റഫീഖ് മേമുണ്ട,കൊച്ചു കൊച്ചു കഥകളുടെ സുല്‍ത്താന്‍.

:….അനില്‍പൂക്കോട്…:
വാക്കുകള്‍ അളന്നുമുറിച്ചെഴുതുക എന്നത് സാഹസം നിറഞ്ഞ ശ്രമമാണ്. അക്ഷരങ്ങളുടെ കൊടുമുടിയില്‍ നിന്ന് അതിസാഹസികമായി ആവശ്യമായ വാക്കുകള്‍ മാത്രം തിരഞ്ഞെടുത്ത്, അവയെ അടുക്കും ചിട്ടയോടെയും സമന്വയിപ്പിച്ച്, വായനക്കാരനെ തൃപ്തിപ്പെടുത്തുക എന്നത് സാഹസം നിറഞ്ഞ പ്രവൃത്തിയാണ്. ആ സാഹസികത ഇഷ്ടമുള്ള എഴുത്തുകാരനാണ് ആയിരത്തഞ്ഞൂറോളം മിനിക്കഥകള്‍ എഴുതിയ റഫീഖ് മേമുണ്ട. പ്രവാസത്തിന്റെ തിരക്കും ഒറ്റപ്പെടലും തൊഴില്‍ പ്രശ്‌നങ്ങളും ട്രാഫിക് ബ്ലോക്കുകളും ഒന്നും റഫീഖ് മേമുണ്ടക്ക്
പ്രശ്‌നമേ അല്ല. എഴുതാന്‍ തീരുമാനിച്ചാല്‍,മനസ്സില്‍ കഥ വന്നു മുട്ടിയാല്‍ ട്രാഫിക് സിഗ്നലില്‍ ഇരുന്നും കഥയെഴുതും. അതുകൊണ്ടാണ് ദുബായ് നഗരത്തിലെ ട്രാഫിക് സിഗ്നലിനെ സ്‌നേഹിക്കാന്‍ റഫീഖിന് കഴിയുന്നത്.
ഒരു കഥ പിറക്കുക എന്നാല്‍ റഫീഖിന് വലിയ പേറ്റുനോവൊന്നും അനുഭവിക്കേണ്ടി വരാറില്ല. കാരണം ജവിതത്തില്‍ അനുഭവിക്കുന്ന,അറിയുന്ന വിഷയങ്ങളാണ് കഥകളായി രൂപാന്തരപ്പെടുന്നത്. നാലോ ,അഞ്ചോ വരിയില്‍ അവസാനിക്കും എല്ലാ കഥകളും.ഒറ്റനോട്ടത്തില്‍ വായിച്ചു തീര്‍ക്കാവുന്ന കഥകളാണ് റഫീഖ് മേമുണ്ടയുടെ കുഞ്ഞിക്കഥകള്‍. വായിച്ചു കഴിഞ്ഞാല്‍ വീണ്ടും വീണ്ടും വായിക്കണമെന്നും തോന്നും എന്നതാണ് മേമുണ്ടക്കഥകളുടെ സവിശേഷത. കഥയിലെ ചില പ്രയോഗങ്ങളാണ് കഥയുടെ സാരം അഥവാ ക്ലൈമാക്‌സ്. ഒരു വാക്കുകൊണ്ട് മനസ്സില്‍ ആശയ വേലിയേറ്റം സൃഷ്ടിക്കുക എന്നതാണ് കൊച്ചുകഥകളുടെ രചനാ വെല്ലുവിളി. ആ വെല്ലുവിളി ഏറ്റെടുത്തു വിജയിച്ചു എന്നതാണ് റഫീഖ് മേമുണ്ടയെ മലയാള ചെറുകഥാ രംഗത്ത് ശ്രദദ്ധേയനാക്കുന്നത്.
ഒരു കഥ വായിച്ചു തീരുമ്പോള്‍ മിനുട്ടുകള്‍ മാത്രമെ വായനക്കാരന്‍ എടുത്തിട്ടുണ്ടാവുകയുള്ളു. ആ സമയത്തിനുള്ളില്‍ നാം വായിച്ച അക്ഷരങ്ങളുടെ പൊരുളാവട്ടെ വലിയ ആശയതലങ്ങളില്‍ നമ്മെ കൊണ്ടു ചെന്നെത്തിക്കുകയും ചെയ്യും. പറയാനുള്ളത് നേര്‍ക്കുനേര്‍ പറയുക. പക്ഷെ, ആ വാക്കുകളുടെ പ്രയോഗത്തിലെ ട്വിസ്റ്റാണ് മുഖ്യം. വായനക്കാരന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ വേരിറങ്ങുന്ന ഒരു ചിന്ത,ഒരു നോട്ടം അതാണ് റഫീഖിന്റെ കഥ. വിരസതയെ വെല്ലുവിളിക്കുന്ന കുറുകിയ വാക്കുകളാണ് റഫീഖിന്റെ ഓരോ കഥകളും. ലോകത്തിന്റെ പരിച്ഛേദമായ വലിയ നഗരത്തിന്റെ തിരക്കുകളില്‍ വഴുക്കി നീങ്ങുമ്പോള്‍ സിഗ്നല്‍ സ്റ്റോപ്പുകളില്‍ നിന്നാണ് താന്‍ കഥകളെഴുതുന്നതെന്ന് റഫീക്ക് പറയാറുണ്ട്. പലയിടങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്ന സര്‍ഗ്ഗശേഷിയുള്ള മനുഷ്യരാണല്ലോ സാഹിത്യ സൃഷ്ടികള്‍ നടത്താറുള്ളത്. അങ്ങനെ നഗരത്തിരക്കില്‍ ഒറ്റപ്പെട്ടുപോയ കച്ചവടക്കാരനായ റഫീഖ് തന്റെ കുഞ്ഞിക്കഥകളിലൂടെ ഒരു ക്യാമറകാഴ്ചയിലെന്നപോലെ ചില സ്‌നാപ്പുകള്‍ നമ്മെ കാണിക്കുന്നു. തന്നിലെ കഥയെഴുത്തുകാരനെ റഫീഖ് നോക്കി കാണുന്നതിങ്ങനെയാണ്. ‘കഥയെഴുതിയെഴുതി കഥയില്ലാത്തവനായി.” ഒരു പക്ഷേ റഫീഖിന്റെ കഥാസമാഹാരത്തിലെ ഏറ്റവും ചെറിയ കഥയും ഇതായിരിക്കും. മറ്റൊരു കഥ ഇങ്ങനെയാണ് . ‘പ്രേമം ഒരുവളില്‍മാത്രം ഒതുങ്ങുന്നില്ല എന്ന് മനസ്സിലാക്കിയ കാമുകന്‍ വെറുതെ നിനച്ചുപോയി പ്രേമത്തിന് പൂട്ടിടാന്‍ പറ്റിയിരുന്നെങ്കില്‍’ – എന്ന്. പുതുകാലത്തെ കാമുകന്മാരുടെയെല്ലാം മനസ്സിലിരിപ്പ് വായിച്ചെടുക്കുകയാണ് കഥാകൃത്ത്. മറ്റൊരു കഥ ഇങ്ങനെയാണ്. ‘കൊലയാളിയുടെ മൊഴി പ്രകാരം പ്രേരണാകുറ്റത്തിന് ദൈവത്തെ അറസ്റ്റ് ചെയ്തു.’ കഥാകൃത്ത് അനുഭവിക്കുന്ന ആത്മീയസ്വാതന്ത്ര്യം കൊണ്ടുതന്നെയാണ് ഇങ്ങനെ കഥയെഴുതാന്‍ അദ്ദേഹത്തിന് സാധിക്കുന്നത്.
”ചാവേര്‍” എന്ന റഫീഖിന്റെ കഥ നോക്കുക. ‘നിനക്ക് വേണ്ടി ഞാന്‍ ചാവേറാകാന്‍ തയ്യാറാണെന്ന് പറഞ്ഞപ്പോള്‍ എന്നില്‍ വിശ്വസിച്ച് മനുഷ്യരായി ജീവിക്കുന്നവരെയാണെനിക്കിഷ്ടമെന്ന് ദൈവം പ്രതിവചിച്ചു.’ വര്‍ത്തമാനവുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്ന ഒരു കഥയാണിത്. ഉന്നതമായ മാനവീക ബോധമാണ് ഈ കഥ മുന്നോട്ടുവെക്കുന്നത്. ദൈവത്തിന് ഏറ്റവും കൂടുതല്‍ വിശ്വാസം നല്ല മനുഷ്യരെയാണ്. അല്ലാതെ ആര്‍ക്കോവേണ്ടി ചാവേറുകളാകുന്നവരെയല്ല. എന്ന തീര്‍പ്പ് തീര്‍ച്ചയായും മാനവികതയുടെ കൊടിയുയര്‍ത്തിപ്പിടിക്കുന്ന ഒരെഴുത്തുകാരന്റേതാണ്. ‘കുടിയിറക്കല്‍’ എന്ന കഥ എഴുത്തുകാരന്റെ പക്ഷം വെളിവാക്കുന്നതാണ്. ‘കുടിയിറക്കാന്‍ ചെന്ന പോലീസുകാരനോട് സ്വന്തമായി ഒരിഞ്ചു ഭൂമിപോലുമില്ലാത്തതുകൊണ്ടാണ് സാറേ എന്നയാള്‍ പറഞ്ഞു. സ്വന്തമായി ഭൂമിയില്ലാത്തവനെന്തിനാ ഭൂമിക്ക് ഭാരമായി കഴിയുന്നതെന്ന് പറഞ്ഞ് നിറയൊഴിച്ചു.’ ആദിവാസികളോടും ദളിതരോടും കിടപ്പാടമില്ലാത്തവരോടുമുള്ള ഭരണകൂടത്തിന്റെ മനോഭാവമാണ് ഈ കഥ പറയുന്നത്. ഏറ്റവും പുതിയ കാലത്തോടുള്ള പ്രതികരണമാണ് ‘ഗ്രൂപ്പ്’ എന്ന കഥ. ‘വാട്‌സ് ആപ്പ് വന്നതിനുശേഷമാണ് ഒന്നിലേറെ ഗ്രൂപ്പുകളില്‍ ഒരേ സമയം പ്രവര്‍ത്തിക്കാമെന്ന് അയാള്‍ക്ക് ബോധ്യമായത്.’ ജീവിതത്തിന്റെ ഭിന്നവ്യാഖ്യാനങ്ങള്‍ ഉപഭോഗവസ്തുക്കള്‍ക്കൊപ്പം തന്നെ വിറ്റഴിക്കപ്പെടുന്ന സജീവമായ കമ്പോളത്തിലാണ് താനെന്നബോധം എഴുത്തുകാരനെ അലട്ടുന്നുണ്ട്. ഈ അലട്ടല്‍ ചിലപ്പോള്‍ കവിതയാണോ കഥയാണോ എന്ന സംശയം ജനിപ്പിക്കുന്നു.
റഫീഖിന്റെ കഥകളില്‍ പലയിടങ്ങളിലും ഒരു ബഷീറിയന്‍ നര്‍മം നുരയുന്നതായി കാണാം. എം.എന്‍.വിജയന്‍മാഷിനോട് ‘മരുഭൂമികള്‍ പൂക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’ എന്ന് ശ്വാസം വിടാന്‍ പ്രയാസപ്പെട്ടുകൊണ്ട് ബഷീര്‍ ഒരിക്കല്‍ പറഞ്ഞിരുന്നുവത്രേ. അദ്ദേഹമത് തന്റെ കഥകളിലൂടെ ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇവിടെ യഥാര്‍ഥ മരുഭൂമിയില്‍നിന്നുകൊണ്ടൊരാള്‍ കഥകള്‍ ഏറ്റുപറയുന്നു. മനുഷ്യരുടെ ജീവിതത്തിന്റെ ദുരന്തങ്ങള്‍ക്ക് അഭിമുഖമായി നിന്നുകൊണ്ടാണ് കഥാകൃത്ത് എഴുതുന്നത്. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഥാകൃത്ത് യത്‌നിക്കുന്നുമില്ല. എന്നാല്‍ ഇന്നതൊക്കെയാണ് പ്രശ്‌നങ്ങള്‍ എന്ന ഒരു ചൂണ്ടല്‍. കച്ചവടങ്ങളുടെ തിരക്കുകള്‍ക്കിടയില്‍നിന്ന് ആയിരത്തിലേറെ കുഞ്ഞിക്കഥകള്‍ റഫീഖ് എഴുതിക്കഴിഞ്ഞിരിക്കുന്നു. അവതാരികയില്‍ ബെന്യാമിന്‍ സൂചിപ്പിക്കുന്നതുപോലെ ‘ഒരു തന്മാത്രയില്‍ മഹാവിസ്‌ഫോടനത്തിനുള്ള ഊര്‍ജ്ജം ഒളിച്ചിരിക്കുന്നതുപോലെ, കടുകുമണിയില്‍ ഒരു പൊട്ടിത്തെറി മറഞ്ഞിരിക്കുന്നതുപോലെ, മഞ്ചാടിക്കുരുവില്‍ സൗന്ദര്യം അടയിരിക്കുന്നതുപോലെ ,ഇവിടെയിതാ കുറച്ച് ഒറ്റവരിക്കഥകള്‍’. ഈ കുഞ്ഞു വിസ്മയങ്ങള്‍ തന്നെയാണ് കുഞ്ഞിക്കഥകളുടെ മുത്തുക്കച്ചവടക്കാരനായി റഫീഖിനെ മാറ്റുന്നത്.
സാമ്പ്രദായികതയുടെ ബദലെഴുത്താണ് റഫീഖിന്റെ കവിതകള്‍.നാഗരീകതയുടെ കുത്തൊഴുക്കില്‍പെട്ടുപോയവന്റെ ഒറ്റയാള്‍ സമരമായ ധീരമായ എഴുത്താണ് റഫീഖിന്റെ എല്ലാ രചനകളും എന്നു പറയാം.ലൗ ജുനൂന്‍ (കവിതകള്‍), മണ്ടലിയെ തിന്നുന്ന മലയാളി(കഥകള്‍),തൂങ്ങി മരണം റിയാലിറ്റി ഷോയിലൂടെ(കഥകള്‍)ജലപാതകം (കഥകള്‍) പ്രവാസി(കഥകള്‍) എന്നീ പുസ്തകങ്ങള്‍ പ്രകാശിതമായിട്ടുണ്ട്. കുഞ്ഞിക്കഥകളുടെ അറബി ഇംഗ്ലീഷ് പതിപ്പുകള്‍ ഉടനെ വിപണിയിലെത്തും. അറബ് ജനതയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനാല്‍ അറബ് സാഹിത്യ പരിപാടികളില്‍ റഫീഖ് സജീവ സാന്നിദ്ധ്യമാണ്. നിരവധി വേദികളില്‍ മലയാള സാഹിത്യത്തെക്കുറിച്ച് ഗഹനമായ പ്രസംഗം നടത്തിയിട്ടുണ്ട്. മാത്രവുമല്ല അറബ് സാഹിത്യലോകത്തെ പ്രശസ്തരുമായി നല്ല ചങ്ങാത്തം സൂക്ഷിക്കുവാനും അറബ് ഭാഷാ സ്വാധീനം സഹായിച്ചിച്ചുണ്ട്. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിനോക്കിയതിനാല്‍ ലഭിച്ച ഭാഷാ സമ്പത്താണ് റഫീഖിന്റെ ഏറ്റവും വലിയ സമ്പാദ്യം. തനിക്കു പറയാനുള്ളവ ചുരുക്കിപറയുക എന്നതാണ് ഈ കഥാകൃത്തിന്റെ ശൈലി. ഇതുകൊണ്ടു തന്നെ നവമാധ്യമ ലോകത്ത് റഫീഖിന്റെ കഥയും കവതയും പ്രചുരപ്രചാരം നേടുന്നു. കോഴിക്കോട് ജില്ലക്കാരനായ റഫീഖ് രണ്ടുപതിറ്റാണ്ടിലേറെയായി ദുബായിലാണ് ജോലിചെയ്യുന്നത്.
0 Comments