മംഗളൂരുവില്‍ കര്‍ഫ്യൂ,മാധ്യമ വിലക്ക്, ഇന്റര്‍നെറ്റ് നിരോധിച്ചു.

ബാംഗ്ലൂര്‍.പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ വെടിവെപ്പുണ്ടായ മംഗളൂരുവില്‍ കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്. വാര്‍ത്ത ശേഖരിക്കാനെത്തിയ മലായാളി മാദ്ധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു എട്ട് മണിക്കൂര്‍ തടങ്കലില്‍ വെച്ചു.മീഡിയ വണ്‍, ഏഷ്യാനെറ്റ്, മാതൃഭൂമി, ന്യൂസ് 24, ന്യൂസ് 18 എന്നീ വാര്‍ത്താ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരും കാമറാമാന്‍മാരുമാണ് കസ്റ്റഡിയിലായത്. ഇന്നലെ മംഗലാപുരത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു മാദ്ധ്യമപ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പൊലീസ് എത്തി മാദ്ധ്യമപ്രവര്‍ത്തകരോട് ഇവിടെ നിന്ന് മാറാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് സംഘത്തെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
മാദ്ധ്യമപ്രവര്‍ത്തകര്‍ ആശുപത്രി പരിസരത്ത് നിന്ന് കടന്നുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ലൈവ് റിപ്പോര്‍ട്ടിങ് തടസപ്പെടുത്തുകയും ചാനലുകളുടെ കാമറകളും റിപ്പോര്‍ട്ടര്‍മാരുടെ മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. മലയാളി മാധ്യമപ്രവര്‍ത്തകര്‍ സംസ്ഥാനം വിട്ടു പോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു. മലയാളി മാദ്ധ്യമപ്രവര്‍ത്തകര്‍ വൈകുന്നേരം വരെ കമ്മിഷണര്‍ ഓഫീസില്‍ ഇരിക്കണം. ഇതിന് തയാറല്ലെങ്കില്‍ മാധ്യമസംഘത്തെ കേരള -കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കൊണ്ടുവിടുമെന്നും പൊലീസ് രാവിലെ പറഞ്ഞു. എന്നാല്‍ എട്ട്ട മണിക്കൂറിനു ശേഷം കര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കൊണ്ടുവന്ന് കേരളപോലീസിന് കൈമാറുകയായിരുന്നു. വെന്‍ലോക് ആശുപത്രി പരിസരത്ത് ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിക്കുന്നത്.പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറാനുള്ള സാദ്ധ്യത കണക്കിലെടുത്ത് മംഗളൂരുവില്‍ നേരത്തേ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കുമ്പോള്‍ തന്നെ ആയിരക്കണക്കിന് ആളുകള്‍ ഇന്നലെ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. കമ്മിഷണര്‍ ഓഫീസിലേക്ക് നീങ്ങിയ പ്രതിഷേധമാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പൊലീസ് ആദ്യം പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും പിന്നീട് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് റബര്‍ ബുള്ളറ്റിന്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തുകയായിരുന്നു. മംഗളൂരു സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മംഗളൂരൂ കമ്മിഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായിരുന്നു കര്‍ഫ്യൂ. കര്‍ണാടകത്തിലെ മുഴുവന്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അഭ്യര്‍ത്ഥിച്ചു. മൊബൈല് ഇന്റര്‍നെറ്റ് സേവനം 48 മണിക്കൂര്‍ നേരത്തേക്ക് വിച്ഛേദിച്ചു. അഭ്യൂഹങ്ങളും പ്രകോപനപരമായ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് തടയാനാണ് നടപടി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar