ഇന്ത്യ സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം നെഹ്രു മുതല്‍ റാവു വരെ.


1948 ജനുവരി 30 ന്നാണ് ഹിന്ദുത്വ തീവ്രവാദി നാഥുറാം വിനായക് ഗോഡ് സേ മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്നത്. ജനാധിപത്യമതേതര ഇന്ത്യക്കെതിരെ വിജയംകണ്ട ആദ്യ തീവ്രവാദി ഭീകരാക്രമണമായിരുന്നു ഗാന്ധി കൊലപാതകം. 1984 ഒക്ടോബര്‍ 31ന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സ്വന്തം അംഗരക്ഷകര്‍, ബിയാന്ത് സിംഗിന്റെയും സത്‌വന്ത് സിംഗിന്റെയും വെടിയേറ്റുമരിച്ചത്. രാഷ്ട്രീയവും സാമൂഹികവും മതപരവും സ്വത്വപരവുമായ വിഷയങ്ങള്‍ക്ക് സായുധ പരിഹാരം തേടിയ അപക്വ രാഷ്ട്രീയത്തെ, അധികാരത്തിന്റെ പാറ്റണ്‍ ടാങ്ക് കൊണ്ടു നേരിട്ട ഭരണകൂടത്തിന്റെ ശക്തി പ്രകടനവും ഖലിസ്ഥാന്‍ രാഷ്ട്രവാദവും പൊതുസമൂഹത്തില്‍, ഒരു സമുദായമപ്പാടെ വിഘടനവാദികളും കുറ്റവാളികളുമായി സംശയിക്കപ്പെട്ടതും തുടങ്ങി, നയവൈകല്യങ്ങളുടെ നീണ്ടയാത്രയാണ് ഇന്ദിരാ ഗാന്ധിയുടെ ദാരുണമായ അന്ത്യത്തിലേക്ക് നയിച്ചത്.
രണ്ടും കൊലപാതകങ്ങളായിരുന്നു; തീവ്രവാദി ഭീകരാക്രമണങ്ങളും. ന്യായീകരണങ്ങളുടെ ഏതൊക്കെ സുഗന്ധങ്ങള്‍ പൂശി കഴുകിയെടുക്കാന്‍ ശ്രമിച്ചാലും’മനുഷ്യഹത്യ’ഹീനവും മ്ലേച്ഛവുമാണ്. കൊലപാതകങ്ങളെല്ലാം അങ്ങനെത്തന്നെ, ആള്‍ക്കൂട്ടത്തിന്റെതായാലും വ്യക്തികളുടെതായാലും ഹിംസ ഏറ്റവും നികൃഷ്ടവും നീചവുമായ പ്രവൃത്തി തന്നെ.
പക്ഷെ,രണ്ടു കൊലപാതകങ്ങളോടും രാജ്യം പ്രതികരിച്ചത് രണ്ടു വിധത്തിലാണ്. ഫാസിസം എങ്ങനെയാണ് നമുക്കിടയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നതെന്ന് ഇത് വ്യക്തമാക്കിത്തരുന്നു. രണോത്സുക ദേശീയതയെന്ന ഫാസിസ്റ്റ് നിലപാടിന്റെ അഴിഞ്ഞാട്ടമായിരുന്നു ഇന്ദിരാ വധത്തിന്റെ പ്രതികരണമായി ഡല്‍ഹിയിലെ തെരുവകളില്‍ നാം കണ്ടത്. ഇന്ദിരയുടെ കൊലപാതകികള്‍ സിഖുമത വിശ്വാസികളാണെന്ന ഒരൊറ്റ കാരണം മതിയായിരുന്നു ആള്‍ക്കൂട്ടത്തിന്, ഇന്നും എണ്ണിത്തീരാത്തയത്രയും സിഖു മതസ്ഥരെ വേട്ടയാടാന്‍. വെട്ടിയും കുത്തിയും ജീവനോടെ ചുട്ടും കൊലവിളി നടത്തി പാഞ്ഞടുക്കുന്ന ദേശീയതാ തീവ്രവാദികള്‍ക്ക് രാജ്യഭരണകൂടം രക്ഷകരായിത്തുടങ്ങിയത് 2020 ഡല്‍ഹി വംശഹത്യയിലല്ല, കാല്‍ നൂറ്റാണ്ടിന്നുമപ്പുറത്തെ ശിശിരകാലത്തും അതിനു മുമ്പും അങ്ങനെയായിരുന്നു.
അധികാരത്തിന്റെ ചരിത്രം യുദ്ധങ്ങളുടെ ചരിത്രമാണ്. യുദ്ധങ്ങളുടെ ചരിത്രമാകട്ടെ, അഭയാര്‍ത്ഥി പ്രവാഹങ്ങളുടെക്കൂടി ചരിത്രവും. കയ്യേറ്റമായാലും വിമോചനമായാലും, അനാഥ ബാല്യങ്ങളും വിധവകളുമടങ്ങുന്ന എണ്ണമറ്റ അഭയാര്‍ത്ഥികള്‍ മാത്രമാണ് യുദ്ധങ്ങളുടെയെല്ലാം നീക്കിബാക്കി. പൊരുതുന്ന ദേശീയതയുടെ സ്വാതന്ത്ര്യമുറപ്പുവരുത്താന്‍ സൈനികമായി ഇടപെട്ട ഒരു ഭരണകൂടത്തിന്റെയും ഭരണാധികാരിയുടെയും പ്രതിച്ഛായാ നിര്‍മാണത്തിന്റെ ഇരകളാണ് ആസാമിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ അഭയവും ജീവിതവും തേടിയെത്തിയത്. പ്രകോപനങ്ങളേതുമില്ലാതെയാണവര്‍ സാംസ്‌കാരിക ദേശീയതാവാദത്തിന്റെ ഇരകളായി മാറിയത്. ഒരു രാവ് ഇരുട്ടി വെളുക്കും മുന്നേ പരസഹസ്രങ്ങളുടെ ജീവനെടുത്തവര്‍ക്കും, അന്ന് ഭരണകൂടം തുണയും തണലുമായി.
രാഷ്ട്രപിതാവിനെ കൊന്ന തീവ്രവാദികള്‍ക്കു നേരെ താരതമ്യേന ശാന്തവും പക്വവുമായ സമീപനം സ്വീകരിച്ച ഒരു സമൂഹം, രാജ്യത്തിന് സ്വേച്ഛാധിപത്യ ഭരണം പരിചയപ്പെടുത്തിയ ഒരു ഭരണാധികാരിയുടെ കൊലപാതകത്തില്‍ എന്തുകൊണ്ടാവും ഒരു വംശീയ ഉന്മൂലനത്തിന്റെ സാധ്യത കണ്ടത്, എന്തുകൊണ്ടാവും ഒരാളുടെ തെറ്റ് ഒരു സമുദായത്തിന്റെ പാപമായും അതുകൊണ്ടു മാത്രം ആ സമുദായം വേട്ടയാടപ്പെടേണ്ടവരും തുടച്ചു മാറ്റപ്പെടേണ്ടവരുമാണെന്നും രാജ്യം കരുതിയത്? എന്തുകൊണ്ടാവും അത്തരമൊരു പൊതുബോധനിര്‍മ്മിതിയില്‍ കുറ്റബോധമേതുമില്ലാതെ മാധ്യമങ്ങള്‍ പങ്കാളികളായത്.?
ഗാന്ധിയെ കൊല്ലാന്‍ നാഥുറാം ഗോഡ് സേയ്ക്ക് പ്രചോദനവും പ്രലോഭനവുമായ സവര്‍ക്കര്‍ കുറ്റവിമുക്തനാക്കപ്പെടുകയും സംശയത്തിന്റെ നൂലാമാലയില്‍ ഗൂഢാലോചനക്കാര്‍ പലരും ഊരിപ്പോരുകയും ചെയ്തിട്ടും രാഷ്ട്രപിതാവിന്റെ കൊലയാളി സംഘത്തോടു തോന്നാത്ത വെറുപ്പും അന്നുണര്‍ന്നുയരാത്ത തീവ്രരാജ്യസ്‌നേഹവും എന്തുകൊണ്ടാവും മറ്റു ചിലയിടങ്ങളില്‍ മാത്രം ആളിപ്പടര്‍ന്നതും അതിനെല്ലാം ഭരണകൂടങ്ങള്‍ സംരക്ഷകരായി നിന്നതും.? 1991 മെയ് 21ന്നാണ് തെരഞ്ഞെടുപ്പു പ്രചരണത്തിന്നിടെ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. അന്താരാഷ്ട്ര അധികാര വ്യാപാര രാഷ്ട്രീയത്തിന്റെ ഇരയായിരുന്നു രാജീവ്. തമിഴ് ഈലം വിമോചന പുലികളായിരുന്നു കൊലപാതകം നടത്തിയതെന്നു അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍ തമിഴനെ അത്രമേല്‍ ഭീകരനായി കാണുന്നതിലേക്ക് പൊതുബോധം നയിക്കപ്പെടാതിരുന്നത് എന്തുകൊണ്ടാണ്.?
0 Comments