സ്വത്തു വിറ്റ് കടം വീട്ടാമെന്ന് വിജയ്മല്യ.കള്ളനെന്നു വിളിക്കരുത്

ന്യൂഡല്‍ഹി: തന്റെ സ്വത്തു വിറ്റ് കടം വീട്ടാമെന്ന് വിജയ്മല്യ. തന്നെ ബാങ്കുകാര്‍ ഒരു കൊള്ളക്കാരനായി ചിത്രീകരിച്ചുവെന്നും മല്യ പരിതപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടക്കാതെ ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്യ ആദ്യമായാണ് ഇത്തരത്തിലുള്ള പ്രതികരണം നടത്തുന്നത്. തന്റെ സ്വത്തുക്കള്‍ വിറ്റ് കടങ്ങള്‍ വീട്ടാന്‍ തയാറാണെന്ന് വ്യക്തമാക്കിയും വിഷയത്തില്‍ തന്റെ നിലപാടുകള്‍ വിശദീകരിച്ചുമാണ് രണ്ടു വര്‍ഷം മുന്‍പ്് മോദിക്കും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കും മല്യ കത്തെഴുതിയത്. രണ്ട് കത്തുകളും മല്യ ഇപ്പോള്‍ പുറത്തുവിടുകയായിരുന്നു. 2016 ഏപ്രില്‍ 15നാണ് താന്‍ കത്തുകള്‍ നല്‍കിയതെന്നും എന്നാലിതുവരെ കത്തിന് മോദിയോ, ജയ്റ്റ്‌ലിയോ മറുപടി നല്‍കിയില്ലെന്നും മല്യ പറഞ്ഞു. വായ്പാ തട്ടിപ്പിന്റെ പ്രതീകമായി ഞാന്‍ മാറിയിരിക്കുകയാണ്. ഇത് കൂടാതെ പൊതുജനത്തിന്റെ രോഷത്തിനും ഹേതുവായി. 9,000 കോടി രൂപ വായ്പയുമായി താന്‍ ഒളിച്ചോടിയെന്നാണ് മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നത്. കണ്‍സോര്‍ഷ്യത്തിലെ ബാങ്കുകളില്‍ ചിലത് മനപ്പൂര്‍വം വായ്പ തിരിച്ചടയ്ക്കാത്തവനെന്ന്് മുദ്രകുത്തിയെന്നും മല്യ പറഞ്ഞു.ബാങ്കുകളുടെ പരാതിയെ മാത്രം അടിസ്ഥാനമാക്കിയാണ് തനിക്കെതിരേ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. എന്നാല്‍ തനിക്കെതിരേയുള്ളത് തെറ്റായ ആരോപണങ്ങള്‍ മാത്രമാണ്. തന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി.
നിലവില്‍ 13,900 കോടിയുടെ ആസ്തി തനിക്കുണ്ടെന്നും മല്യ പറഞ്ഞു. കട ബാധ്യത തീര്‍ക്കുന്നതിനായി കര്‍ണാടക ഹൈക്കോടതിയുടെ അനുമതി മല്യ തേടിയിട്ടുണ്ട്.
0 Comments