ്റിക് പുല്ല് പിടിപ്പിച്ച സ്റ്റേഡിയങ്ങളില്‍ യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നും ഒഴിവു ദിവസങ്ങളില്‍ നൂറുകണക്കിന് ഫുട്‌ബോള്‍ പ്രേമികളാണ് കളിക്കാനും ടൂര്‍ണ്ണമെന്റുകള്‍ക്കുമായി എത്തുന്നത്. രാത്രിയിലും പകലും ഒരുപോലെ വിനിയോഗിക്കാവുന്ന ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ അവധി ദിവസങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിലെ വിശിഷ്യാ മലബാറിലെ ഫുട്‌ബോള്‍ കളിക്കാരെല്ലാം ഇവിടെ ഒത്തു ചേര്‍ന്ന് കടുത്ത മത്സരങ്ങളാണ് കാഴ്ചവെക്കുന്നത്.
ചെറിയ ഫുട്‌ബോള്‍ സ്റ്റേഡിയത്തിന് ഒരു മണിക്കൂര്‍ സമയത്തിന് വാടക ഇരുനൂറ് ദിര്‍ഹമാണ്. ഒന്നര മണിക്കൂറിന് മുന്നൂറ് ദിര്‍ഹവും രണ്ടു മണിക്കൂറിന് 350 ദിര്‍ഹവുമാണ് ഈടാക്കുന്നത്. ഏഴ് മണിക്ക് ശേഷം അമ്പത് ദിര്‍ഹം അധികം നല്‍കണം. വലിയ സ്റ്റേഡിയത്തിന് ഒരു മണിക്കൂറിന് മുന്നൂറ് ദിര്‍ഹവും ഒന്നര മണിക്കൂറിന് നാനൂറ് ദിര്‍ഹവും രണ്ട് മണിക്കൂറിന് അഞ്ഞൂറ് ദിര്‍ഹവുമാണ് ഈടാക്കുന്നത്. രാത്രി ഏഴ് മണിക്ക് ശേഷം മണിക്കൂറിന് മുന്നൂറ്റമ്പതും ഒന്നര മണിക്കൂറിന് അഞ്ഞൂറും രണ്ട് മണിക്കൂറിന് അറുനൂറ് ദിര്‍ഹവുമാണ് ഈടാക്കുന്നത്. ഡ്രസ്സിംഗ് റൂം ശുചീകരണാലയം എന്നിവക്ക് പുറമേ സുരക്ഷിതമായ വാഹന പാര്‍ക്കിംഗ് സൗകര്യവും സ്റ്റേഡിയത്തിനുള്ളിലുണ്ട്.
ഫുട്‌ബോള്‍ ലോകം സ്വപ്നം കാണുന്ന കുട്ടികളെ ചെറുപ്പത്തില്‍ തന്നെ പരിശീലിപ്പിക്കുന്ന സ്‌പോര്‍ട് ഫോര്‍ ആള്‍ അക്കാദമി മുഹമ്മദ് യൂസുഫിന്റെ വിലപ്പെട്ട പദ്ധതിയാണ്. ജനറല്‍ അതോറിറ്റി ഓഫ് യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കേഷനും, എമിറേറ്റ്‌സ് ഫുട്‌ബോള്‍ അസോസിയേഷനും അംഗീകാരം നല്‍കിയ പരിശീലനമാണ് കുട്ടികള്‍ക്ക് ഇവിടെ ലഭിക്കുന്നത്. ഏത് രാജ്യത്തെ പൗരന്മാര്‍ക്കും പ്രവേശനവും പരിശീലനവും ലഭ്യമാണ് ഇവിടെ. ആറു വയസ്സു മുതല്‍ പതിനാറു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ശനി, തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് പരിശീലനം. യു.എ.ഇയിലേയും വിദേശ രാജ്യത്തെയും പ്രമുഖ ഫുട്‌ബോള്‍ കളിക്കാരാണ് പരിശീലകര്‍. നാന്നൂറ് ദിര്‍ഹമാണ് ഫീസ്. വൈകുന്നേരങ്ങളില്‍ അഞ്ച് മണി മുതല്‍ ആറ് മണിവരെയാണ് ക്ലാസുകള്‍. കഴിഞ്ഞ ആറ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഫോര്‍ ആള്‍ അക്കാദമിയില്‍ നിന്നും നിരവധി ജൂനിയര്‍ കളിക്കാരെ യു.എ.ഇക്ക് ലഭിച്ചിട്ടുണ്ട്. സ്‌കൂള്‍ ഫുട്‌ബോള്‍ ടീമുകളിലെല്ലാം ഇവിടെ നിന്നുള്ള കുട്ടികളാണ് ഇപ്പോള്‍ സജീവമാകുന്നത്. അച്ചടക്കത്തോടെ ഓരോ വിദ്യാര്‍ത്ഥിയുടേയും കായികക്ഷമത വര്‍ദ്ധിപ്പിക്കുന്ന പരിശീലന പരിപാടിക്ക് ചിട്ടപ്പെടുത്തി അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ് സ്ഥാപനത്തെ പെട്ടെന്ന് വളര്‍ത്തിയതിന് പിന്നിലെന്ന് മുഹമ്മദ് യൂസുഫ് പറഞ്ഞു.
എല്ലാ വര്‍ഷവും റംസാന്‍ സമയത്ത് ഇവിടെ നടക്കുന്ന ഫുട്‌ബോള്‍ മത്സരം ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ റംസാനില്‍ നടന്ന അഞ്ചാമത് മത്സരത്തില്‍ നാല്‍പത്തിയെട്ട് ടീമുകളാണ് മാറ്റുരച്ചത്. ഇരുപത്തയ്യായിരം, പതിനായിരം, അയ്യായിരം ദിര്‍ഹമാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സമ്മാനമായി നല്‍കിയത്. തൊഴില്‍ തേടി ഗള്‍ഫിലെത്തിയ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരെ സംഘടിപ്പിച്ച് നല്ലൊരു ഫുട്‌ബോള്‍ ടീം ഉണ്ടാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വദേശി കുട്ടികളെ ഫുട്‌ബോള്‍ രംഗത്ത് ശ്രദ്ധേയരാക്കുന്നതോടൊപ്പം തന്നെ വിദേശികള്‍ക്കും അവസരങ്ങളുടെ വാതില്‍ മലര്‍ക്കെ തുറന്നിടുകയാണ് കായിക പ്രേമിയായ മുഹമ്മദ് യൂസുഫ്. യു.എ.ഇയിലെ പ്രമുഖ കമ്പനികളുടെ എച്ച്.ആര്‍. ഡിപ്പാര്‍ട്ട്‌മെന്റ് കൈകാര്യം ചെയ്യുമ്പോള്‍ തന്നെ നിരവധി വ്യാപാര സ്ഥാപനങ്ങളും നോക്കിനടത്തുന്നുണ്ട്. എല്ലാറ്റിനേക്കാളും ഈ ചെറുപ്പക്കാരന് സംതൃപ്തി നല്‍കുന്നത് സ്റ്റേഡിയത്തില്‍ ആരവങ്ങള്‍ ഉയരുമ്പോഴാണ്. ഫുട്‌ബോള്‍ കളിയെ അത്രയേറെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്നു ഇയാള്‍.
കൂടുതല്‍ വിവരങ്ങള്‍ക്കും ഗ്രൗണ്ട് ബുക്കിംഗിനും വിളിക്കുക.
ദുബൈ മലൈഇബ് ഗ്രൗണ്ട് അല്‍ അഹ്ലി ക്ലബ്ബ്,ദുബൈ സ്‌റ്റേഡിയം മെട്രോക്ക് സമീപം. 050 7522204,055 8867888.
04.2599912,050 7748777

0 Comments